Sorry, you need to enable JavaScript to visit this website.

തിരൂരങ്ങാടിയിൽ നോട്ടീസ് പതിച്ചത് കാന്തപുരം സുന്നി പ്രവർത്തകന്റെ വീട്ടിൽ, പകച്ച് മൊയ്തീൻ കുട്ടി

മലപ്പുറം- പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിലുണ്ടായ അക്രമ സംഭവങ്ങളെത്തുടർന്നു മലപ്പുറം തിരൂരങ്ങാടിയിൽ സ്വത്ത് കണ്ടുകെട്ടാൻ നോട്ടീസ് പതിച്ചത് കാന്തപുരം അബൂബക്കർ മുസ്്‌ലിയാർ നേതൃത്വം നൽകുന്ന സമസ്തയുടെ പ്രവർത്തകന്റെ വീട്ടിൽ. ചെമ്മാട് സി.കെ നഗറിൽ പള്ളിയാളി മൊയ്തീൻ കുട്ടിയുടെ വീട്ടിലാണ് നോട്ടീസ് പതിച്ചത്. വീട്ടിൽ പലഹാരമുണ്ടാക്കി കടകളിൽ കൊണ്ടുപോയി വിറ്റ് കുടുംബം പുലർത്തുന്നയാളാണ് മൊയ്തീൻ കുട്ടി. ഒരു നിലക്കും പോപ്പുലർ ഫ്രണ്ടുമായോ അനുബന്ധ സംഘടനകളുമായോ ബന്ധമില്ലാത്ത മൊയ്തീൻ കുട്ടിയുടെ വീട്ടിൽ നോട്ടീസ് പതിച്ചതിന്റെ ഞെട്ടലിലാണ് എല്ലാവരും. പോലീസ്-റവന്യൂ അധികാരികളുടെ നടപടിക്കെതിരെ ജില്ലാ പോലീസ് സൂപ്രണ്ടിന് മൊയ്തീൻ കുട്ടി പരാതി നൽകി. 
മലപ്പുറം ജില്ലയിൽ രണ്ടു ദിവസങ്ങളിലായി ജില്ലയിൽ 126 സ്വത്തുവകകളാണ് കണ്ടുകെട്ടി നോട്ടീസ് പതിച്ചത്.  നഷ്ടപരിഹാരം ഈടാക്കുന്നതിനായി തയാറാക്കിയ പട്ടിക പ്രകാരമുള്ള മുഴുവൻ പേരുടെ വസ്തുവകകളിലും റവന്യൂ റിക്കവറി വിഭാഗം നോട്ടീസ് പതിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടതൽ കേസുകളിൽ നടപടി സ്വീകരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. വെള്ളിയാഴ്ച്ചയാണ് റവന്യൂ വകുപ്പ് നടപടികൾ തുടങ്ങിയത്. 
മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതൽ പേരുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടാനുള്ളതു കാരണമാണ് നടപടികൾ ജില്ലയിൽ രണ്ടു ദിവസത്തേക്ക് നീണ്ടത്.  മഞ്ചേരിയിൽ 8.51 ഹെക്ടർ ഭൂമി കണ്ടുകെട്ടി. പയ്യനാട് വില്ലേജിൽ മാഞ്ചേരി പുതിയേടത്ത് ഉണ്ണിമുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള 2.84 ഹെക്ടർ ഭൂമിയും നറുകര വില്ലേജിൽ ഓവുങ്ങൽ മുഹമ്മദ് അബ്ദുൾ സലാമിന്റെ ഉടമസ്ഥതയിലുള്ള 5.67 ഹെക്ടർ ഭൂമിയുമാണ് റവന്യൂ റിക്കവറിയുടെ ഭാഗമായി പിടിച്ചെടുത്തത്.   ഹർത്താലിനോടനുബന്ധിച്ച് 18 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.  ഇതിൽ 13 കേസുകളിലും അറ്റാച്ച്‌മെന്റ് പൂർത്തിയായി.     അവശേഷിക്കുന്ന അഞ്ചെണ്ണം ചില സാങ്കേതിക കാരണങ്ങളാൽ പൂർത്തിയാക്കാനായില്ല.  ഒരു ഭൂമിയിൽ വഴി പ്രശ്നങ്ങൾ നില നിൽക്കുന്നതിനാലും മറ്റൊന്ന് സർക്കാർ ഭൂമിയായതിനാലുമാണ് അറ്റാച്ച്മെന്റ് പൂർത്തിയാക്കാനാകാത്തതെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. മൂന്നു കേസുകളിൽ നേതാക്കൻമാർ സ്വന്തം പേരിൽ നിന്നു നേരത്തെ തന്നെ മാറ്റിയിരുന്നു.  കാവനൂരിൽ മൂന്നിടങ്ങളിൽ ജപ്തി നടന്നു.  മലപ്പുറം, മേൽമുറി, പാണ്ടിക്കാട് വില്ലേജുകളിൽ രണ്ടു വീതവും എടവണ്ണ, പയ്യനാട്, നറുകര, പാണക്കാട് വില്ലേജുകളിൽ ഒരോന്നു വീതവുമാണ് ജപ്തി ചെയ്തത്. 
തിരൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ നടപടി.  ഏറെ നീണ്ടതും തിരൂരിലാണ്. തിരൂരിൽ മാത്രം 43 കേസുകളിലാണ് സ്വത്ത് വകകൾ കണ്ടുകെട്ടൽ നടപടി സ്വീകരിച്ചത്.  തഹസിൽദാരുമാരുടെ നിർദേശ പ്രകാരം വില്ലേജ് ഓഫീസ് അധികൃതരാണ് നടപടി സ്വീകരിച്ചത്.  ജപ്തി നടപടി പൂർത്തിയാക്കുന്നതിനു മലപ്പുറം ജില്ലയിൽ സംഘർഷ സാധ്യത കണക്കിലെടുത്തു പോലീസിന്റെയും സ്ഥലനിർണയത്തിന് സർവേയർമാരുടെയും റവന്യൂ റിക്കവറി വിഭാഗം സഹായം തേടിയിരുന്നു. എന്നാൽ  ഹർത്താലുമായി  ബന്ധമില്ലാത്തവരുടെ വീടുകളിലും നോട്ടീസ് പതിച്ചുവെന്നു പരാതി ഉയരുന്നുണ്ട്.  റവന്യൂ കമ്മീഷണർ കത്ത് നൽകിയത് പ്രകാരം നടപടിയെടുക്കേണ്ടവരുടെ പട്ടികയുടെ അടിസ്ഥാനത്തിലാണ് വകുപ്പ് മുന്നോട്ടു പോകുന്നതെന്നു റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടർ എം.സി റെജിൽ വ്യക്തമാക്കി.

 


 

Latest News