Sorry, you need to enable JavaScript to visit this website.

മലയോര ജനതയുടെ മനസില്‍  തീകോരിയിട്ടത് ഗാഡ്ഗില്‍-വനംമന്ത്രി

തിരുവനന്തപുരം-മാധവ് ഗാഡ്ഗിലിനെ പോലുള്ളവര്‍ മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടെന്നെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുതല്‍ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കര്‍ഷകര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു.
ആരെയും കൊല്ലാനല്ല. ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകേണ്ടത്. വന്യമൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും അവരുടേതായ അവകാശമുണ്ട്. ഇത് രണ്ടും ലോകത്തിലെ സൃഷ്ടികളാണ് എന്ന വസ്തുത മറന്നുപോകരുതെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് 'പിടി7'നെ പിടികൂടാന്‍ വനവകുപ്പ് ഇതുവരെ നടത്തിയ ഏറ്റവും വലിയ ദൗത്യമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വന്യമൃഗ ശല്യം ഒഴിവാക്കാന്‍ വൈത്തിരി മോഡല്‍ ജനകീയ പ്രതിരോധം മാതൃകയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ, നിയന്ത്രിത വന്യമൃഗ വേട്ടയ്ക്ക് അനുമതി നല്‍കണമെന്ന് പരിസ്ഥിതി ഗവേഷകന്‍ മാധവ് ഗാഡ്ഗില്‍. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഗാഡ്ഗില്‍ ഒരു ടിവി ചാനലിനോട്  പറഞ്ഞു. വന്യജീവികളുടെ എണ്ണത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ പലതും നുണയാണ്.  ഒരു മനുഷ്യനെ കടുവ ആക്രമിക്കുകയോ കൊല്ലുകയോ അല്ലെങ്കില്‍ അയാളുടെ കൃഷിഭൂമി കാട്ടുപന്നികള്‍ നശിപ്പിക്കുകയോ ചെയ്താല്‍ നിലവില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്.  സംരക്ഷിത വനമേഖലയ്ക്ക് പുറത്തിറങ്ങി മനുഷ്യന്റെ ആവാസ്ഥ മേഖലയില്‍ അതിക്രമിച്ചു കടക്കുന്ന വന്യജീവികളെ കൊല്ലുന്നതില്‍ തെറ്റില്ല. ഇന്ത്യയില്‍ മാത്രമാണ് രാജ്യവ്യാപകമായി മൃഗവേട്ടയ്ക്ക് നിരോധനമുള്ളത്. ഇതിന്റെ ആവശ്യമില്ല കാട്ടുപ്പന്നികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. കാട്ടുപ്പന്നികളുടേയും കടുവകളുടേയും ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്, വന്യജീവികള്‍ക്ക് മനുഷ്യനെ കൊല്ലാം സ്വയംരക്ഷയ്ക്ക് പോലും വന്യജീവികളെ കൊല്ലാന്‍ പാടില്ലെന്നുമുള്ള നിലപാട് മണ്ടത്തരമാണ്.  കാട്ടിലുള്ള വന്യമൃഗങ്ങളുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമുള്ള കണക്കുകള്‍ പലതും നുണയാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി കൊണ്ടുള്ള വന്യജീവിസംരക്ഷണമാണ് വേണ്ടത്. വന്യജീവി സംരക്ഷണം സംബന്ധിച്ച നിലവില്‍ നയങ്ങളില്‍ പുനപരിശോധന ആവശ്യമാണ്-ഗാഡ്ഗില്‍ പറഞ്ഞു. 


 

Latest News