ഇടുക്കി- മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്ക് രാത്രികാല സവാരിക്ക് വിലക്കേര്‍പ്പെടുത്തി. ദേവികുളം എം.എല്‍.എ അഡ്വ. എ. രാജയുടെ നേതൃത്വത്തില്‍ കൂടിയ സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം.
മൂന്നാറില്‍ രാത്രികാലങ്ങളില്‍ ആനച്ചാല്‍,ചെങ്കുളം,പോതമേട്,ലക്ഷ്മി എസ്റ്റേറ്റ് മേഖലകള്‍ കേന്ദ്രീകരിച്ച് വിനോദ സഞ്ചാരികളുടെ നിരവധി വാഹനങ്ങളാണ് ദിനംപ്രതി എത്തുന്നത്. ആക്രമണകാരികളായ കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമ്യഗങ്ങള്‍ വിനോദസഞ്ചാരികളെ ആക്രമിക്കുന്ന സാഹചര്യവുമുണ്ട്. ഇത് കണക്കിലെടുത്താണ് രാത്രി സവാരി അടക്കമുള്ള വിനോദ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്താന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചത്. ഇത്തരം വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിന് പോലീസിനും ഫോറസ്റ്റിനും ദേവികുളം സബ് കലക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ നിര്‍ദേശം നല്‍കി.
രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് നിയന്ത്രണം. കാട്ടിലെത്തി വന്യമ്യഗങ്ങളെ ശല്യപ്പെടുത്തുന്നതാണ് കാട്ടാനയടക്കമുള്ളവ ജനവാസമേഖലയില്‍ ഇറങ്ങാന്‍ കാരണമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. പൊതുജനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ബോധവത്കരണം നല്‍കുന്നതിനും യോഗം തീരുമാനിച്ചു.