കൊല്ലം-ദേശീയപാത വികസനം പൂര്‍ത്തിയാകുമ്പോള്‍ സ്ഥാപിക്കാനുള്ള ടോള്‍ ബൂത്തുകളുടെ സ്ഥലനിര്‍ണ്ണയം ഉടന്‍ നടത്തും. സംസ്ഥാനത്ത് 589 കിലോമീറ്റര്‍ റോഡ് വികസിപ്പിക്കുമ്പോള്‍ 11 ടോള്‍ ബൂത്തുകള്‍ നിലവില്‍വരും. 50മുതല്‍ 60 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഒരു ടോള്‍ബൂത്ത് എന്ന നിലയിലാണ് ക്രമീകരണം. ബൂത്ത് സ്ഥാപിക്കുന്നത് സംബന്ധിച്ച് ഏകദേശ ധാരണയായെങ്കിലും കൃത്യസ്ഥലം തീരുമാനിച്ചിട്ടില്ല. ദേശീയപാത അതോറിട്ടി നേരിട്ടാകും ടോള്‍ പിരിക്കുക. റോഡിന്റെ നിര്‍മാണച്ചെലവ് പൂര്‍ണമായി പിരിച്ചെടുത്തു കഴിഞ്ഞാല്‍ ടോള്‍ തുക 40ശതമാനമായി കുറയ്ക്കാനാണ് ധാരണ. നിലവില്‍ ഫാസ്ടാഗ് ഉപയോഗിക്കാവുന്ന ടോള്‍ ബൂത്തുകളാണു പദ്ധതിയിലുള്ളതെങ്കിലും ജി.പി.എസ് അധിഷ്ഠിത ടോള്‍ പിരിവും പരിഗണനയിലുണ്ട്. ദേശീയപാതയ്ക്കായി 45 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുത്തത്. 27 മീറ്റര്‍ വീതിയില്‍ അര മീറ്റര്‍ മീഡിയനോടു കൂടിയ ആറുവരിപ്പാതയായിരിക്കും വരിക. ഇരുവശങ്ങളിലും ഏഴ് മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡുകളും ഒന്നര മീറ്റര്‍ വീതിയുള്ള യൂട്ടിലിറ്റി കോറിഡോറും ഉണ്ടാകും.