മസ്‌കത്ത്- ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഒമാനിലെ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. യെമനിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അറബിക്കടലില്‍ രൂപം കൊണ്ട മെകുനു കൊടുങ്കാറ്റ് കാറ്റഗറി ഒന്ന് വിഭാഗത്തില്‍ പെടുന്ന ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. നിലവില്‍ കാറ്റിന് മണിക്കൂറില്‍ 135 മുതല്‍ 117 കിലോമീറ്റര്‍ വരെയാണ് വേഗത. സലാല തീരത്തേക്ക് അടുക്കുന്ന ചുഴലിക്കാറ്റ് അടുത്ത 36 മണിക്കൂറിനുള്ളില്‍ ശക്തിയാര്‍ജിച്ച് കാറ്റഗറി രണ്ട് വിഭാഗത്തിലേക്ക് മാറാന്‍ സാധ്യതയുണ്ട്. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് കരുതുന്നു. ചുഴലിക്കാറ്റ് രൂക്ഷമായി ബാധിക്കാനിടയുള്ള ഹലാനിയത്ത് ദ്വീപില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. റോയല്‍ എയര്‍ഫോഴ്‌സിന്റെ ഹെലിക്കോപ്റ്ററുകളിലാണ് ആളുകളെ മാറ്റിയത്.
രണ്ടു ഗവര്‍ണറേറ്റുകളിലും വ്യാഴാഴ്ച ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. കാറ്റ് തീരത്തെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ കാറ്റും മിന്നലോടെയുള്ള കനത്ത മഴയും പ്രവചിക്കുന്നു. തിരമാലകള്‍ അഞ്ചു മുതല്‍ എട്ടു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. തെക്കന്‍ ശര്‍ഖിയ മേഖലയിലും കടല്‍ പ്രക്ഷുബ്ധമായിരിക്കും. ഇവിടെ തിരമാലകള്‍ മൂന്നുമുതല്‍ നാലുമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.