റിയാദ്-സൗദിയും ലോകവും കാത്തിരിക്കുന്ന ഫുട്‌ബോൾ പോരാട്ടത്തിനായി സൂപ്പർ താരങ്ങളായി ലിയണൽ മെസ്സിയും കിലിയൻ എംബപ്പെയും നെയ്മാറും അഷ്‌റഫ് ഹാക്കിമിയും അടങ്ങുന്ന ഫുട്‌ബോൾ താരനിര റിയാദിലെത്തി. പൂമാലയിട്ടാണ് മെസിയെയും സംഘത്തെയും റിയാദില്‍ സ്വീകരിച്ചത്. ഇന്നലെ രാത്രി ഖത്തറിൽ തങ്ങിയ ശേഷമാണ് റിയാസ് സീസൺ കപ്പ് ഫുട്‌ബോൾ മത്സരത്തിനായാണ് പി.എസ്.ജി എത്തുന്നത്. പോർച്ചുഗീസ് താരവും സൗദിയിലെ അന്നസ്്ർ താരവുമായ ക്രിസ്റ്റിയാനോ റൊണാൾഡോ നയിക്കുന്ന റിയാദ് സീസൺ ടീമുമായാണ് പി.എസ്.ജി മാറ്റുരക്കുക. ഇന്ന് രാത്രി എട്ടിന് കിംഗ് ഫഹദ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്നലെ ഖത്തറിലെ ഖലീഫ സ്‌റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയ പി.എസ്.ജി സംഘം അതിന് ശേഷമാണ് സൗദിയിലേക്ക് തിരിച്ചത്. പാരീസിൽനിന്ന് ഖത്തർ എയർലൈൻസിന്റെ പ്രത്യേക വിമാനത്തിലാണ് സംഘം ഖത്തറിലെത്തിയത്. പി.എസ്.ജിയുടെ വിവിധ സ്‌പോൺസർമാരുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം ഖലീഫ സ്‌റ്റേഡിയത്തിൽ ആരാധകർക്ക് മുന്നിൽ പരിശീലനവും നടത്തി. റിയാദ് സീസൺ സ്റ്റാർസ് ടീമിനെ നയിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജി.ഇ.എ) തലവൻ തുർക്കി അൽ ഷെയ്ഖാണ് റൊണാൾഡോയാണ് ടീമിനെ നയിക്കുന്ന കാര്യം അറിയിച്ചത്. റൊണാൾഡോയ്ക്ക് ക്യാപ്റ്റൻ ബാഡ്ജ് കഴിഞ്ഞദിവസം കൈമാറി. അന്നസ്ർ, അൽഹിലാൽ എന്നീ ക്ലബ്ബുകളുടെ സംയുക്ത ടീമാണ് പി.എസ്.ജിയെ നേരിടുന്നത്. റിയാദ് ടീമിൽ അൽഹിലാലിന്റെ മാത്യൂസ് പെരേര, ഒഡിയൻ ഇഗാലോ, അൽവാരോ ഗോൺസാലസ്, താലിസ്‌ക എന്നിവരുമുണ്ട്. അർജന്റീനിയൻ പരിശീലകൻ മാർസെലോ ഗല്ലാർഡോയാണ് റിയാദ് സീസൺ ടീമിന്റെ കോച്ച്. മത്സരത്തിന് മുമ്പ് തന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു.
ഖത്തറിൽ സമാപിച്ച ലോകകപ്പിൽ ക്രിസ്റ്റ്യാനോയുടെ പോർച്ചുഗൽ ടീമിനും മെസ്സിയുടെ അർജന്റീന ടീമിനും പരസ്പരം ഏറ്റുമുട്ടാൻ അവസരം ലഭിച്ചിരുന്നില്ല. റിയാദിൽ ഇന്ന് നടക്കുന്ന മത്സരം ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്‌ബോൾ ക്ലബിൽനിന്നുള്ള വിവാദപരമായ പുറത്താകലിന് ശേഷം സൗദി ക്ലബ്ബിലെത്തിയ ക്രിസ്റ്റ്യാനോയുടെ ആദ്യ മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. അതുകൊണ്ട് തന്നെ ഫുട്‌ബോൾ ലോകം മൊത്തത്തിൽ ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റ മത്സരത്തിന്റെ ആകാംക്ഷയിലാണ്.
അതേസമയം, ഇന്ന് റിയാദിൽ നടക്കുന്ന സ്വപ്‌ന മത്സരത്തിലെ ഗോൾഡൻ ടിക്കറ്റ് വ്യവസായ പ്രമുഖൻ മുശറഫ് അൽഗാംദിക്കു തന്നെ. ടിക്കറ്റിനു വേണ്ടി നടന്ന പത്തു ദിവസത്തോളം നീണ്ട വാശിയേറിയ ലേലത്തിൽ മുശറഫ് അൽഗാംദി ദിവസങ്ങൾക്കു മുമ്പ് ഒരു കോടി റിയാൽ ഓഫർ ചെയ്തിരുന്നു. ലേലം അവസാനിക്കാൻ ദിവസങ്ങൾ ബാക്കിയുണ്ടായിട്ടും മറ്റാരും ഇതിൽ ഉയർന്ന തുക വാഗ്ദാനം ചെയ്ത് മുന്നോട്ടു വരാത്തതിനെ തുടർന്നാണ് മുശറഫ് അൽഗാംദി ഓഫർ ചെയ്ത തുകക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 വരെയാണ് ലേലത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്. ഇന്ന് രാത്രി 8.30 ന് 70,000 സീറ്റുകളുള്ള റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിലാണ് സ്വപ്‌ന മത്സരം നടക്കുക.
ഈ വർഷത്തെ റിയാദ് സീസൺ ശീർഷകം ആയ സങ്കൽപത്തിനും അപ്പുറം എന്ന പേരിട്ടാണ് ഗോൾഡൻ ടിക്കറ്റ് വിൽപനക്ക് ലേലം സംഘടിപ്പിച്ചത്. ഗോൾഡൻ ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന തുക മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഇഹ്‌സാൻ പ്ലാറ്റ്‌ഫോമിന് കൈമാറുമെന്ന് ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് അറിയിച്ചിട്ടുണ്ട്. കളിക്കാരുടെ ഡ്രസിംഗ് റൂമിലേക്ക് പ്രവേശനം, വിജയിക്കുന്ന ടീമിനൊപ്പം ഗ്രൂപ്പ് ഫോട്ടോ, കപ്പ് സമ്മാന ചടങ്ങിൽ പങ്കെടുക്കൽ, കളിക്കാർക്കാർക്കൊപ്പം ഭക്ഷണം കഴിക്കാൻ അവസരം എന്നിവ അടക്കം നിരവധി അപൂർവ സവിശേഷതകൾ ഗോൾഡൻ ടിക്കറ്റ് സ്വന്തമാക്കിയ മുശറഫ് അൽഗാംദിക്ക് ലഭിക്കും.
റൊണാൾഡോയും മെസ്സിയും നേരിട്ട് ഏറ്റുമുട്ടുന്ന സ്വപ്‌ന മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം റെക്കോർഡ് സമയത്തിനകം വിറ്റുപോയിരുന്നു. ടിക്കറ്റ് തേടി സൗദിയിൽ നിന്നും ലോക രാജ്യങ്ങളിൽ നിന്നും വാട്‌സ് ആപ് മെസേജുകൾ പ്രവഹിക്കാൻ തുടങ്ങിയതോടെ അഞ്ചു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്യാൻ താൻ നിർബന്ധിതനായതായി തുർക്കി ആലുശൈഖ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഒരു ഗോൾഡൻ ടിക്കറ്റ് ലേലത്തിൽ വിൽക്കാനുള്ള തീരുമാനം തുർക്കി ആലുശൈഖ് പ്രഖ്യാപിച്ചത്.
പത്തു ലക്ഷം റിയാലിൽ കുറവ് തുക ഓഫർ ചെയ്ത് ആരും മുന്നോട്ടു വരരുതെന്ന് തുർക്കി ആലുശൈഖ് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. ടിക്കറ്റ് ലേലം ആരംഭിച്ച് നിമിഷങ്ങൾക്കകം സൗദി വ്യവസായി അബ്ദുൽ അസീസ് ബഗ്‌ലഫ് 25 ലക്ഷം റിയാൽ വാഗ്ദാനം ചെയ്തു. വൈകാതെ ടിക്കറ്റ് സ്വന്തമാക്കാനുള്ള ലേലത്തിന് വാശിയേറുകയും നിരവധി വ്യവസായികൾ ലേലത്തിൽ പങ്കെടുക്കുകയും ചെയ്തു. മുശറഫ് അൽഗാംദി തുടക്കത്തിൽ 70 ലക്ഷം റിയാലാണ് ടിക്കറ്റിന് ഓഫർ ചെയ്തത്. വാശി മുറുകിയതോടെ ഇദ്ദേഹം പിന്നീട് ഓഫർ തുക 90 ലക്ഷമായും വൈകാതെ ഒരു കോടി റിയാലായും ഉയർത്തുകയായിരുന്നു. ടിക്കറ്റ് ലേലത്തിലൂടെ ആകെ 1.2 കോടി റിയാൽ ലഭിച്ചതായി തുർക്കി ആലുശൈഖ് അറിയിച്ചു. ലേലത്തിൽ ആദ്യമായി പങ്കെടുത്ത് ടിക്കറ്റിന് 25 ലക്ഷം റിയാൽ ഓഫർ ചെയ്ത വ്യവസായി അബ്ദുൽ അസീസ് ബഗ്‌ലഫ് 20 ലക്ഷം റിയാൽ സംഭാവന ചെയ്തതായും തുർക്കി ആലുശൈഖ് അറിയിച്ചു.