തിരുവനന്തപുരം- കെ.എസ്.ആര്‍.ടി.സി സിഫ്ടിനായി 263 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നു. 12 മീറ്റര്‍ നീളമുള്ള 150ഉം ഒന്‍പത് മീറ്റര്‍ നീളമുള്ള 113 ഉം ബസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. ബസുകള്‍ തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ സര്‍വീസിന് എത്തിക്കും. ഇപ്പോള്‍ സ്വിഫ്ടിന്റെ 40 ഇ ബസുകള്‍ തിരുവനന്തപുരം സിറ്റി സര്‍ക്കുലറുകളാണ്. 50 ബസുകള്‍ ഓര്‍ഡര്‍ ചെയ്തതില്‍ പത്തെണ്ണം കൂടി കിട്ടാനുണ്ട്. തലസ്ഥാന നഗരത്തില്‍ ഇലക്ട്രിക് ബസുകള്‍ മാത്രം ഓടിക്കാനാണ് നീക്കം.
ബസുകള്‍ ഇലക്ട്രിക് ആക്കാനുള്ള പ്രധാന തടസം ബാറ്ററി മാറ്റുന്ന സൈ്വപിംഗ് സ്റ്റേഷനുകള്‍ ഇല്ലാത്തതാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. 50 കിലോമീറ്റര്‍ ഇടവിട്ട് ഇതിനുള്ള സൗകര്യം ഒരുക്കണം. ഇലക്ട്രിക് ബസുകള്‍ വര്‍ദ്ധിക്കാത്തതിന് പല കാരണങ്ങളുണ്ട്. നിര്‍മ്മിച്ച് കിട്ടാന്‍ കാലതാമസമുണ്ട്. ചാര്‍ജിങ്ങിന് കൂടുതല്‍ സമയം വേണം. ഉയര്‍ന്ന വില, ചാര്‍ജിംഗ് സ്റ്റേഷനുകളുടെ കുറവ്, ബാറ്ററിയുടെ ശേഷിയെ കുറിച്ചുള്ള ആശങ്ക എന്നിവയും കാരണങ്ങളാണ്. ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റാന്‍ ആലോചിച്ചെങ്കിലും വില ഡീസലിനൊപ്പം എത്തിയതിനാല്‍ തത്കാലം വേണ്ടെന്ന് വച്ചു. സി.എന്‍.ജി പമ്പുകള്‍ക്ക് സ്ഥലം കിട്ടാനും ബുദ്ധിമുട്ടുണ്ട്.