ബുറൈദ- ബുറൈദ നഗരസമിതി പ്രസിഡന്റും അൽഖസീം ലോയേഴ്‌സ് കമ്മിറ്റി പ്രസിഡന്റുമായ ഡോ.ഇബ്രാ ഹിം അൽ ഗസ്ൻ (65) ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. ബുറൈദയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഉത്തര ബുറൈദയിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്ന നിലയിലാണ് ചൊവ്വാഴ്ച രാവിലെ ഡോ. ഇബ്രാഹിം അൽഗസ്‌നിനെ കണ്ടെത്തിയതെന്ന് സഹോദരൻ സുലൈമാൻ അൽഗസ്ൻ പറഞ്ഞു. നേരത്തെ നാഷണൽ കമ്മിറ്റി ഓഫ് ലോയേഴ്‌സ് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്.
ഹിജ്‌റ 1374 ൽ ബുറൈദയിലാണ് ജനനം. അൽഖസീം അൽഇമാം യൂനിവേഴ്‌സിറ്റി ശാഖ ശരീഅത്ത് കോളേജിൽ നിന്ന് ബിരുദം നേടി ഇതേ കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം നിയമത്തിൽ മാസ്റ്റർ ബിരുദം നേടി. റിയാദ് ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇസ്‌ലാമിക കർമശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. ഇതിനു ശേഷം യൂനിവേഴ്‌സിറ്റി അധ്യാപകനായി സേവനമനുഷ്ഠിച്ചെങ്കിലും വളണ്ടിയർ റിട്ടയർമെന്റ് നേടി അഭിഭാഷകവൃത്തിയും ബിസിനസുകളും നടത്തിവരികയായിരുന്നു. ജി.സി.സി ലോയേഴ്‌സ് കമ്മിറ്റി പ്രസിഡന്റായും നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.