തിരുവനന്തപുരം-സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസിനു നേരെ കല്ലേറ് നടന്നു.
സംസ്ഥാന സര്‍ക്കാരിനെതിരെ സേവ് കേരള മാര്‍ച്ച് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
സംസ്ഥാന അദ്ധ്യക്ഷന്‍ പികെ ഫിറോസിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം തീര്‍ന്നതിന് പിന്നാലെയാണ് സംഘര്‍ഷം. പോലീസ് ആദ്യം ലാത്തി വീശുകയും പിന്നാലെ കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിക്കുകയും ചെയ്തു. എന്നാല്‍ പ്രവര്‍ത്തകര്‍ പിന്മാറിയില്ല. ഇതോടെയാണ് ഗ്രനേഡ് പ്രയോഗിച്ചത്. രാവിലെ 10ന് മ്യൂസിയം ജംഗ്ഷനില്‍ നിന്ന് തുടങ്ങി സെക്രട്ടേറിയറ്റിന് മുന്നില്‍ അവസാനിച്ച റാലിയില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു.