ജിദ്ദ- തിങ്കളാഴ്ച രാത്രി ജിദ്ദ എയർപോർട്ടിൽ പൈലറ്റ് സാഹസികമായി ഇടിച്ചിറക്കിയ സൗദിയ വിമാനത്തിലെ യാത്രക്കാർ ധാക്കയിലേക്ക് മടങ്ങി.
ചൊവ്വാഴ്ച രാത്രിയാണ് തീർഥാടകർ മടങ്ങിയത്. സൗദിയ ഡയറക്ടർ ജനറൽ എൻജിനീയർ സ്വാലിഹ് അൽജാസിർ അടക്കമുള്ളവർ ചേർന്ന് തീർഥാടകരെ യാത്രയാക്കി. യാത്രക്കാർക്ക് സൗദിയ ഉപഹാരങ്ങൾ വിതരണം ചെയ്തു.
മദീനയിൽ നിന്ന് 141 യാത്രക്കാരുമായി ബംഗ്ലാദേശിലെ ധാക്കയിലേക്ക് പോവുകയായിരുന്ന സൗദിയ വിമാനം ഹൈഡ്രോളിക് സംവിധാനത്തിൽ സാങ്കേതിക തകരാറുണ്ടായതിനെ തുടർന്നാണ് ജിദ്ദ എയർപോർട്ടിൽ അടിയന്തരമായി ഇറക്കിയത്. പൈലറ്റിന്റെ മനഃസാന്നിധ്യവും വൈഭവവുമാണ് 141 യാത്രക്കാരുടെയും പത്തു ജീവനക്കാരുടെയും ജീവൻ രക്ഷിച്ചത്. തിങ്കളാഴ്ച വൈകീട്ട് വിമാനം മദീനയിൽ നിന്ന് പറന്നുയർന്ന് അൽപ സമയം പിന്നിട്ട ശേഷം രാത്രി എട്ടോടെയാണ് 'എയർബസ് എ-330' ഇനത്തിൽപെട്ട വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ സാങ്കേതിക തകരാറുണ്ടായത് പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ ജിദ്ദ വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചു വിടുകയായിരുന്നു.
എന്നാൽ ജിദ്ദയിൽ ലാന്റ് ചെയ്യാൻ നേരത്ത് വിമാനത്തിന്റെ മുൻവശത്തെ ടയറുകൾ താഴേക്ക് വന്നില്ല. പല തവണ ശ്രമിച്ചിട്ടും ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സാധിച്ചില്ല. അവസാനം എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ച്, മുൻവശത്തെ ചക്രങ്ങൾ ഇല്ലാതെ തന്നെ വിമാനം ലാന്റ് ചെയ്യുന്നതിന് തീരുമാനിക്കുകയായിരുന്നു. വിമാനത്തിന്റെ ബോഡി നിലത്തുരസി അഗ്നിബാധയും സ്‌ഫോടനവുമുണ്ടാകുന്നത് തടയുന്നതിന് റൺവേയിൽ പത സ്േ്രപ ചെയ്യുകയായിരുന്നു. ഇടിച്ചിറക്കുന്നതിനിടെ 50 ലേറെ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. സുരക്ഷിതമായി ഇറക്കിയ വിമാനത്തിലെ 141 യാത്രക്കാരെയും 10 ജീവനക്കാരെ യും എമർജൻസി കവാടങ്ങൾ വഴി പുറത്തിറക്കി. മുൻവശത്തെ ടയറുകൾ ഇല്ലാതെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്യാൻ സാധിച്ചതോടെയാണ് ഭീതിയൊഴിഞ്ഞത്. ഈ വിമാനം സൗദിയ വാടകക്കെടുത്തതാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാടകക്കെടുത്ത, കാലപ്പഴക്കം ചെന്ന വിമാനങ്ങൾ സൗദിയ കൈയൊഴിയുമെന്നാണ് കരുതുന്നത്.