റിയാദ് - പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അണിനിരക്കുന്ന അന്നസ്ര്‍, അല്‍ഹിലാല്‍ ക്ലബ്ബുകളിലെ മുന്‍നിര താരങ്ങള്‍ ഒരു ടീമായും ലയണല്‍ മെസ്സി ബൂട്ടണിയുന്ന ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജെര്‍മെയ്‌നും തമ്മില്‍ നാളെ റിയാദില്‍ നടക്കുന്ന സ്വപ്‌ന മത്സരത്തിലെ ഗോള്‍ഡന്‍ ടിക്കറ്റ്് ഒരു കോടി റിയാലിന് വ്യവസായ പ്രമുഖന്‍ മുശറഫ് അല്‍ഗാംദി സ്വന്തമാക്കി. ഇന്നലെ രാത്രി 11.30 വരെയായിരുന്നു ലേലം. ലേലം അവസാനിച്ചതായും ഒരു കോടി റിയാലിന് മുശറഫ് അല്‍ഗാംദിക്ക് ടിക്കറ്റ് ലഭിച്ചതായും എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലു ശൈഖ് അറിയിച്ചു.
നാളെ രാത്രി 8.30 ന് 70,000 സീറ്റുകളുള്ള റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിലാണ് സ്വപ്‌ന മത്സരം നടക്കുന്നത്.
ഈ വര്‍ഷത്തെ റിയാദ് സീസണ്‍ ശീര്‍ഷകം ആയ സങ്കല്‍പത്തിനും അപ്പുറം എന്ന പേരിട്ടാണ് ഗോള്‍ഡന്‍ ടിക്കറ്റ് ലേലത്തിന് വെച്ചിരുന്നത്. ഗോള്‍ഡന്‍ ടിക്കറ്റ് വില്‍പനയിലൂടെ ലഭിക്കുന്ന തുക മുഴുവന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമിന് കൈമാറും. കളിക്കാരുടെ ഡ്രസ്സിംഗ് റൂമിലേക്ക് പ്രവേശനം, വിജയിക്കുന്ന ടീമിനൊപ്പം ഗ്രൂപ്പ് ഫോട്ടോ, കപ്പ് സമ്മാന ചടങ്ങില്‍ പങ്കെടുക്കല്‍, കളിക്കാര്‍ക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ അവസരം എന്നിവ അടക്കം നിരവധി അപൂര്‍വ സവിശേഷതകള്‍ ഗോള്‍ഡന്‍ ടിക്കറ്റ് സ്വന്തമാക്കിയ മുശറഫ് അല്‍ഗാംദിക്ക് ലഭിക്കും.
റൊണാള്‍ഡോയും മെസ്സിയും നേരിട്ട് ഏറ്റുമുട്ടുന്ന സ്വപ്‌ന മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം റെക്കോര്‍ഡ് സമയത്തിനകം വിറ്റുപോയിരുന്നു. ടിക്കറ്റ് തേടി സൗദിയില്‍ നിന്നും ലോക രാജ്യങ്ങളില്‍ നിന്നും വാട്‌സ് ആപ്പ് മെസ്സേജുകള്‍ പ്രവഹിക്കാന്‍ തുടങ്ങിയതോടെ അഞ്ചു മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതനായതായി തുര്‍ക്കി ആലുശൈഖ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഒരു ഗോള്‍ഡന്‍ ടിക്കറ്റ് ലേലത്തില്‍ വില്‍ക്കാനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചത്.
പത്തു ലക്ഷം റിയാലില്‍ കുറവ് തുക ഓഫര്‍ ചെയ്ത് ആരും മുന്നോട്ടുവരരുതെന്ന് തുര്‍ക്കി ആലുശൈഖ് തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. ടിക്കറ്റ് ലേലം ആരംഭിച്ച് നിമിഷങ്ങള്‍ക്കകം സൗദി വ്യവസായി അബ്ദുല്‍ അസീസ് ബഗ്‌ലഫ് 25 ലക്ഷം റിയാല്‍ വാഗ്ദാനം ചെയ്തു. ടിക്കറ്റ് ലേലത്തില്‍ വില്‍ക്കാനും ഇതിലൂടെ ലഭിക്കുന്ന തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കാനുമുള്ള തീരുമാനം നല്ലതും നൂതനവുമായ ആശയമാണെന്നും ഇതിന്റെ പ്രയോജനം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ലഭിക്കുമെന്നും പറഞ്ഞാണ് അബ്ദുല്‍ അസീസ് ബഗ്‌ലഫ് 25 ലക്ഷം റിയാല്‍ വാഗ്ദാനം ചെയ്ത് ലേലത്തിന് തുടക്കം കുറിച്ചത്.
വൈകാതെ ടിക്കറ്റ് സ്വന്തമാക്കാനുള്ള ലേലത്തിന് വാശിയേറുകയും ഓഫര്‍ തുക 30 ലക്ഷമായി ഉയരുകയും ചെയ്തു. ഇതോടെ സൗദി വ്യവസായ ബന്ദര്‍ അല്‍ദഹീക് 31 ലക്ഷം റിയാല്‍ ഓഫര്‍ ചെയ്ത് മത്സരത്തില്‍ പ്രവേശിച്ചു. എന്നാല്‍ ആദ്യമായി ടിക്കറ്റിന് 25 ലക്ഷം റിയാല്‍ ഓഫര്‍ ചെയ്ത അബ്ദുല്‍ അസീസ് ബഗ്‌ലഫ് 35 ലക്ഷം റിയാല്‍ വാഗ്ദാനം ചെയ്ത് വാശി പ്രകടിപ്പിച്ചു. വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്ന ബന്ദര്‍ അല്‍ദഹീക് 36 ലക്ഷം റിയാല്‍ ഓഫര്‍ ചെയ്തു. ഇതോടെ അബ്ദുല്‍ അസീസ് ബഗ്‌ലഫ് 37 ലക്ഷം റിയാല്‍ വാഗ്ദാനം ചെയ്തു. അബ് ദുല്‍ അസീസ് ബഗ്‌ലഫും ബന്ദര്‍ അല്‍ദഹീകും തമ്മില്‍ മത്സരം മൂര്‍ഛിക്കുന്നതിനിടെ ഇബ്രാഹിം അല്‍മുഹൈദിബ് 40 ലക്ഷം റിയാല്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തി.
പിന്നീട് ലേലത്തില്‍ പങ്കെടുത്ത വ്യവസായ പ്രമുഖന്‍ ഖാലിദ് അല്‍മുശറഫ് ടിക്കറ്റിന് ഒറ്റയടിക്ക് 70 ലക്ഷം റിയാല്‍ വാഗ്ദാനം ചെയ്തു. മറ്റു ചില വ്യവസായികള്‍ കൂടി ടിക്കറ്റിന് താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടെത്തിയതോടെ ഖാലിദ് അല്‍മുശറഫ് 90 ലക്ഷം റിയാല്‍ ഓഫര്‍ ചെയ്തു. ഇതില്‍ കൂടിയ തുക ആരും ഓഫര്‍ ചെയ്യില്ലെന്നും ഗോള്‍ഡന്‍ ടിക്കറ്റ് ഖാലിദ് അല്‍മുശറഫിന് തന്നെ ലേലത്തില്‍ ലഭിക്കുമെന്നും എല്ലാവരും കരുതിയിരിക്കെയാണ് മുഹമ്മദ് അല്‍മുനജ്ജിം 93 ലക്ഷം റിയാല്‍ ഓഫര്‍ ചെയ്തത്. കൂടാതെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ ടീമിന് ഔദ്യോഗിക സ്വീകരണം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന ഭീകര വിരുദ്ധ പോരാട്ടത്തില്‍ വീരമൃത്യുവരിച്ച സുരക്ഷാ സൈനികരുടെ ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും മൊബൈല്‍ ഫോണുകള്‍ അടക്കമുള്ളവ സമ്മാനമായി വിതരണം ചെയ്യുമെന്നും മുഹമ്മദ് അല്‍മുനജ്ജിം പ്രഖ്യാപിച്ചു. ഇതില്‍ ഉയര്‍ന്ന തുകക്ക് ടിക്കറ്റ് വാങ്ങാന്‍ ആരും സന്നദ്ധരാകില്ല എന്ന് കരുതിയിരിക്കെയാണ് എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഒരു കോടി റിയാല്‍ വാഗ്ദാനം ചെയ്ത് മുശറഫ് അല്‍ഗാംദി രംഗത്തെത്തിയത്.