കണ്ണൂർ - പാനൂർ മേഖലയിൽ ആർ.എസ്.എസ് ക്രിമിനലുകളെ പിണറായി വിജയന്റെ പോലീസ് സംരക്ഷിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ആരോപിച്ചു.
സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് പോലീസ് വേണ്ട ജാഗ്രത സ്വീകരിക്കാത്തതാണ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ഹാഷിമിന് നേരെയുണ്ടായ വധശ്രമം. തിങ്കളാഴ്ച്ച രാത്രി ഈ പ്രദേശത്ത് ആർ.എസ്.എസ് ക്രിമിനലുകൾ തേർവാഴ്ച നടത്തുമ്പോൾ പോലീസ് നോക്കി നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പന്ന്യന്നൂർ കുറുമ്പക്കാവ് ക്ഷേത്ര പരിസരത്ത് ആർ.എസ്.എസ് പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും കോൺഗ്രസ് പ്രവർത്തകൻ സന്ദീപിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
അക്രമം നടത്തിയ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് രാത്രി കൂടുതൽ അക്രമങ്ങളുണ്ടാകാൻ കാരണം.
പാനൂർ മേഖലയിൽ കോൺഗ്രസിന്റെ വളർച്ചയിലുള്ള അസഹിഷ്ണുതയാണ് ആർ.എസ്.എസിനെ
അക്രമത്തിന് പ്രേരിപ്പിക്കുന്നത്. ആർ.എസ്.എസ് ക്രിമിനൽ സംഘങ്ങൾ സ്വർണക്കടത്തും ലഹരി കടത്തുമുൾപ്പെടെ മാഫിയാ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്. ഇവരുടെ മാഫിയാ പ്രവർത്തനങ്ങളിൽ മനംമടുത്ത് കൂടുതൽ യുവാക്കൾ കോൺഗ്രസിലേക്ക് ആകൃഷ്ടരായിരിക്കുകയാണ്. ഈ പ്രദേശത്ത് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം കൊടുക്കുന്ന ഹാഷിം സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു. പാനൂർ മേഖലയിൽ അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം- മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് നേതാക്കളായ വി. സുരേന്ദ്രൻ മാസ്റ്റർ, ഹരിദാസ് മൊകേരി, സന്തോഷ് കണ്ണംവള്ളി, രമേശൻ മാസ്റ്റർ, പാനൂർ നഗരസഭ ചെയർമാൻ നാസർ തുടങ്ങിയവർ പ്രസ്തുത സ്ഥലം സന്ദർശിച്ചു.