റിയാദ് - സൗദിയിൽ ഈ വർഷം പണപ്പെരുപ്പം 2.5 ശതമാനമോ 2.6 ശതമാനമോ ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. ദാവോസ് ഇക്കണോമിക് ഫോറത്തിൽ സി.എൻ.ബി.സി ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. കഴിഞ്ഞ ഡിസംബറിൽ സൗദിയിൽ 3.3 ശതമാനമായിരുന്നു പണപ്പെരുപ്പം. കൊറോണ മഹാമാരി മുതൽ ആഗോള തലത്തിൽ വലിയ തോതിൽ വർധിച്ച പണപ്പെരുപ്പത്തിന് തടയിടാൻ സൗദി ഗവൺമെന്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇന്ധന നിരക്കുകൾക്ക് പരിധി നിശ്ചയിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനം.
ആഗോള എണ്ണ വിപണിയിൽ സ്ഥിരതയുണ്ടാക്കാനും ഉൽപാദകരെയും ഉപഭോക്താക്കളെയും പ്രതികൂലമായി ബാധിക്കുന്ന ആഘാതങ്ങൾ തടയാനുമാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. സംഘർഷങ്ങൾ അകറ്റി നിർത്താൻ ലോകരാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണ്. അമേരിക്കക്കും ചൈനക്കുമിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിൽ പങ്ക് വഹിക്കാൻ സൗദി അറേബ്യക്ക് സാധിക്കും. അമേരിക്കയുമായും ചൈനയുമായും സൗദി അറേബ്യക്ക് ശക്തമായ ബന്ധങ്ങളുള്ളതായും മുഹമ്മദ് അൽജദ്ആൻ പറഞ്ഞു.