Sorry, you need to enable JavaScript to visit this website.

കുഴിമന്തി കഴിച്ച 45 പേര്‍ ചികിത്സയില്‍; പ്രശസ്ത ഹോട്ടല്‍ സീല്‍ ചെയ്തു

നഗരസഭാ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ മജ്‌ലിസ് ഹോട്ടലില്‍ പരിശോധനക്ക് എത്തിയപ്പോള്‍

കൊച്ചി- നോര്‍ത്ത് പറവൂരിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ 45 ഓളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയോരത്ത് നഗരസഭാ ഓഫീസിന് സമീപമുള്ള അറേബ്യന്‍ മജ്‌ലിസ് ഹോട്ടലില്‍ നിന്നും തിങ്കളാഴ്ച വൈകീട്ട് കുഴിമന്തി കഴിച്ചവരാണ് ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രികളില്‍ കഴിയുന്നത് .താലൂക്ക് ആശുപത്രി അധികൃതരുടെ പരാതിയെത്തുടര്‍ന്ന് നഗരസഭാ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി, ഹോട്ടല്‍ അടപ്പിച്ച് സീല്‍ ചെയ്തു.
പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ 32 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ ജില്ലയിലെ ഒല്ലൂക്കര പിഎച്ച്‌സി യില്‍ 6 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ രണ്ടും, കെ എം കെ ആശുപത്രി, ഷാജി ആശുപത്രി എന്നിവിടെ ഒരോരുത്തരും ചികിത്സയിലുണ്ട്. ചാലാക്ക മെഡിക്കല്‍ കോളേജില്‍ ഒരാളെ പ്രവേശിപ്പിച്ചു.ഇവരില്‍ ചിലര്‍ ആദ്യം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി വീട്ടിലേക്ക് തിരിച്ചുപോയി ദേഹാസ്വസ്ഥത്തെത്തുടര്‍ന്ന് വീണ്ടും ആശുപത്രികളില്‍ എത്തി ചികിത്സയില്‍ കഴിയുന്നവരാണ്
ഭക്ഷ്യവിഷബാധയേറ്റവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു.കുഴി മന്തി കഴിച്ച ശേഷം വീട്ടിലെത്തിയവര്‍ക്ക് രാത്രിയോടെ ഛര്‍ദ്ദിയും വയറ് വേദനയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചിലര്‍ രാത്രി തന്നെ ആശുപത്രിയിലെത്തി. രാവിലെ കൂടുതല്‍ പേര്‍ ചികിത്സ തേടി എത്തുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. കുഴിമന്ത്രിയിലെ റൈസ് മാത്രം കഴിച്ചവര്‍ക്ക് പ്രശ്‌നമുണ്ടായില്ല. മാംസം ഭക്ഷിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് പറയുന്നു.
ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ രാത്രി തന്നെ ചിലര്‍ എത്തിയെങ്കിലും ആശുപത്രി അധികൃതര്‍ നഗരസഭയെയോ, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെയോ യഥാസമയം വിവരം അറിയിച്ചില്ലെന്ന് ആക്ഷേപമുണ്ട്. രാവിലെയാണ് നഗരസഭാ അധികൃതരെ വിവരമറിയിച്ചത്.എന്നിട്ടും ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിച്ചില്ല. ആശുപത്രി അധികൃതര്‍ പ്രശ്‌നം ഗൗരവമായി എടുത്തില്ലെന്നാണ് പരാതി
നഗരസഭാ ചെയര്‍പേഴസണ്‍ വി എ പ്രഭാവതി, ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ പി പത്മ ചന്ദ്രക്കുറുപ്പ് ,പറവൂര്‍ തഹസില്‍ദാര്‍ കെ എന്‍ അംബിക, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ എ റസിയ, എം എസ് സാബു, പറവൂര്‍ വില്ലേജ് ഓഫീസര്‍ പി ആര്‍ അനില്‍ കുമാര്‍, വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയിരുന്നു


 

 

Latest News