Sorry, you need to enable JavaScript to visit this website.

ലശ്കര്‍ ഉപമേധാവി അബ്ദുറഹ് മാന്‍ മക്കി ആഗോള ഭീകരന്‍; സ്വാഗതം ചെയ്ത് ഇന്ത്യ

ന്യൂദൽഹി- പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അബ്ദുൽ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു. എൻ. എസ്‌. സി തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ ഉപമേധാവിയാണ് അബ്ദുൽ റഹ്മാൻ മക്കി.

യു. എൻ രക്ഷാസമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത വിദേശകാര്യ മന്ത്രാലയം ഇത്തരം ഭീഷണികൾ തടയുന്നതിനും തകർക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് പറഞ്ഞു. ഭീകരതയോട് സഹിഷ്ണുതയില്ലാത്ത സമീപനം പിന്തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തിൽ സമ്മർദ്ദം ചെലുത്തുന്നത് തുടരുമെന്നും വിദേശകാര്യ വക്താവ്അരിന്ദം ബാഗ്ചി പത്രസമ്മേളനത്തിൽ പറഞ്ഞു.

ജമ്മു കശ്മീരിൽ ഉൾപ്പെടെ ഇന്ത്യയിൽ ഫണ്ട് സ്വരൂപിക്കുന്നതിലും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ആക്രമണം ആസൂത്രണം ചെയ്യുന്നതിലും മക്കി ഏർപ്പെട്ടിട്ടുണ്ടെന്ന് ഉപരോധ സമിതി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ജൂണിൽ യു. എൻ. രക്ഷാസമിതി ഉപരോധ സമിതിയുടെ കീഴിൽ മക്കിയെ പട്ടികപ്പെടുത്താൻ ഇന്ത്യയും യു. എസും നൽകിയ സംയുക്ത നിർദ്ദേശം ചൈന അവസാന നിമിഷം തടയുകയായിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂരിലാണ് മക്കി ജനിച്ചത്. ലഷ്ക്കറെ ത്വയ്യിബ തലവൻ മുഹമ്മദ് സയീദിന്റെ ഭാര്യാ സഹോദരനാണ് മക്കി.

Latest News