Sorry, you need to enable JavaScript to visit this website.

പണം തട്ടിച്ചെടുത്ത കേസിൽ പി.വി അൻവറിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി- മംഗലാപുരം ക്വാറി ഇടപാടുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എ.യെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. പണം തട്ടിയെടുക്കൽ ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്ന് സംശയിച്ചാണ് ഇ.ഡി കേസെടുത്തത്. ഇ.ഡിയുടെ കൊച്ചിയിലെ മേഖലാ ഓഫീസിലാണ് ചോദ്യംചെയ്യൽ.
മംഗലാപുരം ബെൽത്തങ്ങാടിയിലെ ക്വാറിയുമായി ബന്ധപ്പെട്ട് മലപ്പുറം പട്ടർക്കടവ് സ്വദേശി സലീം നടുത്തൊടി, കാസർകോട് സ്വദേശി ഇബ്രാഹിം എന്നിവരാണ് പി.വി അൻവർ എം.എൽ.എയുടെ പേരിൽ പരാതി നൽകിയത്. ക്വാറി ഇടപാടിനായി പ്രവാസി എൻജിനിയറായ സലീമും പി.വി. അൻവറുമായി 2012ൽ കരാറുണ്ടാക്കി 50 ലക്ഷം രൂപ കൈമാറി. 10 ശതമാനം ഓഹരിയും മാസം അരലക്ഷം രൂപ ലാഭവിഹിതവുമായിരുന്നു വാഗ്ദാനം.

എന്നാൽ, ക്വാറി അൻവറിന്റെ ഉടമസ്ഥതയിലാണെന്ന വ്യാജരേഖ കാണിച്ചായിരുന്നു ഇടപാടെന്ന് മനസ്സിലാക്കിയതോടെ സലീം പണം തിരിച്ചുചോദിച്ചു. അൻവറിന്റെ പേരിൽ കേസെടുക്കാൻ പോലീസ് തയ്യാറാവാഞ്ഞതിനെത്തുടർന്ന്, സലീം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. ഇതേത്തുടർന്ന് വഞ്ചനാക്കുറ്റത്തിന് കേസെടുത്തെങ്കിലും അന്വേഷണമുണ്ടായില്ല. തുടർന്ന് സലീം നൽകിയ ഹർജിയിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അതിനിടെയാണ് ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്ന് സംശയിച്ച് ഇ.ഡി. കേസെടുത്തത്.
 ക്രഷർ പണം ഇടപാട് കേസിൽ ഇ.ഡി വിളിപ്പിച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കഴിഞ്ഞ ദിവസം ക്ഷുഭിതനായാണ് പി.വി അൻവർ  പ്രതികരിച്ചത്. ഇന്ത്യ-പാക് ഫുട്‌ബോൾ മത്സരം ചർച്ച ചെയ്യാൻ വിളിപ്പിച്ചതാണെന്നായിരുന്നു എം.എൽ.എയുടെ പരിഹാസം. മറുപടി പറയാൻ സൗകര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ചോദ്യംചെയ്യലിനു ശേഷം മാധ്യമപ്രവർത്തകരോടുള്ള എം.എൽ.എയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിലും വൈറലാണ്. 'അമ്പുക്ക അത്താഴം കഴിഞ്ഞോ, വീട്ടിലാണോ', മൂട്ടിൽ തീ പിടിച്ചിരിക്കുമ്പോഴാ അവന്റെ മറ്റേടത്തെ ചോദ്യം, പത്രക്കാർ നീതി പാലിക്കുക, ഇത്രയും ദേഷ്യം പാടില്ല, ശെരിക്കും കിട്ടി കണ്ടാലറിയാം, ആഫ്രിക്കൻ അമ്പു കലിപ്പിലാണ്, മാധ്യമങ്ങളെ എം.എൽ.എക്കു തീരേ ദഹിക്കില്ല... എന്നു തുടങ്ങി പല രൂപത്തിലാണ് സമൂഹമാധ്യമത്തിലെ പ്രതികരണങ്ങൾ.
 

Latest News