കോട്ടയം- കാറിടിച്ച് അമ്മയും മക്കളും മരിച്ച കേസില്‍ വാഹനമോടിച്ച 23കാരന് അഞ്ചുവര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ് അനുഭവിക്കേണ്ടിവരും. 2019 മാര്‍ച്ച് നാലിന് ഏറ്റുമാനൂര്‍ പൂവത്തുംമൂട് ബൈപ്പാസ് റോഡിലുണ്ടായ അപകടത്തില്‍ വാഹനമോടിച്ച പേരൂര്‍ മുള്ളൂര്‍ ഷോണ്‍ മാത്യുവിനെതിരെ കോട്ടയം അഡീഷണല്‍ സെഷന്‍ ജഡ്ജി സാനു എസ് പണിക്കരാണ് വിധി പറഞ്ഞത്.
കാവുംപാടം കോളനിയില്‍ താമസിച്ചിരുന്ന ബിജുവിന്റെ ഭാര്യ ലെജി (45), മക്കളായ അന്നു (20), നൈനു (16) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. നൈനുവിന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പോവുകയായിരുന്നു മൂവരും. ഇതിനിടെ ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാര്‍ അമ്മയെയും മക്കളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും പത്തുമീറ്ററോളം ദൂരത്തേയ്ക്ക് പോയാണ് വീണത്. അന്നുവിന്റെ കാല്‍ അറ്റുപോയ നിലയിലായിരുന്നു.ഇവരെ ഇടിച്ചിട്ട കാര്‍ റോഡിന് സമീപത്തെ പുരയിടത്തിലെ മരത്തില്‍ ഇടിച്ചായിരുന്നു നിന്നത്. കാര്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ഒടുവില്‍ ഗുഡ്സ് ഓട്ടോയിലായില്‍ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.