Sorry, you need to enable JavaScript to visit this website.

പാര്‍ട്ടി  നേതാക്കള്‍ ഒരുമിച്ച് യുവതികളുടെ  നഗ്‌ന വീഡിയോ കണ്ടത് വിവാദമായി 

ആലപ്പുഴ-സഹപ്രവര്‍ത്തകരായ യുവതികളുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചെന്ന പരാതിയില്‍ സി പി എം ആലപ്പുഴ സൗത്ത് ഏരിയ സെന്റര്‍ അംഗമായിരുന്ന എ പി സോണയ്‌ക്കെതിരായ ആരോപണം സ്ഥിരീകരിക്കാന്‍ നടത്തിയ വീഡിയോ പരിശോധന വിവാദമായി.  ജില്ലാ കമ്മിറ്റി ഓഫീസില്‍ സജ്ജീകരിച്ച സ്റ്റുഡിയോയില്‍ നേതാക്കള്‍ ഒരുമിച്ചിരുന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടിയായ യുവതികളുടെ ദൃശ്യങ്ങള്‍ കണ്ടതാണ് വിവാദമായത്. ഇത് ശരിയല്ലെന്നും മര്യാദകേടാണെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി.
ആരോപണത്തെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ ശേഖരിച്ച ദൃശ്യങ്ങള്‍ ഉള്ള പെന്‍ഡ്രൈവാണ് നേതാക്കള്‍ കണ്ടത്. സോണയ്‌ക്കെതിരെ നടപടി എടുക്കുന്നതിന് മുന്നോടിയായാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത് എന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ പറയുന്നത്. വീഡിയോയില്‍ ഉള്ളവര്‍ പാര്‍ട്ടിയുമായി ബന്ധമുള്ളവരായതിനാല്‍ പല കാര്യങ്ങള്‍ക്കും അവര്‍ക്ക് ദൃശ്യങ്ങള്‍ കണ്ട നേതാക്കളെ സമീപിക്കേണ്ടിവരും. അവര്‍ എങ്ങനെ നേതാക്കളെ അഭിമുഖീകരിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. പെന്‍ഡ്രൈവില്‍ ഉള്ള ദൃശ്യങ്ങള്‍ പുറത്തുപാേയേക്കാമെന്ന ആശങ്കയും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. വീഡിയോകളില്‍ പലതും പാര്‍ട്ടി ഓഫീസുകളില്‍ വച്ചാണ് മൊബൈലില്‍ പകര്‍ത്തിയതെന്ന് പശ്ചാത്തല ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. പാര്‍ട്ടിയുടെ വനിതാസംഘടനയിലെ നേതാക്കളുടേതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സോണയ്‌ക്കെതിരായ ആരോപണം ഉയര്‍ന്നപ്പോള്‍ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് ചിലര്‍ സംശയം ഉന്നയിച്ചു. ഇതിനെത്തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്. അശ്ലീല വിഡിയോ പകര്‍ത്തിയതിനെപ്പറ്റി പരാതിയില്ലെന്നതിനാല്‍ സംഭവത്തില്‍ പോലീസ് ഇടപെട്ടിട്ടില്ല.ഗുരുതരമായ കുറ്റം ചെയ്തു എന്ന് വ്യക്തമായതിനാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും നിന്ന് സോണയെ മാറ്റാന്‍ പാര്‍ട്ടി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്താന്‍ ശ്രമിച്ചെന്ന പേരില്‍ സോണയ്ക്ക് അടുത്തിടെ നാട്ടുകാരുടെ മര്‍ദ്ദനമേറ്റിരുന്നു. ഇതിനിടെ തെറിച്ചുപോയ മൊബൈല്‍ ഫോണ്‍ പരിശോധിപ്പോഴാണ് മറ്റു വീഡിയോകള്‍ കണ്ടെത്തിയത്. ആലപ്പുഴയിലും അമ്പലപ്പുഴയിലുമുള്ള 34 സ്ത്രീകളുടെ വീഡിയോകള്‍ ഇതിലുണ്ടായിരുന്നുവെന്നാണ് ആരോപണം. പോലീസില്‍ പരാതി നല്‍കാതെ സി.പി.എമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ മന്ത്രി സജി ചെറിയാനെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണ കമ്മിഷനെ നിയമിച്ചത്. 30ലധികം സ്ത്രീകളെ നേരിട്ടു കണ്ടു സംസാരിച്ചതിന്റെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കി നടപടി സ്വീകരിച്ചത്.
 

Latest News