കോഴിക്കോട്- നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്ന ജേക്കബ് വടക്കുംചേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിക്ക് പരാതി. ഡോ. പി.എസ് ജിനേഷാണ് വീണ്ടും പരാതി നൽകിയത്. നിപ്പാ വൈറസ് ബാധ വവ്വാലിൽനിന്നല്ലെന്ന് വ്യക്തമാക്കി വവ്വാൽ കടിച്ചത് എന്നവകാശപ്പെട്ട പഴം കഴിക്കുന്നതിന്റെ വീഡിയോ ജേക്കബ് വടക്കുംചേരി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കേരളം സമാനതകളില്ലാത്ത അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ഇത്തരം വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പരാതിയുടെ പൂർണരൂപം:
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,
നിപ്പാ വൈറസ് ബാധയെത്തുടർന്ന് കേരളം ഗൗരവതരമായ ഒരു സാഹചര്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച 12 പേരിൽ 10 പേരും മരണമടഞ്ഞു. 40 മുതൽ 70 ശതമാനം വരെ മരണനിരക്ക് വരാവുന്ന അസുഖമാണ്. ചികിത്സയെക്കാൾ പ്രധാന പ്രതിരോധ നടപടികൾ ആണ്.
പുതുതായി രോഗബാധ ഉണ്ടാകുന്നത് തടയുക എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമാണ്. അതുകൊണ്ട് തന്നെ ഈ അസുഖം വരാനുള്ള എല്ലാ വഴികളും അടക്കേണ്ടത് ആവശ്യമാണ്.
വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ള അസുഖമാണ്. അതുകൊണ്ടുതന്നെ വവ്വാലുകൾ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങൾ ഉപയോഗിക്കരുത് എന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു.
ഇന്നിപ്പോൾ മോഹനൻ എന്ന വ്യക്തി അസുഖബാധിതമായ സ്ഥലമായ പേരാമ്പ്രയിൽ നിന്നും ശേഖരിച്ച, വവ്വാലുകൾ ഭാഗികമായി ആഹരിച്ചത് എന്ന് അവകാശപ്പെടുന്ന കായ്ഫലങ്ങൾ ഭക്ഷിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയുണ്ടായി. ആരോഗ്യ വകുപ്പാണ് നിപ്പാ വൈറസിന് കാരണമെന്ന് അദ്ദേഹം അതിൽ ആരോപിക്കുന്നു. വവ്വാലുകൾ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങൾ കഴിച്ചാൽ വൈറസ് ബാധ ഉണ്ടാവില്ല എന്നും അദ്ദേഹം പറയുന്നു.
പ്രസിദ്ധീകരിച്ചതിനു ശേഷം എട്ടു മണിക്കൂറിനുള്ളിൽ 15000 ഷെയർ ആണ് ആ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
വളരെയധികം ജനങ്ങൾ ഇദ്ദേഹത്തിന്റെ അബദ്ധ പ്രചരണങ്ങൾക്ക് ഇരയാകുന്നുണ്ട്. ഇദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിച്ചാൽ കേരളത്തിൽ നിന്നും ഈ അസുഖം പകരുന്നത് തടയുന്നതിന് തന്നെ ചിലപ്പോൾ വിഘാതം നേരിട്ടേക്കാം.
കേരളത്തിലാകെ 56 തരം വവ്വാലുകൾ ആണുള്ളത്. അതിൽ നാല് സ്പീഷീസുകളിൽ നിന്നുമാത്രമേ നിപ്പാ വൈറസിനെ കേരളത്തിന് പുറത്തുനിന്ന് കണ്ടുപിടിച്ചിട്ടുള്ളൂ. അദ്ദേഹം ആഹരിച്ചതിൽ അണുബാധയുള്ള സ്പീഷീസുകൾ ഭാഗികമായി ഭക്ഷിച്ചത് ഉണ്ടാവണം എന്നു പോലുമില്ല.
മാത്രമല്ല കേരളത്തിൽ ഈ അസുഖം പടർന്നുപിടിച്ചത് വവ്വാലുകളിൽ നിന്നാണോ എന്ന് സ്ഥിരീകരിച്ചിട്ടുമില്ല. പക്ഷേ കരുതൽ എന്ന നിലയിൽ ഇത്തരം ആഹാരപദാർത്ഥങ്ങൾ ഉപേക്ഷിച്ചേ മതിയാവൂ.
എന്നാൽ വവ്വാലുകൾ ആഹരിച്ച കായ്ഫലങ്ങൾ ഭക്ഷിച്ചാൽ കുഴപ്പമില്ല എന്നു പറയുന്ന വീഡിയോയ്ക്ക് ഫേസ്ബുക്കിൽ മാത്രം 15000 ഷെയർ ഉണ്ടാകുമ്പോൾ, സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്ന സന്ദേശം പാലിക്കപ്പെടണം എന്നില്ല. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ കേരള സമൂഹത്തിന്റെ ആരോഗ്യത്തിനു തന്നെ വലിയ ഭീഷണിയാവും.
സംസ്ഥാനം അതിന്റെ എല്ലാ ജാഗ്രതയോടും കഴിവുകളോടും കൂടി ഒരസുഖത്തെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ, അബദ്ധങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് അതിനെ തകർക്കാൻ ശ്രമിക്കുന്നത് അനുവദിച്ചുകൂടാ. പൗരന്റെ ജീവനും ആരോഗ്യവും സംരക്ഷിക്കുക എന്നുള്ളത് സ്‌റ്റേറ്റിന്റെ കടമയായതിനാൽ ഇത്തരമൊരു സാഹചര്യത്തിൽ ഇതുപോലെ അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തുന്നവരെ അതിൽ നിന്നും പിൻതിരിപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ കൂടുതൽപേർ ഇത്തരത്തിലുള്ള അബദ്ധങ്ങൾ പ്രചരിപ്പിക്കുകയും ജനങ്ങൾ കൂടുതൽ തെറ്റിദ്ധാരണയിലേക്ക് നയിക്കപ്പെടുകയും ചെയ്യും.
ഇതേ വിഷയം മുൻനിർത്തി ജേക്കബ് വടക്കൻചേരി എന്ന വ്യക്തിക്കെതിരെ രണ്ടു ദിവസം മുൻപ് അങ്ങേയ്ക്ക് ഒരു പരാതി സമർപ്പിച്ചിരുന്നു. അതിൽ നടപടികൾ പ്രായോഗികതലത്തിൽ എത്തിയില്ല എന്നതിൽ ആശങ്ക രേഖപ്പെടുത്തുന്നു.
ഇനിയും നടപടികൾ എടുക്കാൻ വൈകിയാൽ വർഷങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത കേരള മോഡൽ ആരോഗ്യം ഒരു ചോദ്യചിഹ്നമായി മാറാൻ സാദ്ധ്യതയുണ്ട്.
അതുകൊണ്ടുതന്നെ മാതൃകാപരവും ശക്തവുമായ നടപടികൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു,
ജനങ്ങളുടെ ആരോഗ്യത്തിന് വേണ്ടി നിലപാടെടുക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്,
ജിനേഷ് പി. എസ്.
ഇൻഫോക്ലിനിക്ക്