Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്ത് പാലിയേറ്റീവ് പ്രസ്ഥാനത്തിന് മുപ്പത് വയസ്സ്

ഇന്നലെ (ജനുവരി 15) പാലിയേറ്റീവ് ദിനമായിരുന്നു. മാറാരോഗങ്ങൾ കൊണ്ട് യാതന അനുഭവിക്കുന്ന രോഗികളുടെയും കുടുംബത്തിന്റെയും വേദനയും സാമൂഹിക, മാനസിക, ആത്മീയ പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞ് ശരിയായ വിലയിരുത്തലിലൂടെ കൂടെ നിന്ന് രോഗിക്കും കുടുംബത്തിനും സാന്ത്വനമേകുന്ന സന്നദ്ധ സേവന സംരംഭമായ പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ സംസ്ഥാനത്ത് സേവനം തുടങ്ങിയിട്ട് 30 വർഷങ്ങൾ പിന്നിടുകയാണ്. 
സകല പ്രതീക്ഷകൾക്കും ആനന്ദങ്ങൾക്കും കടിഞ്ഞാണിടുന്ന മാറാരോഗങ്ങൾക്കും എല്ലാ സുഖസൗകര്യങ്ങൾക്കും ആസ്വാദനങ്ങൾക്കും മുന്നിൽ മനുഷ്യൻ തോറ്റുപോകുന്ന നിസ്സഹായാവസ്ഥക്കും പരിഹാരം തേടിക്കൊണ്ടു ഉടലെടുത്ത സാന്ത്വന പരിചരണ കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾക്ക് അനുദിനം രോഗാതുരമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ ഏറെ സ്വീകാര്യതയും പ്രസക്തിയും വർധിച്ചുവരികയാണ്.
മാറാരോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരും നിലവിലെ ആധുനിക ചികിത്സ സംവിധാനങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്തവരുമായ രാജ്യത്തെ രോഗികളിൽ വലിയൊരു ശതമാനത്തിനും പാലിയേറ്റീവ് പരിചരണം ഇനിയും ലഭ്യമായിട്ടില്ല എന്നത് രാജ്യമാകെ സമൂഹം ഈ സംവിധാനത്തിന് കൂടുതൽ പിന്തുണയേകേണ്ട ആവശ്യകത ബോധ്യപ്പെടുത്തുന്നുണ്ട്. എന്നാൽ കേരളത്തിൽ എണ്ണൂറിലധികം പാലിയേറ്റീവ് യൂനിറ്റുകൾ നിലവിൽ പ്രവർത്തിച്ചു വരുന്നുണ്ടെന്നതും  ഓരോ പാലിയേറ്റീവ് രോഗിക്കും പരിചരണം ലഭിക്കും വിധം ഒരു വർഷത്തിനുള്ളിൽ കേരളം സമ്പൂർണ പാലിയേറ്റീവ് പരിചരണ സംസ്ഥാനമായി  മാറുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണ് എന്നതും പ്രതീക്ഷയേകുന്ന കാര്യമാണ്.
അനിയന്ത്രിതവും വിഷലിപ്തവുമായ പുതിയ ആധുനിക ഭക്ഷണ സംസ്‌കാരവും രോഗങ്ങളുടെ സ്വഭാവത്തിലുള്ള പരിണാമവും  മാരകമായ രോഗങ്ങൾ ബാധിച്ചവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാക്കുന്നത്. ചികിത്സാരംഗത്തെ  നൂതന കണ്ടുപിടിത്തങ്ങൾക്കും മുന്നേറ്റങ്ങൾക്കും ഈ വർധനയെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. മലപ്പുറം ജില്ലയിലെ ഒരു പാലിയേറ്റീവ് ക്ലിനിക്കിന് കീഴിൽ  അഞ്ഞൂറോളം കുടുംബങ്ങൾ ഉള്ള ഒരു ഗ്രാമത്തിൽ നടത്തിയ  സർവേയിൽ  രോഗികളുള്ള കുടുംബങ്ങളിൽ അധികവും  ഭക്ഷണത്തേക്കാളേറെ മരുന്നിനാണ് പണം ചെലവഴിക്കുന്നത് എന്നും  പാലിയേറ്റീവ് പരിചരണം അർഹിക്കുന്ന രോഗികൾ ഉള്ള കുടുംബങ്ങളിൽ പതിനായിരത്തിനു മുകളിൽ മാസം മരുന്നിനും ചികിത്സക്കുമായി ചെലവഴിക്കേണ്ടി വരുന്നു എന്നും കണ്ടെത്തിയിരിക്കുന്നു. സർക്കാർ വരുമാനത്തിന്റെ സിംഹഭാഗവും ആരോഗ്യ ചികിത്സാരംഗത്ത് ചെലവഴിച്ചിട്ടും വർധിച്ചുവരുന്ന രോഗാതുരതയെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്നത് പാലിയേറ്റീവ് പരിചരണത്തിന്റെയും ശക്തമായ ആരോഗ്യ ബോധവൽക്കരണത്തിന്റെയും പ്രസക്തി വർധിപ്പിക്കുന്നു.
പാരമ്പര്യ മാറാരോഗികളുടെ പരിചരണത്തിന് പുറമെ
തിരക്ക് പിടിച്ച ജീവിതക്രമങ്ങളിലെ താളം തെറ്റലുകളും ആസ്വാദനങ്ങൾക്കോ മെച്ചപ്പെട്ട ഉപജീവനം തേടിയോ ഉള്ള ഓട്ടത്തിനിടയിലോ ആകസ്മികമായുണ്ടാകുന്ന അപകടങ്ങൾ മൂലമോ ശരീരം  തളർന്നു കിടപ്പിലായവർ,  മാനസിക പിരിമുറുക്കങ്ങൾ മൂലം ഉണ്ടാകുന്ന ആഘാതങ്ങളാൽ ശരീരവും മനസ്സും തളർന്ന് കിടപ്പിലായവർ, കുടുംബ, തൊഴിൽ മേഖലകളിലെ വിവിധങ്ങളായ സമ്മർദങ്ങളാൽ മാനസികനില തെറ്റിയവർ ഇവരെയെല്ലാം ഉൾക്കൊള്ളാൻ പാലിയേറ്റീവ് പ്രസ്ഥാനങ്ങൾ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. മിക്ക പാലിയേറ്റീവ് ക്ലിനിക്കുകളോടനുബന്ധിച്ചും മാനസിക വിഭാഗം, ഒ. പി, ഫിസിയോതെറാപ്പി സെന്ററുകൾ എന്നിവ പ്രവർത്തിച്ചു വരുന്നുണ്ട്.  സോഷ്യൽ മീഡിയകളുടെ മുന്നേറ്റവും സമീപകാലത്ത് യുവജന സന്നദ്ധ സംഘടനകളുടെ കീഴിലുള്ള ആതുര സേവന രംഗത്തെ മുന്നേറ്റവും സമൂഹത്തിന് ഏറെ ഗുണകരമാവുന്നുണ്ട്.  സമീപകാലത്തായി
വിവിധ സംഘടനകളുടെ കീഴിലും സർക്കാർ മേഖലയിലും പാലിയേറ്റീവ് കേന്ദ്രങ്ങളും സംവിധാനങ്ങളും  കൂടുതൽ പ്രവർത്തിച്ചുവരുന്നുണ്ടെന്നത് പ്രതീക്ഷയേകുന്നെങ്കിലും  ഈ രംഗത്തെ അനാരോഗ്യകരമായ മത്സരങ്ങളും  സാമ്പത്തിക സമാഹരണ മേഖലയിൽ  സുതാര്യമല്ലാത്തതും പാലിയേറ്റീവ് നയനിലപാടുകൾക്ക് വിരുദ്ധവുമായ പ്രവണതകളും എതിർക്കപ്പെടേണ്ടതുണ്ട്. പാലിയേറ്റീവ് ക്ലിനിക് പ്രവർത്തനത്തിന്റെ മുഖ്യ സംഘാടകരും നടത്തിപ്പുകാരും നിസ്വാർത്ഥ സേവനം ചെയ്യാൻ തയാറുള്ളവരും രോഗീപരിചരണത്തിൽ നേരിട്ട് ഇടപെടുകയും രോഗിയെ കാണാനും കേൾക്കാനും തന്റെ സമയവും കഴിവും പരമാവധി സമർപ്പിക്കാനും തയാറുള്ളവരുമാകണം.
സ്വാർത്ഥ താൽപര്യങ്ങളോ സംഘടന, പാർട്ടി താൽപര്യങ്ങളോ സേവന പ്രവർത്തനങ്ങളിൽ പ്രതിഫലിക്കാൻ പാടില്ല. പാലിയേറ്റീവ് ക്ലിനിക്കുകൾ അവലംബിക്കുന്ന വിവിധ ധനസമാഹരണ യജ്ഞത്തിൽ ഒരിക്കൽ പോലും രോഗിയുടെയോ കുടുംബത്തിന്റെയോ അഭിമാനത്തിന് ക്ഷതമേൽപിക്കാത്തതും ഉപാധികളില്ലാതെ രോഗികൾക്ക് പൂർണമായും പ്രയോജനം ചെയ്യുന്നതുമായ സഹായ മാർഗങ്ങളാണ് സ്വീകരിക്കേണ്ടത്. ഓരോ പ്രദേശത്തും വ്യത്യസ്തമായ നയനിലപാടുകൾ പാലിയേറ്റീവ് പ്രസ്ഥാനങ്ങൾ സ്വീകരിക്കാൻ പാടില്ല.
പാലിയേറ്റീവ് രംഗത്ത് ആഗോളാടിസ്ഥാനത്തിൽ തന്നെ  പുലർത്തിപ്പോരുന്ന നയനിലപാടുകൾ അംഗീകരിച്ച് പ്രവർത്തിക്കാൻ തയാറുള്ളവരാകണം  വളണ്ടിയർമാരും സംഘാടകരും. പാലിയേറ്റീവ് നയനിലപാടുകൾ അംഗീകരിച്ച് പ്രവർത്തിക്കാൻ തയാറുള്ള ആർക്കും ലിംഗ, പ്രായഭേദമെന്യേ സേവന കൂട്ടായ്മയിൽ അണിചേരാവുന്നതാണ്.
സാന്ത്വനവും പരിചരണവും എറ്റവും അടുത്തുള്ളവരിൽ നിന്നും ഉറ്റവരിൽ നിന്നും തന്നെ കിട്ടുമ്പോഴണ് ഫലപ്രദമാകുന്നത്.  ഏറ്റവും കൂടുതൽ രോഗികളും പാലിയേറ്റീവ് പരിചരണ കേന്ദ്രങ്ങളുമുള്ള മലപ്പുറം ജില്ലയിലെ പാലിയേറ്റീവ് കൂട്ടയ്മയായ മലപ്പുറം ഇനീഷിയേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ (എം.ഐ.പി) ഈ വർഷത്തെ പാലിയേറ്റീവ് ദിനാഘോഷങ്ങളുടെ സന്ദേശം   'എന്റെ നാളേക്ക് എന്റെ പരിചരണത്തിന്' എന്നതാണ്.  സമൂഹത്തിൽ ആരെങ്കിലും ചെയ്യേണ്ട ഒരു ബാധ്യതയല്ല പാലിയേറ്റീവ് പരിചരണം. 
മറിച്ച്, ഓരോരുത്തരും സ്വയം പരിചരണക്കാരാവുക വഴി സ്വന്തത്തെയും കുടുംബത്തെയും ഉറ്റവരെയും പരിചരിക്കാനുള്ള സന്നദ്ധത വളർത്തിയെടുക്കുക എന്ന മഹത്തായ ആശയമാണ് ഇത് നൽകുന്നത്. ഉറ്റവരോടും ഉടയവരോടുമുള്ള ബാധ്യതകൾ നിർവഹിക്കുന്ന സഹജീവി സനേഹവും സഹാനുഭൂതിയുമുള്ള തലമുറയെ വാർത്തെടുക്കാൻ പുതിയ വിദ്യാഭ്യാസ നയരേഖയിലും പാഠ്യപദ്ധതിയിലുമടക്കം സമൂഹത്തിന്റെ എല്ലാ മേഖലകളിലും ബോധപൂർവമായ പരിശ്രമങ്ങൾ നടക്കേണ്ടതുണ്ട്.
(മലപ്പുറം ജില്ലയിലെ പാറക്കൽ പെയിൻ പാലിയേറ്റീവ് ഫിസിയോതെറാപ്പി സെന്ററിലെ വളണ്ടിയറാണ് ലേഖകൻ - ഫോൺ 9961351135)

Latest News