ദോഹ- 2023 ലെ ഏറ്റവും പുതിയ നംബിയോ ക്രൈം ഇൻഡെക്‌സ് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി ഖത്തർ തുടരുന്നു. 2019 ൽ ജപ്പാനിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതിന് ശേഷം കഴിഞ്ഞ വർഷങ്ങളിലൊക്കെ സൂചികയിൽ ഒന്നാം സ്ഥാനത്താണ് ഖത്തർ. 2017 ൽ ഒന്നാം സ്ഥാനത്തായിരുന്ന ഖത്തറിൽ നിന്നാണ് 2018 ൽ ജപ്പാൻ കിരീടം നേടിയത്.
ലോകത്തിലെ ഏറ്റവും വലിയ ജീവിതച്ചെലവ് ഡാറ്റാ ബേസാണ് നംബിയോ. ജീവിത നിലവാരം, ഭവന സൂചകങ്ങൾ, കുറ്റകൃത്യങ്ങളുടെ നിരക്ക്, ആരോഗ്യ സംരക്ഷണ നിലവാരം, ഗതാഗത നിലവാരം, മറ്റ് സ്ഥിതിവിവരക്കണക്കുകൾ എന്നിവയുടെ ക്രൗഡ്-സോഴ്സ്ഡ് ഗ്ലോബൽ ഡാറ്റാ ബേസ് കൂടിയാണിത്.
റാങ്കിംഗ് അനുസരിച്ച്, ഖത്തറിന്റെ കുറ്റകൃത്യ സൂചിക കഴിഞ്ഞ വർഷത്തെ 13.8 ൽ നിന്ന് 14.8 ആണ്. അതേസമയം, രാജ്യത്തിന്റെ സുരക്ഷാ സൂചിക 85.2 ആണ്. മുൻ വർഷം ഇതേ വിഭാഗത്തിൽ 86.22 റാങ്കായിരുന്നു.
സൂചിക 142 രാജ്യങ്ങളിൽ സർവേ നടത്തി. യു.എ.ഇ (2), ഒമാൻ (5), ബഹ്‌റൈൻ (10) എന്നിവയുൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങൾ ആദ്യ പത്തിൽ ഇടം നേടി. തായ് വാൻ (3), ഐൽ ഓഫ് മാൻ (4), ഹോങ്കോംഗ് (6), അർമേനിയ (7), ജപ്പാൻ (8), സ്വിറ്റ്‌സർലൻഡ് (9) എന്നിവയാണ് ആദ്യ പത്തിലെ മറ്റുള്ളവ. സ്ലോവേനിയ, സൗദി അറേബ്യ, മൊണാക്കോ, ക്രൊയേഷ്യ, ഐസ് ലാൻഡ് എന്നീ രാജ്യങ്ങൾ യഥാക്രമം 11 മുതൽ 15 വരെ സ്ഥാനങ്ങളിലാണ്.