മഞ്ചേരി-ഐലീഗിൽ ഹോം ഗ്രൗണ്ടായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആറാം മൽസരത്തിനിറങ്ങിയ ഗോകുലം കേരള എഫ്.സിക്ക് തോൽവിയേറ്റു. മണിപ്പൂരിൽ നിന്നുള്ള ഇംഫാൽ ട്രാവു എഫ്‌സിയോട് ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ഗോകുലം ആദ്യപരാജയം ഏറ്റുവാങ്ങിയത്. കളിയുടെ രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്നത്. 57 -ാം മിനിറ്റിൽ ട്രാവു എഫ്.സിക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്ക് താജിക്കിസ്ഥാൻതാരം കോംറോൺ ഉയർത്തിയടിച്ച് നൽകിയ പന്ത് പ്രതിരോധക്കാരൻ ഗോഗോയ് തലകൊണ്ടു കുത്തിയിട്ട് വലയിലെത്തിച്ചു ഗോകുലത്തിനു ആദ്യപ്രഹരം നൽകി. ഗോൾ വീണതോടെ ട്രാവു എഫ്.സിയുടെ കളിക്ക് വേഗം കൂടി. മറുവശത്ത് ഗോകുലം ആക്രമണം ശക്തമാക്കി. എന്നാൽ ട്രാഫു എഫ്.സിക്കു വീണ്ടും അവസരം വരികയായിരുന്നു. 78-ാം മിനിറ്റിൽ എതിർ ബോക്സിലേക്ക് നൽകിയ ത്രൂപാസിൽ ട്രാവൂതാരം സലാം ജോൺസൺ സിംഗ് അത്യുഗ്രൻ ഫിനിഷിലൂടെ പന്ത് ലക്ഷ്യത്തിലെത്തിച്ചു ലീഡ് രണ്ടിലേക്കുയർത്തി. (2-0). തുടർന്നു തിരിച്ചടിക്കാൻ ഗോകുലത്തിന്റെ ശ്രമം. 86- ാം മിനിറ്റിൽ ട്രാവുവിന്റെ പ്രതിരോധ താരം സാംമറ്റേയുടെ മൈനസ് ബോൾ ഗോകുലത്തിന്റെ പരക്കരനായി ഇറങ്ങിയ ടി. ഷിജിൻ ബോക്സിൽ മാർക്ക് ചെയ്യാതെ നിൽക്കുകയായിരുന്ന താഹിർ സമാന് നൽകി. താഹിർ സമാൻ പന്ത് ക്ലിയർ ചെയ്തു. (2-1).
കളിയുടെ അവസാന മിനിറ്റിലും ട്രാവുവിന്റെ ബോക്സിൽ ഗോകുലം പന്തെത്തിച്ചെങ്കിലും ഗോൾ മാത്രം വിട്ടുനിന്നു. സ്വന്തം ഗ്രൗണ്ടിലെ ആദ്യ പരാജയം കൂടിയാണ് ഇന്നലെ പയ്യനാട് സ്റ്റേഡിയത്തിൽ ഗോകുലത്തിന് സംഭവിച്ചത്.
ഈ സീസണിലെ ഐ ലീഗിന് തുടക്കം കുറിച്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ അവസാന മൽസരം കൂടിയായിരുന്നു ഞായറാഴ്ച. ഇനിയുള്ള ഗോകുലത്തിന്റെ ഹോം മൽസരങ്ങൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ലീഗിൽ പതിനൊന്ന് കളികൾ പൂർത്തിയായതോടെ പോയിന്റ് പട്ടികയിൽ ഗോകുലം അഞ്ചാം സ്ഥാനത്താണുള്ളത്. ഇന്നലെ ഗോകുലത്തിനോട് വിജയം സ്വന്തമാക്കിയതോടെ ട്രാവു എഫ്.സി മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. അഞ്ച് ജയവും മൂന്നു പരാജയവും മൂന്നു സമനിലയുമായി 18 പോയിന്റാണ് ഗോകുലത്തിന്. ഒരു ഗോൾ നേടുകയും പ്രതിരോധത്തിന്റെ ചുക്കാൻ പിടിക്കുകയും ചെയ്ത ട്രാവുഎഫ്.സിയുടെ ഗോഗോയ് ആണ് മാൻ ഓഫ് ദ മാച്ച്. ഗോകുലത്തിന്റെ അടുത്ത കളിയും ഹോം മൽസരമാണ്. കോഴിക്കോട്ട് 20ന് റിയൽ കാഷ്മീർ എഫ്.സിയുമായി ഗോകുലം ഏറ്റുമുട്ടും.