Sorry, you need to enable JavaScript to visit this website.

പ്രശ്‌നക്കാരന്‍ കൊമ്പന്‍ കൂട്ടുകാരുമായി എത്തി, ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം

പാലക്കാട്- ജനവാസ കേന്ദ്രങ്ങളില്‍ വിലസുന്ന കൊമ്പനെ നേരിടാന്‍ കുങ്ങിയാനകള്‍ തമ്പടിച്ച ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം പ്രത്യക്ഷപ്പെട്ടു. വരകുളം എസ്റ്റേറ്റിനു സമീപം പുലര്‍ച്ചെയാണ് കാട്ടാനക്കൂട്ടം എത്തിയത്. ശല്യക്കാരനായി പ്രഖ്യാപിച്ച കൊമ്പനാനയും കൂട്ടത്തിലുണ്ടായിരുന്നു.
ധോണി, അകത്തേത്തറ, മുണ്ടൂര്‍ മേഖലയില്‍ ഭീതി വിതച്ച് വിഹരിക്കുന്ന കൊമ്പനാനയെ മയക്കുവെടി വെച്ച് പിടികൂടാന്‍ വനംവകുപ്പിന്റെ വന്‍സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. നാല് കുങ്കിയാനകളും സംഘത്തില്‍ ഉള്‍പ്പെടുന്നു. പ്രശ്‌നക്കാരന്‍ ആനയെ പിടികൂടിയാല്‍ തടവിലാക്കുന്നതിനുള്ള കൂടിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. ആനയെ പിടികൂടാനുള്ള ദൗത്യം നാളെ ആരംഭിക്കുമെന്നാണ് വനംവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്ടില്‍ കാട്ടാനയെ പിടികൂടുന്നതിനിടയില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള വനം ചീഫ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സഖറിയ അഅടുത്ത ദിവസം പാലക്കാട്ട് എത്തുമെന്നറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം മുന്നോട്ടു പോകുക.
പ്രശ്‌നക്കാരന്‍ കാട്ടാനയെ എങ്ങനെ പിടികൂടുമെന്ന ആശയക്കുഴപ്പം തുടരുകയാണ്. നേരത്തേ ഒറ്റക്ക് കറങ്ങി നടക്കുമ്പോഴാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനിച്ചത്. കൂടുതല്‍ കുങ്കിയാനകളെ സ്ഥലത്തേക്ക് കൊണ്ടുവന്നതും അക്കാര്യത്തിനു വേണ്ടിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി ആനക്കൂട്ടത്തിലാണ് പ്രശ്‌നക്കാരന്‍ ആന. കൂട്ടത്തില്‍ ചേര്‍ന്ന ആനയെ മയക്കുവെടി വെച്ച് പിടികൂടുന്നതില്‍ പ്രായോഗികമായ ബുദ്ധിമ്മുട്ടുകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ കുറച്ചുകാലമായി പ്രദേശത്ത് പതിവായി വലിയ നാശനഷ്ടങ്ങളുണ്ടാക്കുന്ന കൊമ്പനെ പിടികൂടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഉരുണ്ടു കളിക്കുകയാണ് എന്നാരോപിച്ച് മലമ്പുഴ, അകത്തേത്തറ, മുണ്ടൂര്‍, പുതുപ്പരിയാരം ഗ്രാമപ്പഞ്ചായത്തുകളില്‍ ബി.ജെ.പി നാളെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

 

Latest News