Sorry, you need to enable JavaScript to visit this website.

ഹജ്, ഉംറ തീർഥാടകർക്ക് സേവനം; ദല്ല അൽബറക കമ്പനിയും ഫ്‌ളൈ നാസും കരാറൊപ്പിട്ടു

അറബ് രാജ്യങ്ങളിൽനിന്നുള്ള ഹജ് തീർഥാടകർക്ക് സൗദിയിലെ നഗരങ്ങൾക്കിടയിലും പുണ്യസ്ഥലങ്ങളിലും യാത്ര സൗകര്യം നൽകാനുള്ള ധാരണാപത്രത്തിൽ മാഹിർ സ്വാലിഹ് ജമാലും ലുഅയ് അബ്ദുല്ലത്തീഫ് ഗുറാബും ഒപ്പുവെക്കുന്നു. 

ജിദ്ദ - ഹജ്, ഉംറ തീർഥാടകർക്ക് യാത്ര, താമസ സേവനങ്ങൾ നൽകാൻ ദല്ല അൽബറക കമ്പനിയും ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസും രണ്ടു ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ഫ്‌ളൈ നാസ് വിമാന സർവീസുകളിൽ എത്തുന്ന ഹജ്, ഉംറ തീർഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് മക്കയിലേക്കും മദീനയിലേക്കും തിരിച്ചും പുണ്യസ്ഥലങ്ങളിലും യാത്ര സൗകര്യം നൽകാനും ഹോട്ടലുകളിൽ താമസ സൗകര്യം നൽകാനും ലക്ഷ്യമിടുന്ന ധാരണാപത്രങ്ങളിൽ ദല്ല അൽബറക കമ്പനി എം.ഡി ലുഅയ് അബ്ദുല്ലത്തീഫ് ഗുറാബും ഫ്‌ളൈ നാസ് ഡെപ്യൂട്ടി സി.ഇ.ഒ സിയാദ് ബിൻ സഈദ് ശതയുമാണ് ഒപ്പുവെച്ചത്. 
ഫ്‌ളൈ നാസ് വിമാനങ്ങളിൽ എത്തുന്ന ഹജ്, ഉംറ തീർഥാടകർക്ക് മക്കക്കും മദീനക്കും ഇടയിലും പുണ്യസ്ഥലങ്ങളിലും ദല്ല അൽബറക കമ്പനിക്കു കീഴിലെ ബസുകളിൽ യാത്ര സൗകര്യം നൽകാൻ ധാരണാപത്രങ്ങളിൽ ഒന്ന് അനുശാസിക്കുന്നു. ദല്ല അൽബറക കമ്പനിക്കു കീഴിൽ 8400 പുതിയ ബസുകളുണ്ട്. ഫ്‌ളൈ നാസ് വിമാനങ്ങളിൽ എത്തുന്ന ഹജ്, ഉംറ തീർഥാടകർക്ക് ദല്ല ഹോട്ടൽസ് ആന്റ് ഹോസ്പിറ്റാലിറ്റി കമ്പനി താമസ സൗകര്യം നൽകുമെന്ന് രണ്ടാമത്തെ ധാരണാപത്രം പറയുന്നു. 


അറബ് രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് സൗദിയിലെ നഗരങ്ങൾക്കിടയിലും പുണ്യസ്ഥലങ്ങളിലും യാത്ര സൗകര്യം നൽകാൻ ദല്ല അൽബറക ഗ്രൂപ്പിനു കീഴിലെ ദല്ല ഹജ് ട്രാൻസ്‌പോർട്ട് കമ്പനി അറബ് രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാരെ സേവിക്കുന്ന ത്വവാഫ കമ്പനിയുമായി മറ്റൊരു ധാരണാപത്രവും ഒപ്പുവെച്ചു. അറബ് രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ മാഹിർ സ്വാലിഹ് ജമാലും ദല്ല അൽബറക കമ്പനി എം.ഡി ലുഅയ് അബ്ദുല്ലത്തീഫ് ഗുറാബുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. 
ഹജ്, ഉംറ തീർഥാടകർക്ക് യാത്ര സൗകര്യം നൽകുന്ന ബസ് കമ്പനികളുടെ കൂട്ടായ്മയായ ജനറൽ കാർസ് സിണ്ടിക്കേറ്റുമായി മറ്റു രണ്ടു കരാറുകൾ ദല്ല അൽബറക ഗ്രൂപ്പിനു കീഴിലെ ഫുഡ് സർവീസ് ഗ്രൂപ്പ് കമ്പനിയും ഒപ്പുവെച്ചു. വിശുദ്ധ റമദാനിൽ ബസ് കമ്പനികളിലെ 4200 പേർക്ക് ഇഫ്താറും അത്താഴവും വിതരണം ചെയ്യാനുള്ളതാണ് കരാറുകളിൽ ഒന്ന്. അടുത്ത ഹജ് മുതൽ മൂന്നു വർഷം ഹജ് സീസണുകളിൽ ബസ് ഷട്ടിൽ സർവീസ് സെന്ററുകളിൽ 7000 പേർക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ളതാണ് രണ്ടാമത്തെ കരാർ. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Tags

Latest News