Sorry, you need to enable JavaScript to visit this website.

സൗദിയിൽ 500 അടിസ്ഥാന ഉൽപ്പനങ്ങൾക്ക് വില കൂടുതൽ, 28 ശതമാനത്തിലേറെ അധികം

റിയാദ് - ചില അയൽ രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയിൽ 500 അടിസ്ഥാന ഉൽപന്നങ്ങളുടെ വിലകൾ 28 ശതമാനത്തിലേറെ കൂടുതലാണെന്ന് കൃഷി, ഭക്ഷ്യസുരക്ഷാ എക്‌സിക്യൂട്ടീവ് ബിസിനസ് കൺസൾട്ടന്റ് എൻജിനീയർ അബ്ദുൽ അസീസ് അൽയാഖൂത്ത് വെളിപ്പെടുത്തി. ഒരാഴ്ച മുമ്പ് 120 വളണ്ടിയർമാരുടെ പങ്കാളിത്തത്തോടെ നിത്യോപയോഗ വസ്തുക്കളുടെ വിലകൾ നിരീക്ഷിക്കാൻ ജനസംഖ്യ കൂടിയ എട്ടു പ്രവിശ്യകളിലെയും നഗരങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിൽ 500 ലേറെ സന്ദർശനങ്ങൾ നടത്തി. ഇതിനിടെ പാലുൽപന്നങ്ങൾ, കോഴിയിറച്ചി, പാൽക്കട്ടികൾ, ശുചീകരണ വസ്തുക്കൾ എന്നിവ അടക്കം 500 അടിസ്ഥാന വസ്തുക്കളുടെ വിലകൾ വർധിച്ചതായി ശ്രദ്ധയിൽ പെട്ടു.
ഈ ഉൽപന്നങ്ങൾക്ക് സൗദിയിലുള്ള വിലകളും ചില ഗൾഫ് രാജ്യങ്ങളിൽ നിലവിലുള്ള വിലകളും തമ്മിൽ താരതമ്യം ചെയ്തതിൽ നിന്ന് സൗദിയിൽ ചില ഉൽപന്നങ്ങളുടെ വിലകൾ 28 ശതമാനത്തിലേറെ കൂടുതലാണെന്ന് വ്യക്തമായി. ചില അയൽ രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയിൽ അടിസ്ഥാന ഉൽപന്നങ്ങളുടെ വിലകൾ ശരാശരി 23.5 ശതമാനം കൂടുതലാണ്.
റിയാദിൽ മാതാപിതാക്കളും രണ്ടു കുട്ടികളും അടങ്ങിയ കുടുംബത്തിന്റെ ഭക്ഷണ ചെലവുകൾക്ക് ശമ്പളത്തിന്റെ 38.5 ശതമാനമാണ് മുമ്പ് ചെലവഴിക്കേണ്ടിവന്നിരുന്നത്. നിലവിൽ ഇത് 48.5 ശതമാനമായി ഉയർന്നിട്ടുണ്ട്. നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം കാരണം ഇപ്പോൾ വേതനത്തിന്റെ പകുതിയോളം ഭക്ഷണയാവശ്യങ്ങൾക്ക് ചെലവഴിക്കേണ്ടിവരികയാണ്. 
സൗദിയിൽ ഉൽപാദിപ്പിച്ച് അയൽ രാജ്യങ്ങളിൽ വിൽക്കുന്ന ചില ഉൽപന്നങ്ങൾക്ക് അയൽ രാജ്യങ്ങളിൽ സൗദിയിലെക്കാൾ വില കുറവാണ്. സൗദിയിൽ 23 റിയാൽ മുതൽ 24 റിയാൽ വരെ വിലക്ക് വിൽക്കുന്ന ഒരു കമ്പനിയുടെ ഒരേ വലിപ്പത്തിലും ഉപയോഗ കാലാവധിയിലുമുള്ള ഒരു ട്രേ മുട്ടക്ക് അയൽ രാജ്യങ്ങളിൽ 30 ശതമാനം വരെ വില കുറവാണ്. 
ഇക്കാര്യങ്ങളിലെല്ലാം സമൂഹം ഇപ്പോൾ ബോധവാന്മാരാണ് എന്നും വിവരങ്ങൾ സുതാര്യമായി ലഭ്യമാണ് എന്നുമാണ് കമ്പനികളോട് തങ്ങൾക്ക് പറയാനുള്ളത്. സൗദിയിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നം എങ്ങിനെയാണ് സൗദിയിലേതിനും കുറഞ്ഞ നിരക്കിൽ അയൽ രാജ്യങ്ങളിൽ വിൽക്കുക. സൗദിയിൽ പല മേഖലകളിലും സർക്കാർ സബ്‌സിഡി നൽകുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് വാണിജ്യ മന്ത്രാലയവും കൺസ്യൂമർ പ്രൊട്ടക് ഷൻ അസോസിയേഷനും വിലകൾ നിയന്ത്രിക്കാൻ ഇടപെടലുകൾ നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ഇപ്പോൾ നടക്കുന്നത് വ്യവസ്ഥാപിതമായ വിലക്കയറ്റമാണ്. സൗദിയിൽ ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനത്തിൽ ശ്രദ്ധേയമായ വളർച്ചയുണ്ട്. അടിക്കടി വിലകൾ വർധിപ്പിച്ച് കമ്പനികൾ ഉപയോക്താക്കളെ പ്രകോപിപ്പിക്കുകയാണെന്നും എൻജിനീയർ അബ്ദുൽ അസീസ് അൽയാഖൂത്ത്  പറഞ്ഞു.
 

Tags

Latest News