റിയാദ് - പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അണിനിരക്കുന്ന അന്നസ്ർ, അൽഹിലാൽ ക്ലബ്ബുകളിലെ മുൻനിര താരങ്ങൾ ഒരു ടീമായും ലയണൽ മെസ്സി ബൂട്ടണിയുന്ന ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജെർമെയ്‌നും തമ്മിൽ ഈ മാസം 19 ന് റിയാദിൽ നടക്കുന്ന സ്വപ്‌ന മത്സരത്തിലെ ഗോൾഡൻ ടിക്കറ്റിന് ഒരു കോടി റിയാൽ ഓഫർ ചെയ്ത് വ്യവസായ പ്രമുഖൻ മുശറഫ് അൽഗാംദി. ഈ മാസം 17 ന് രാത്രി 11.30 വരെ ലേലം തുടരും. രണ്ടു ദിവസത്തിനു ശേഷം ജൂൺ 19 ന് രാത്രി 8.30 ന് 70,000 സീറ്റുകളുള്ള റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിലാണ് സ്വപ്‌ന മത്സരം നടക്കുക.
ഈ വർഷത്തെ റിയാദ് സീസൺ ശീർഷകം ആയ സങ്കൽപത്തിനും അപ്പുറം എന്ന പേരിട്ടാണ് ഗോൾഡൻ ടിക്കറ്റ് വിൽക്കുന്നത്. ഗോൾഡൻ ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന തുക മുഴുവൻ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ഇഹ്‌സാൻ പ്ലാറ്റ്‌ഫോമിന് കൈമാറും. കളിക്കാരുടെ ഡ്രസ്സിംഗ് റൂമിലേക്ക് പ്രവേശനം, വിജയിക്കുന്ന ടീമിനൊപ്പം ഗ്രൂപ്പ് ഫോട്ടോ, കപ്പ് സമ്മാന ചടങ്ങിൽ പങ്കെടുക്കൽ, കളിക്കാർക്കാർക്കൊപ്പം ഭക്ഷണം കഴിക്കാൻ അവസരം എന്നിവ അടക്കം നിരവധി അപൂർവ സവിശേഷതകൾ ഗോൾഡൻ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നു.
റൊണാൾഡോയും മെസ്സിയും നേരിട്ട് ഏറ്റുമുട്ടുന്ന സ്വപ്‌ന മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം റെക്കോർഡ് സമയത്തിനകം വിറ്റുപോയിരുന്നു. ടിക്കറ്റ് തേടി സൗദിയിൽ നിന്നും ലോക രാജ്യങ്ങളിൽ നിന്നും വാട്‌സ് ആപ്പ് മെസ്സേജുകൾ പ്രവഹിക്കാൻ തുടങ്ങിയതോടെ അഞ്ചു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്യാൻ താൻ നിർബന്ധിതനായതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഒരു ഗോൾഡൻ ടിക്കറ്റ് ലേലത്തിൽ വിൽക്കാനുള്ള തീരുമാനം തുർക്കി ആലുശൈഖ് പ്രഖ്യാപിച്ചത്.
പത്തു ലക്ഷം റിയാലിൽ കുറവ് തുക ഓഫർ ചെയ്ത് ആരും മുന്നോട്ടുവരരുതെന്ന് തുർക്കി ആലുശൈഖ് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. ടിക്കറ്റ് ലേലം ആരംഭിച്ച് നിമിഷങ്ങൾക്കകം സൗദി വ്യവസായി അബ്ദുൽ അസീസ് ബഗ്‌ലഫ് 25 ലക്ഷം റിയാൽ വാഗ്ദാനം ചെയ്തു. ടിക്കറ്റ് ലേലത്തിൽ വിൽക്കാനും ഇതിലൂടെ ലഭിക്കുന്ന തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നീക്കിവെക്കാനുമുള്ള തീരുമാനം നല്ലതും നൂതനവുമായ ആശയമാണെന്നും ഇതിന്റെ പ്രയോജനം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ലഭിക്കുമെന്നും പറഞ്ഞാണ് അബ്ദുൽ അസീസ് ബഗ്‌ലഫ് 25 ലക്ഷം റിയാൽ വാഗ്ദാനം ചെയ്ത് ലേലത്തിന് തുടക്കം കുറിച്ചത്.
വൈകാതെ ടിക്കറ്റ് സ്വന്തമാക്കാനുള്ള ലേലത്തിന് വാശിയേറുകയും ഓഫർ തുക 30 ലക്ഷമായി ഉയരുകയും ചെയ്തു. ഇതോടെ സൗദി വ്യവസായ ബന്ദർ അൽദഹീക് 31 ലക്ഷം റിയാൽ ഓഫർ ചെയ്ത് മത്സരത്തിൽ പ്രവേശിച്ചു. എന്നാൽ ആദ്യമായി ടിക്കറ്റിന് 25 ലക്ഷം റിയാൽ ഓഫർ ചെയ്ത അബ്ദുൽ അസീസ് ബഗ്‌ലഫ് 35 ലക്ഷം റിയാൽ വാഗ്ദാനം ചെയ്ത് വാശി പ്രകടിപ്പിച്ചു. വിട്ടുകൊടുക്കാൻ തയാറല്ലായിരുന്ന ബന്ദർ അൽദഹീക് 36 ലക്ഷം റിയാൽ ഓഫർ ചെയ്തു. ഇതോടെ അബ്ദുൽ അസീസ് ബഗ്‌ലഫ് 37 ലക്ഷം റിയാൽ വാഗ്ദാനം ചെയ്തു. അബ് ദുൽ അസീസ് ബഗ്‌ലഫും ബന്ദർ അൽദഹീകും തമ്മിൽ മത്സരം മൂർഛിക്കുന്നതിനിടെ ഇബ്രാഹിം അൽമുഹൈദിബ് 40 ലക്ഷം റിയാൽ വാഗ്ദാനം ചെയ്ത് രംഗത്തെത്തി.
പിന്നീട് ലേലത്തിൽ പങ്കെടുത്ത വ്യവസായ പ്രമുഖൻ ഖാലിദ് അൽമുശറഫ് ടിക്കറ്റിന് ഒറ്റയടിക്ക് 70 ലക്ഷം റിയാൽ വാഗ്ദാനം ചെയ്തു. മറ്റു ചില വ്യവസായികൾ കൂടി ടിക്കറ്റിന് താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടെത്തിയതോടെ ഖാലിദ് അൽമുശറഫ് 90 ലക്ഷം റിയാൽ ഓഫർ ചെയ്തു. ഇതിൽ കൂടിയ തുക ആരും ഓഫർ ചെയ്യില്ലെന്നും ഗോൾഡൻ ടിക്കറ്റ് ഖാലിദ് അൽമുശറഫിന് തന്നെ ലേലത്തിൽ ലഭിക്കുമെന്നും എല്ലാവരും കരുതിയിരിക്കെയാണ് മുഹമ്മദ് അൽമുനജ്ജിം 93 ലക്ഷം റിയാൽ ഓഫർ ചെയ്തത്. കൂടാതെ പാരീസ് സെന്റ് ജെർമെയ്ൻ ടീമിന് ഔദ്യോഗിക സ്വീകരണം നൽകുന്ന ചടങ്ങിൽ പങ്കെടുക്കുന്ന ഭീകര വിരുദ്ധ പോരാട്ടത്തിൽ വീരമൃത്യുവരിച്ച സുരക്ഷാ സൈനികരുടെ ബന്ധുക്കൾക്കും അനാഥകൾക്കും മൊബൈൽ ഫോണുകൾ അടക്കമുള്ളവ സമ്മാനമായി വിതരണം ചെയ്യുമെന്നും മുഹമ്മദ് അൽമുനജ്ജിം പ്രഖ്യാപിച്ചു. ഇതിൽ ഉയർന്ന തുകക്ക് ടിക്കറ്റ് വാങ്ങാൻ ആരും സന്നദ്ധരാകില്ല എന്ന് കരുതിയിരിക്കെയാണ് എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് ഒരു കോടി റിയാൽ വാഗ്ദാനം ചെയ്ത് മുശറഫ് അൽഗാംദി രംഗത്തെത്തിയത്.