കണ്ണൂർ-മുതലാളിമാരെ ഒഴിവാക്കി പാവപ്പെട്ടവന്റെ നെഞ്ചത്തു കൂടി റോഡുണ്ടാക്കുന്നതാണോ പിണറായി വിജയന്റെ വികസന നയമെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ആവശ്യപ്പെട്ടു. പാപ്പിനിശ്ശേരി തുരുത്തിയിൽ പട്ടിക ജാതി കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ബൈപാസ് നിർമ്മിക്കുന്നതിനെതിരെ സംയുക്ത സമര സമിതി നടത്തിയ കലക്‌ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ.
പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്താണ് എ.കെ.ജിയും നായനാരും കമ്യുണിസ്റ്റ് പാർട്ടി വളർത്തിയത്. എന്നാൽ ഇന്ന് നിരാലംബരും നിസ്സഹായരുമായ ദളിത് കുടുംബങ്ങളെ സമ്പന്നർക്കു വേണ്ടി കുടിയൊഴിപ്പിച്ച് പാത നിർമ്മിക്കുന്നവരായി കമ്യുണിസ്റ്റ് നേതാക്കൾ മാറിയിരിക്കുന്നു. പാവപ്പെട്ടവരെ ചവിട്ടിയരച്ച് മുതലാളിത്ത വിഭാഗത്തെ പ്രീണിപ്പിക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്. ഇതിനു കാലം നിങ്ങൾക്കു മാപ്പു തരില്ലെന്നും സുധീരൻ പറഞ്ഞു. നിലവിലുള്ള ദേശീയപാത വികസിപ്പിക്കുകയെന്നായിരുന്നു ആദ്യ തീരുമാനം. ഇതനുസരിച്ച് സ.പി.എം നിന്ത്രണത്തിലുള്ള സഹകരണ ബാങ്ക് പോലും കെട്ടിടം പുനർക്രമീകരിച്ചു. എന്നാൽ പിന്നീടിത് മാറി മറ്റൊരു അലൈൻമെന്റു തീരുമാനിച്ചു. വി.ഐ.പികളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ഇപ്പോഴത്തെ പുതിയ അലൈൻമെന്റ് തീരുമാനിച്ചതെന്നാണ് ദേശീയ പാതാ അധികൃതർ രേഖാമൂലം അറിയിച്ചത്. ജനദ്രോഹികളായ ഈ വി.ഐപിമാർ ആരെന്ന് അധികൃതർ വ്യക്തമാക്കണം. 25 പട്ടിക ജാതി കുടുംബങ്ങളെ തുടച്ചു മാറ്റുന്നതിനായി രണ്ട് വളവുകളാണ് പാതയിൽ നിശ്ചയിച്ചത്. ഇത്തരമൊരു പാതയുടെ അലൈൻമെന്റ് തീരുമാനിക്കുന്നതിനു മുമ്പു നടത്തേണ്ട ശാസ്ത്രീയ പഠനങ്ങളോ, പരിസ്ഥിതി ആഘാത പഠനമോ നടത്തിയിട്ടില്ല. മാത്രമല്ല, 25 കുടുംബങ്ങളിലെ അംഗങ്ങളെ പോലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് മാറ്റിയാണ് സർവേ നടപടികൾ പോലും പൂർത്തീകരിച്ചത്. ദേശീയ പാത വികസനം ആവശ്യമാണ്. എന്നാൽ ജനവിരുദ്ധമായ വികസനത്തിനെതിരെ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. സർക്കാരിന്റെ തെറ്റായ ശൈലിക്കെതിരെയാണ് ഈ പ്രതികരണം. ഇതിൽ രാഷ്ട്രീയമില്ല. ജനങ്ങളുടെ ഭാഗത്തു നിന്നാണ് പ്രതികരിക്കുന്നതെന്നും സുധീരൻ വ്യക്തമാക്കി.
കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നാണ് സ്ത്രീകളടക്കമുള്ള സമരക്കാർ പ്രകടനമായി കലക്‌ട്രേറ്റിനു മുന്നിലെത്തിയത്. സമര സമിതി കൺവീനർ നിഷിൽ കുമാർ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ സതീശൻ പാച്ചേനി, എം.ഗീതാനന്ദൻ, ശ്രീരാമൻ കൊയ്യോൻ, അഡ്വ.സജി.കെ.ചേരമൺ, സുരേഷ് കീവാറ്റൂർ, നമ്പ്രാടത്ത് ജാനകി അമ്മ, പ്രഭാകരൻ നാരാത്ത്, അഡ്വ.കസ്തൂരി ദേവൻ തുടങ്ങിയവർ സംബന്ധിച്ചു. സുധീരൻ ഇന്നലെ രാവിലെ പാപ്പിനിശ്ശേരിയിലെ തുരുത്തി പ്രദേശം സന്ദർശിക്കുകയും കാര്യങ്ങൾ നേരിട്ട് വിലയിരുത്തുകയും ചെയ്തിരുന്നു.