ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റായ ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് പഠനം. ആഗോള താപനമാണ് ഇവിടത്തെ പ്രധാന വില്ലൻ. 1500 ലേറെ മത്സ്യങ്ങളും ചെറുജീവികളുമുൾപ്പെടെ വൻ ജൈവസമ്പത്തുമുള്ള ഗ്രേറ്റ് ബാരിയർ റീഫിന്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും നശിച്ചെന്നാണ് ജയിംസ് കുക്ക് സർവകലാശാലയിലെ എ.ആർ.സി സെന്റർ ഒഫ് എക്‌സലൻസ് ഫോർ കോറൽ റീഫ് സ്റ്റഡീസ് നടത്തിയ സർവേയിൽ കണ്ടെത്തിയത്. താപനിലയിൽ വരുന്ന ചെറിയ വർദ്ധന പോലും പുറ്റിനുള്ളിൽ വസിക്കുന്ന നിറം നൽകുന്ന പായലുകളെ പുറന്തള്ളും. ഇതോടെ പുറ്റിന്റെ ഗഌമറെല്ലാം പമ്പ കടക്കും.
ഈ പവിഴപ്പുറ്റുകൾ രൂപപ്പെടാൻ 8000 വർഷമെങ്കിലും എടുത്തിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നിർജീവമായ പവിഴപ്പുറ്റുകളിന്മേലാണ് പുതിയവ വരുന്നത്. നിർജീവമാക്കപ്പെട്ടവയ്ക്കാകട്ടെ രണ്ടു കോടി വർഷത്തെയെങ്കിലും പഴക്കമുണ്ട്. ടൂറിസം വരുമാനത്തിലൂടെ മാത്രം ഓസ്‌ട്രേലിയയ്ക്ക് ഈ പവിഴപ്പുറ്റുകൾ പ്രതിവർഷം 600 കോടി ഡോളർ വരെ നൽകുന്നുണ്ട് .ആഗോള താപനത്തെ എങ്ങനെ നേരിടുന്നു എന്നതിനനുസരിച്ചിരിക്കും പവിഴപ്പുറ്റിന്റെ ആയുസ്സെന്നാണ് അമേരിക്കയിലെ ദേശീയ സമുദ്ര അന്തരീക്ഷ ഭരണ സമിതിയിലെ പവിഴപ്പുറ്റ് നിരീക്ഷക സംഘത്തിന്റെ മേധാവി മാർക് ഏകിൻ പറയുന്നത്. പവിഴപ്പുറ്റ് സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഫൗണ്ടേഷന് 444 മില്യൺ ഡോളർ ഗ്രാന്റ് നൽകുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.