Sorry, you need to enable JavaScript to visit this website.

കാലിക്കറ്റ് ടു ഗാങ്‌ട്ടോക് 

ചെന്നൈ സെൻട്രൽ സ്റ്റേഷൻ
അണ്ണാ ശാല
ചെന്നൈ എഗ്‌മോർ സ്റ്റേഷൻ   
സിക്കിമിലേക്ക് പുറപ്പെട്ട സംഘം ചെന്നൈ സെൻട്രലിൽ
വാണിജ്യ കേന്ദ്രമായ ടി. നഗർ

2016 നവംബർ 8 രാത്രി 8 മണി. എ ടി എമ്മിൽ നിന്നും ചെലവിനുള്ള പതിനായിരം രൂപയും എടുത്ത് വീട്ടിൽ എത്തിയതേയുള്ളൂ. വാട്‌സ് ആപ്പിൽ സുഹൃത്തിന്റെ ഒരു പോസ്റ്റ്. ഇന്ന് അർദ്ധരാത്രി മുതൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചിരിക്കുന്നു. ഉടൻ ടി വി തുറന്നു നോക്കി. പ്രധാനമന്ത്രിയുടെ ചരിത്രപരമായ മണ്ടത്തരമായിത്തീർന്ന പ്രഖ്യാപനവും ചർച്ചകളുമായി ആകെപ്പാടെ ബഹളമയം. രാജ്യം മുഴുവൻ അന്തം വിട്ടിരിക്കുന്നു. കയ്യിലുള്ളത് പതിനായിരം മാത്രം. അത് നിരോധിച്ചു. ബാക്കി മുഴുവനും ബാങ്കിൽ. ഇനി ഒന്ന് രണ്ടു മാസം കൂടി നാട്ടിൽ നിൽക്കണമെന്നുണ്ട്. വീട് പണിയും നടക്കുന്നു. കൽപണിക്കാരും ആശാരിമാരും ഉണ്ട്. അവർക്കൊക്കെ ഇനി എങ്ങനെ കൂലി കൊടുക്കും? 
ആശാരിമാരുടെ മേസ്തരി നോട്ടു നിരോധനത്തെ ന്യയീകരിക്കുന്നു. അവർക്ക് ആഴ്ചാവസാനമാണ് കൂലി കൊടുക്കേണ്ടത് . കൽപണിക്കാരനുള്ളത് സുഹൃത്തുക്കളുടെ അടുത്തു നിന്നൊക്കെ പണം വാങ്ങി ഒപ്പിച്ചു കൊടുത്തു. അശാരിക്കിട്ടൊരു പണിയും കൊടുത്തു.

അദ്ദേഹത്തിനു മുപ്പതിനായിരം ഉറുപ്പികയുടെ ചെക്കാണ് കൊടുത്തത്. അതും കയ്യിൽ വെച്ച് അയാൾ വാ പൊളിച്ചു നിന്നു. അന്ന് മുതൽ 4 ദിവസം പണിയും ഉപേക്ഷിച്ചു ബാങ്കിൽ വരിനിന്നതിനു ശേഷമാണു ചെക്ക് നിക്ഷേപിക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞത്. അക്കൗണ്ടിൽ ഇട്ട പണം രണ്ടായിരം വീതം എല്ലാ ദിവസവും മണിക്കൂറുകളോളം വരി നിന്ന് മാറ്റിയെടുത്തിട്ടുണ്ടാകും പാവം. നമ്മൾ അദ്ധ്വാനിച്ചുണ്ടാക്കി ബാങ്കിൽ നിക്ഷേപിച്ച പണം ലഭിക്കാൻ ദിവസങ്ങളോളം ബാങ്കിൽ വരി നിൽക്കേണ്ട ദുരവസ്ഥ ഇവിടെയല്ലാതെ ലോകത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ല. വീട് പണി തൽക്കാലം നിർത്തി വെച്ച് ഒരു യാത്ര പോയാലോ എന്നാലോചിച്ചു. 


മദ്രാസ്, സിലിഗുരി, ഡാർജിലിംഗ്, സിക്കിം, കൊൽക്കത്ത എന്നീ റൂട്ടും പ്ലാൻ ചെയ്ത് സുഹൃത്ത് മൊയ്തീനെയും കൂട്ടി ചെന്നൈയിലേക്കുള്ള ട്രെയിൻ കയറി. കോഴിക്കോട്ടു നിന്നും രാത്രി 2 മണിക്കാണ് ചെന്നൈ വെസ്റ്റ് കോസ്റ്റ് ട്രെയിൻ. പിറ്റേന്ന് വൈകിട്ട് 3 മണിക്ക് അവിടെയെത്തും. അന്ന് തന്നെ അവിടുന്ന് രാത്രി 11 മണിക്കുള്ള ചെന്നൈ - ഗുവാഹത്തി എക്‌സ്പ്രസിൽ യാത്ര ചെയ്ത് ന്യൂ ജയ്പാൽഗുരിയിൽ ഇറങ്ങി തൊട്ടടുത്തുള്ള സിലിഗുരിയിൽ എത്തണം. 8 മണിക്കൂർ ചെന്നൈയിൽ ചുറ്റിക്കറങ്ങാം. യാത്രയാക്കാൻ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ സുഹൃത്ത് സമദ് കിണാശ്ശേരി ചെന്നൈയിലുള്ള അദ്ദേഹത്തിന്റെ കസിൻ സലാമിനെ ഫോണിൽ പരിചയപ്പെടുത്തിത്തന്നു. റെയിൽവേയിൽ ഉദ്യോഗസ്ഥനായ അദ്ദേഹം അവിടെ അഞ്ചെട്ടു മണിക്കൂറോളം കറങ്ങാം എന്നേറ്റു. സ്‌റ്റേഷനിലെ അതിഭീകരമായ കൊതുക് കടിയേറ്റ് നിൽക്കവേ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് എത്തി . 'അമ്മ' വാഴും ചെന്നൈയിലേക്കുള്ള യാത്ര ആരംഭിച്ചു. ഫ്‌ളൈറ്റിലും, കാറിലും, ബസിലും ഒന്നും സഞ്ചരിച്ചാൽ  കിട്ടാത്ത ഒരനുഭൂതിയും ഏകാഗ്രതയും ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ലഭിക്കും. പച്ച വിരിച്ച നെൽപാടങ്ങളും കൃഷിയിടങ്ങളും മരതക കുന്നുകളും താണ്ടി ട്രെയിൻ ചെന്നൈയോട് അടുക്കാറായപ്പോൾ ഞങ്ങൾ സലാമിനെ വിളിച്ചു. അദ്ദേഹം പറയുന്നത് മുഖ്യമന്ത്രി ജയലളിത വളരെ അത്യാസന്ന നിലയിലാണ്. എന്തും സംഭവിക്കാം. ചെന്നൈ നഗരം ആകെ നിശ്ചലാവസ്ഥയിലാണ്. വാർത്ത ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് എനിക്ക് സ്‌റ്റേഷനിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടാണ് ഞാൻ സുഹൃത്ത് മുത്തുവിനെ സ്‌റ്റേഷനിലേക്കയക്കാം. അദ്ദേഹം നിങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു തരും.

അണ്ണന്റെ മൊബൈൽ നമ്പറും അയച്ചു തന്നു. 3 മണിക്ക് വണ്ടി ചെന്നൈ സെൻട്രൽ സ്‌റ്റേഷനിൽ എത്തിയപ്പോൾ അണ്ണൻ ഞങ്ങളെയും കാത്ത് അവിടെ നിൽപുണ്ടായിരുന്നു. സമയം 3 മണി കഴിഞ്ഞതേയുള്ളൂ, റോഡിൽ വാഹനങ്ങൾ വളരെ കുറച്ചേ കാണുന്നുള്ളൂ. കടകൾ മിക്കതും അടഞ്ഞു കിടക്കുന്നു. തുറന്നു പ്രവർത്തിക്കുന്നതാവട്ടെ അടച്ചുകൊണ്ടുമിരിക്കുന്നു . മുത്തു പറഞ്ഞു: രാത്രി 11 മണിക്കുള്ള ചെന്നൈ-ഗുവാഹത്തി എക്‌സ്പ്രസിനു പോകണമെങ്കിൽ ഇപ്പോൾ തന്നെ കുളിച്ചു ഫ്രഷായി സ്‌റ്റേഷനിലേക്ക് പുറപ്പെട്ടോളൂ. അമ്മ നിര്യാതയായ വിവരം പുറത്തു വന്നാൽ എല്ലാം നിശ്ചലമാകും. പിന്നെ ഒരു വാഹനവും കിട്ടാൻ വഴി കാണില്ല. ഞങ്ങൾ വേഗം റെഡിയായി കിട്ടിയ ഓട്ടോയിൽ എഗ്‌മോർ സ്‌റ്റേഷനിലേക്ക് വിട്ടു. ജിദ്ദയിലെ മാധ്യമ പ്രവർത്തകൻ സി.ഒ.ടി.അസീസ് ഞങ്ങളുടെ യാത്ര ഫേസ്ബുക്കിലൂടെ അറിഞ്ഞ് ഒരു മെസ്സേജ് വിട്ടിരുന്നു. ചെന്നൈയിലെത്തിയാൽ ഹോട്ടൽ ശരവണയിൽ നിന്നും മസാല ദോശ തിന്നാൻ മറക്കേണ്ട എന്ന്. എഗ്‌മോർ സ്‌റ്റേഷനിലെ രണ്ടു വട തിന്നു തൃപ്തിപ്പെടെണ്ടി വന്നു. കടവുളേ കാപ്പാത്തുങ്കോ... 11 മണിക്ക് മുൻപ് അമ്മയുടെ നിര്യാണ വാർത്ത പുറത്തു വരരുതേ.... പ്രാർത്ഥനയമായി നാല് മണിക്കൂറോളം അവിടെ കുത്തിയിരുന്നു.

വരുന്ന ട്രെയിനുകൾ നിറയെ കുമാരി ജയലളിതയുടെ ചെറിയ ഫോട്ടോ ബാഡ്ജായി തൂവെള്ള ഷർട്ടിൽ കുത്തിയ അനുയായികളുടെ വൻ തിരക്കായിരുന്നു . ഗുവാഹത്തി എക്‌സ്പ്രസ് കൃത്യം 11 മണിക്ക് തന്നെ ഞങ്ങളുമായി സ്‌റ്റേഷൻ വിടാൻ തുടങ്ങി. രാത്രി ഏകദേശം 12 മണിയോട് കൂടി വാർത്ത ഔദ്യോഗികമായി പുറത്തു വന്നു- 'മുതൽഅമൈച്ചർ പുരട്ചി തലൈവി ജയലളിത കാലമാണാർ'.

 (തുടരും)

 

 

 

 



 

Latest News