സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ യാഥാർഥ്യങ്ങളെക്കുറിച്ച് ശരിയായ തിരിച്ചറിവുള്ളവർ ബി.ജെ.പിക്കെതിരെ വിശാലമായ ദേശീയ പ്രതിപക്ഷ സഖ്യം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ അത്തരമൊരു നീക്കത്തിന് പ്രായോഗിക രൂപം കണ്ടെത്തുന്നതിൽ പലതരം തടസ്സങ്ങൾ നിരന്തരം വന്നു ഭവിക്കുന്നു. ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭീഷണി രാജ്യത്തെ ജനാധിപത്യത്തിനും ഭരണഘടനക്കും തന്നെ വലിയ വിപത്തായി മാറിയിട്ടും അതിനെ രാഷ്ട്രീയമായി ചെറുക്കാനുള്ള ശരിയായ ആയുധം കൈയിലെടുക്കാൻ പ്രതിപക്ഷത്തിനാകുന്നില്ല. കോൺഗ്രസ് അതീവ ദുർബലമാകുകയും മറ്റു ദേശീയ, പ്രാദേശിക പാർട്ടികൾ സങ്കുചിത രാഷ്ട്രീയ നിലപാടുകളിൽനിന്ന് മോചിതരാകാൻ വിസമ്മതിക്കുകയും ചെയ്യുന്ന പശ്ചാത്തലമാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണം.
പ്രാദേശിക തലങ്ങളിൽ ബി.ജെ.പിക്കെതിരെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിന് നേരത്തെ തന്നെ ശ്രമങ്ങൾ നടക്കുന്നുണ്ട്. മഹാരാഷ്ട്രയിലും കർണാടകയിലും തമിഴ്‌നാട്ടിലുമൊക്കെ ഇത്തരം താൽക്കാലിക രാഷ്ട്രീയ സഖ്യങ്ങൾ ഉണ്ടാകുകയും പൊലിയുകയും ചെയ്തത് സമീപകാല രാഷ്ട്രീയ കാഴ്ചകളാണ്. ഇത്തരം സഖ്യങ്ങൾ ബി.ജെ.പിക്ക് ഫലപ്രദമായ വെല്ലുവിളി ഉയർത്തുന്നതിൽ വിജയിച്ചിട്ടുമുണ്ട്.
ത്രിപുരയിൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് അടവുനയം ഉണ്ടാക്കാനുള്ള സി.പി.എമ്മിന്റെ തീരുമാനം ഈ സാഹചര്യത്തിൽ നിർണായകമായ ഒരു രാഷ്ട്രീയ നീക്കമായി വിലയിരുത്തപ്പെടണം. തെരഞ്ഞെടുപ്പ് അടവുനയങ്ങൾ രൂപപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും സി.പി.എമ്മിനുള്ള കാര്യശേഷി മറ്റു രാഷ്ട്രീയ പാർട്ടികളേക്കാൾ എത്രയോ അധികമാണ്. കേരളത്തിൽ പല തവണ സി.പി.എം പരീക്ഷിച്ചു വിജയിച്ച തന്ത്രമാണത്. കോൺഗ്രസുമായുള്ള രാഷ്ട്രീയ സഹകരണം പാർട്ടിക്ക് ചരമക്കുറിപ്പെഴുതുമെന്ന് കരുതുന്ന കേരള ഘടകമാണ് പലപ്പോഴും കോൺഗ്രസ്-സി.പി.എം തെരഞ്ഞെടുപ്പ് സഖ്യത്തിന് എതിരു നിന്നത്.
കോൺഗ്രസിനോടുള്ള സമീപനത്തിൽ സി.പി.എമ്മിനുള്ളിൽ വ്യക്തമായ രണ്ട് ചേരികളുണ്ടെന്നത് യാഥാർഥ്യമാണ്. കോൺഗ്രസുമായി ഒരുവിധ സഹകരണവും പാടില്ലെന്നും പാർട്ടിയുടെ മുഖ്യ ശത്രു കോൺഗ്രസാണെന്നുമുള്ള കടുത്ത നിലപാടാണ് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിനുണ്ടായിരുന്നത്. ഈ കർക്കശ നിലപാട് പാർട്ടിക്കുള്ളിൽ തന്നെ വലിയ തോതിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ അവസ്ഥകളൊന്നും പരിഗണിക്കാതെയുള്ള വരട്ടുതത്വ വാദമായാണ് ഈ നിലപാട് വിമർശിക്കപ്പെട്ടത്. കോൺഗ്രസുമായി നേരിട്ട് എറ്റുമുട്ടുന്ന കേരളത്തിലെ കോൺഗ്രസ് ഘടകം എല്ലാക്കാലത്തും കാരാട്ടിനൊപ്പമായിരുന്നു.
എന്നാൽ പാർലമെന്ററി രാഷ്ട്രീയത്തിൽ കുറേക്കൂടി പരിചയമുള്ള സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള മറ്റൊരു വിഭാഗം കോൺഗ്രസുമായി രാഷ്ട്രീയ നീക്കുപോക്കുണ്ടാക്കാമെന്ന അഭിപ്രായക്കാരാണ്. ഈ നിലപാടിന് കേന്ദ്ര കമ്മിറ്റിയിൽ പ്രാമാണ്യം കിട്ടിയതിന്റെ ഫലമായിരുന്നു ആദ്യ യു.പി.എ സർക്കാരിന്റെ ജനനം. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുക വഴി ചരിത്രപരമായ ദൗത്യമാണ് അന്ന് സി.പി.എം വഹിച്ചത്. ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ മാത്രമല്ല, കോൺഗ്രസിനെ നേർവഴിക്ക് നടത്താനും ആ ധാരണക്കായി. എന്നാൽ പാതിവഴിയിൽ പിന്തുണ പിൻവലിച്ചുകൊണ്ട് ആ ചരിത്ര പ്രയാണത്തെ തടസ്സപ്പെടുത്തിയ സി.പി.എം രണ്ടാം യു.പി.എ സർക്കാരിനെ ദുർബലമാക്കി. പത്തു വർഷത്തെ ഭരണത്തിനൊടുവിൽ ബി.ജെ.പിയുടെ തേരോട്ടത്തിന് തടയിടാൻ കോൺഗ്രസിനാകുമായിരുന്നില്ല.
കേന്ദ്ര അധികാരവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് ഇത്തരം ആശയക്കുഴപ്പങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവായിരുന്ന ജ്യോതിബസു പ്രധാനമന്ത്രിയായി ഒരു സർക്കാർ രൂപീകരിക്കാനുള്ള ചരിത്ര സന്ദർഭം പാഴാക്കിയ പാർട്ടിയാണത്. യു.പി.എ ഭരണകാലത്ത് സോമനാഥ് ചാറ്റർജിയെ സ്പീക്കറാക്കാൻ പാർട്ടിക്കുള്ളിൽ വലിയ പടയൊരുക്കം തന്നെ നടത്തേണ്ടിവന്നിട്ടുണ്ട്. കോൺഗ്രസിനെ എന്തു വന്നാലും അംഗീകരിക്കില്ലെന്നും അതുവഴി ബി.ജെ.പിക്ക് അധികാര വഴികൾ തുറക്കേണ്ടിവന്നാൽ സാരമില്ലെന്നുമുള്ള നിലപാട് ദീർഘവീക്ഷണപരമായിരുന്നില്ലെന്ന് പാർട്ടി ഇപ്പോൾ മനസ്സിലാക്കുന്നുണ്ട്.
അധികാരത്തിലുണ്ടായിരുന്ന മൂന്നു സംസ്ഥാനങ്ങളിൽ രണ്ടെണ്ണം സി.പി.എമ്മിനു എന്നന്നേക്കുമായി നഷ്ടമായ അവസ്ഥയാണ്. പശ്ചിമ ബംഗാളിൽ ഒരു തിരിച്ചുവരവ് അത്ഭുതങ്ങൾ സംഭവിച്ചാലേ സ്വപ്‌നം കാണാൻ പോലുമാകൂ. അവിടത്തെ സങ്കീർണമായ രാഷ്ട്രീയവും മമത ബാനർജിയോടുള്ള ശത്രുതയും ബംഗാളിൽ സി.പി.എമ്മിന്റെ സ്ഥിതി ദയനീയമാക്കുന്നു.
ഇടതുപക്ഷ രാഷ്ട്രീയത്തെ ദേശീയ തലത്തിൽ തന്നെ നിർണയിച്ചിരുന്ന ബംഗാൾ സ്പർശം പൂർണമായും പോയ്മറഞ്ഞു. നൃപൻ ചക്രവർത്തിയുടെ ത്രിപുരയായിരുന്നു സി.പി.എമ്മിന്റെ മറ്റൊരു തുരുത്ത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൂത്തെറിയപ്പെട്ട സി.പി.എമ്മിന് ഇനിയെങ്കിലും തിരിച്ചുവരവിനുള്ള മാർഗങ്ങൾ ആലോചിക്കാനായില്ലെങ്കിൽ ത്രിപുര മറ്റൊരു ബംഗാളാകും. അതാണ് സീതാറാം യെച്ചൂരിയുടെ പുതിയ രാഷ്ട്രീയ ആലോചനകളുടെ പശ്ചാത്തലം.
മാർച്ചിലാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ്. 2018 ൽ കൈവിട്ടു പോയ അധികാരം തിരിച്ചുപിടിക്കണമെങ്കിൽ ബി.ജെ.പിക്കെതിരെ സാധ്യമാകുന്ന എല്ലാവരെയും ത്രിപുരയിൽ ഒരുമിച്ച് നിർത്തേണ്ടതുണ്ട്. കോൺഗ്രസുമായി രാഷ്ട്രീയ അടവുനയം രൂപീകരിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം ഈ പശ്ചാത്തലത്തിലാണ്. പരസ്പരം മത്സരിച്ച് ബി.ജെ.പിക്കെതിരായ വോട്ടുശക്തി ഭിന്നിപ്പിച്ചു കളയാതിരിക്കുകയെന്ന സാമാന്യ ബുദ്ധി മാത്രമാണ് ഈ നിലപാടിന് ആധാരം. ത്രിപുരയുടെ ചുമതലയുളള എ.ഐ.സി.സി സെക്രട്ടറി അജോയ് കുമാറുമായി ദൽഹിയിൽ നടത്തിയ ചർച്ചക്ക് ശേഷം ത്രിപുര സംസ്ഥാന കമ്മിറ്റി യോഗത്തിൽ കാരാട്ടും യെച്ചൂരിയും ഒന്നിച്ചു പങ്കെടുത്തതും ഈ സാഹചര്യം മനസ്സിലാക്കിത്തന്നെ.
ത്രിപുര കോൺഗ്രസ് നേതാക്കളുമായി അഗർത്തലയിൽ കൂടിക്കാഴ്ച നടത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കും അജോയ് കുമാറും സാഹചര്യത്തിനൊത്ത് ഉയർന്നു. കോൺഗ്രസിലെ ഒരു വിഭാഗത്തിന് പ്രദ്യോത് മാണിക്യ ദേവ് ബർമയുടെ ടിപ്ര മൊത പാർട്ടിയുമായി സഖ്യമുണ്ടാക്കാനാണ് താൽപര്യം. ടിപ്ര മൊതയേയും കൂടെ നിർത്താൻ സി.പി.എമ്മും കോൺഗ്രസും ആഗ്രഹിക്കുന്നുവെങ്കിലും അവർ തയാറല്ലെന്നാണ് റിപ്പോർട്ടുകൾ. ത്രിപുരയിലെ മറ്റൊരു ശക്തിയായ തൃണമൂൽ കോൺഗ്രസ്, സി.പി.എം അടങ്ങുന്ന ഒരു സഖ്യത്തിനും ഒപ്പം നിൽക്കില്ലെന്ന നിലപാട് എടുത്തതും സ്ഥിതി സങ്കീർണമാക്കുന്നുണ്ട്. ഫലത്തിൽ വീണ്ടുമൊരു ത്രികോണ മത്സരത്തിന് തന്നെ ത്രിപുരയിൽ വഴിയൊരുങ്ങുമെന്നാണ് സൂചന. എന്നാൽ പ്രധാനപ്പെട്ട രണ്ട് പാർട്ടികളായ കോൺഗ്രസും സി.പി.എമ്മും അടവുനയം സ്വീകരിച്ചാൽ വോട്ടുകൾ ഭിന്നിക്കുന്നത് കുറെയെങ്കിലും തടയാനാകും. ഇതിനായി പരസ്പരം മത്സരിക്കാതിരിക്കുകയെന്ന നിലപാടാണ് ഇരുകൂട്ടരും ആഗ്രഹിക്കുന്നത്. ത്രികോണ മത്സരമുണ്ടായാലും കോൺഗ്രസ്-സി.പി.എം വോട്ടുകൾ ഒരു പെട്ടിയിൽ വീഴുകയാണെങ്കിൽ അത് ബി.ജെ.പിക്കെതിരായ ചെറുത്തുനിൽപിന് ശക്തി പകരും.
ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കേണ്ട ഒരു നിലപാടിനാണ് സി.പി.എം ഇപ്പോൾ മുൻകൈയെടുത്തിരിക്കുന്നത്. കേരളം ഒരു അപവാദമായിരിക്കാം. അവിടെ കോൺഗ്രസും സി.പി.എമ്മും പരസ്പരം മത്സരിച്ചോട്ടെ. ബി.ജെ.പിക്ക് വിജയസാധ്യത കുറഞ്ഞ കേരളത്തിൽ യു.ഡി.എഫ് ജയിച്ചാലും എൽ.ഡി.എഫ് ജയിച്ചാലും അത് ബി.ജെ.പിക്കെതിരായ സീറ്റുകളായി മാറും.
മറ്റു സംസ്ഥാനങ്ങളിൽ അതല്ല സ്ഥിതി. ബംഗാളിലും ത്രിപുരയിലുമെങ്കിലും അടവുനയം സ്വീകരിച്ചാൽ ബി.ജെ.പിയെ അൽപമെങ്കിലും ദുർബലപ്പെടുത്താനാകും. ബിഹാർ, ആന്ധ്രപ്രദേശ് അടക്കമുള്ള മറ്റു ചില സംസ്ഥാനങ്ങളിലും അതിന്റെ അനുരണനങ്ങൾ ഉണ്ടാകും. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പായി ഇത്തരമൊരു നിലപാടിലേക്ക് സി.പി.എമ്മും കോൺഗ്രസും എത്തുകയെന്നത് വിശാലമായ ദേശീയ താൽപര്യത്തിന് സഹായകമാണെന്നെങ്കിലും അവർ മനസ്സിലാക്കണം.