കല്‍പറ്റ-വടക്കേവയനാട്ടിലെ പുതുശേരി വെള്ളാരംകുന്നില്‍ കര്‍ഷകന്‍ പള്ളിപ്പുറം തോമസ്(സാലു-50) കടുവ ആക്രമണത്തെത്തുടര്‍ന്നു മരിച്ച പശ്ചാത്തലത്തില്‍ യു.ഡി.എഫും ബി.ജെ.പിയും മാനന്തവാടി താലൂക്കില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. വൈകീട്ട് ആറു വരെ നടത്തുന്ന ഹര്‍ത്താലുമായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ വ്യാപാരികളും മറ്റു സ്ഥാപന ഉടമകളും അടക്കമുള്ളവര്‍ സഹകരിക്കുന്നുണ്ട്. സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറങ്ങിയില്ല. കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപ്പോയില്‍നിന്നു രാവിലെ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തി. ഗ്രാമീണ സര്‍വീസുകള്‍ ഓടിയില്ല. ഹര്‍ത്താല്‍ ശക്തമായാല്‍
കോഴിക്കോട് ഭാഗത്തുനിന്നു പനമരം, പക്രന്തളം വരെയും തിരിച്ചും ഓടുന്ന വിധത്തിലാണ് ദീര്‍ഘദൂര സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അങ്ങിങ്ങ് റോഡില്‍ ഇറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നുണ്ട്. തോമസിന്റെ കുടുംബത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, ആശ്രിതരില്‍ ഒരാള്‍ക്കു ജോലി നല്‍കുക, കടുവയെ പിടികൂടുക, വന്യമൃഗശല്യത്തിനു പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.
ഇന്നലെ രാവിലെ എട്ടരയോടെ കൃഷിയിടത്തില്‍ കടുവ ആക്രമണത്തില്‍ വലതുകാലിനു ഗുരുതരമായി പരിക്കേറ്റ തോമസ് ഉച്ചകഴിഞ്ഞു കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. തോമസിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. കോഴിക്കോടിനു കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി. ഇതേത്തുടര്‍ന്നു കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെയായിരുന്നു മരണം. നാളെ ഉച്ചകഴിഞ്ഞു രണ്ടിനു പുതുശേരി സെന്റ് തോമസ് പള്ളിയിലാണ് സംസ്‌കാരം.
നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ മക്കിയാട് സ്റ്റേഷന്‍ പരിധിയിലാണ് പുതുശേരി വെള്ളാരംകുന്ന്. ഇവിടെനിന്നു പോയ കടുവ ഒരു കിലോമീറ്റര്‍ അകലെ വാളാട് പൊള്ളല്‍ ഭാഗത്ത് ഉണ്ടെന്ന് നിഗമനത്തിലാണ് വനപാലകര്‍. കടുവയെ പിടികൂടുന്നതിനു വനസേന ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി വെള്ളാരംകുന്നിലും സമീപങ്ങളിലുമായി നിരീക്ഷണത്തിനു ഏഴ് കാമറകള്‍ സ്ഥാപിച്ചു. കടുവയെ കണ്ടെത്തുന്നതിനുള്ള തെരച്ചലിനു ഉപയോഗപ്പെടുത്തുന്നതിനു മുത്തങ്ങയില്‍നിന്നു കുംകിയാനകളെ എത്തിച്ചിട്ടുണ്ട്. കടുവയെ കൂടുവച്ച് പിടിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിംഗ് ഇന്നലെ ഉത്തരവായിരുന്നു. കൂടുവച്ച് പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ മയക്കുവെടി പ്രയോഗിക്കാമെന്നും ഉത്തരവിലുണ്ട്.
തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലെയും എടവക പഞ്ചായത്തിലെ ചില ഭാഗങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ജില്ലാ കലക്ടര്‍ എ. ഗീത ഇന്നു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.