അക്കൗണ്ട് മരവിപ്പിക്കുമെന്ന് മുന്‍കൂട്ടി കണ്ട്  പ്രവീണ്‍ റാണ പണമെല്ലാം പിന്‍വലിച്ചു 

തൃശൂര്‍- അക്കൗണ്ട് മരവിപ്പിക്കാനുള്ള സാദ്ധ്യത മുന്‍കൂട്ടിക്കണ്ട് കോടികള്‍ പ്രവീണ്‍ റാണ പിന്‍വലിച്ചെന്നാണ് പോലീസ് നിഗമനം. സ്വന്തം അക്കൗണ്ടില്‍ നിന്നും സേഫ് ആന്‍ഡ് സ്ട്രോംഗ് ചിട്ടിക്കമ്പനിയുടെ അക്കൗണ്ടില്‍ നിന്നുമായി അറുപത് കോടിയോളം രൂപ പിന്‍വലിച്ചെന്നാണ് കരുതുന്നത്. ബിനാമികളുടെയും ബിസിനസ് കൂട്ടാളികളുടെയും അക്കൗണ്ടുകളിലേക്കാണ് ഇതിലേറെയും പോയത്.
തട്ടിപ്പിനിരയായ ഇരുനൂറിലേറെ നിക്ഷേപകര്‍ രംഗത്തെത്തിട്ടുണ്ട്. പരാതിപ്പെട്ടവരെ റിസോര്‍ട്ടിലേക്ക് വിളിച്ചുവരുത്തി പണം മടക്കി നല്‍കുമെന്ന് ഉറപ്പ് പറഞ്ഞിരുന്നു. പരാതികള്‍ പിന്‍വലിച്ചാല്‍ പണം തിരികെ നല്‍കാമെന്ന വാഗ്ദാനവുമായി ചിലര്‍ നിക്ഷേപകരെ സമീപിച്ചു. രൂപയുടെ മൂല്യം ഡോളറിന് തുല്യമാക്കുമെന്ന വാഗ്ദാനമാണ് റാണ നിക്ഷേപകസംഗമങ്ങളില്‍ പറഞ്ഞിരുന്നത്.
വന്‍കിട നഗരങ്ങളിലെ സ്റ്റാര്‍ ഹോട്ടലുകളും ഡാന്‍സ് ബാറുകളും മറ്റും സ്വന്തം ഉടമസ്ഥതയില്‍ ഉള്ളവയാണെന്നാണ് പ്രവീണ്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളുടെ കണക്ക് പോലീസ് പരിശോധിക്കുന്നുണ്ട്.ചിട്ടിക്കമ്പനിയുടെ ലൈസന്‍സ് കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു. ലൈസന്‍സ് ഇല്ലാതായിട്ടും കമ്പനി പ്രവര്‍ത്തനം തുടരുന്നുവെന്ന് കണ്ടതോടെ തൃശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തു. കമ്പനി അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിക്ഷേപകര്‍ അറിഞ്ഞത് അതോടെയാണ്. ഒട്ടേറെ സമ്പന്നരെയും സിനിമാതാരങ്ങളെയും പ്രവീണ്‍ വലയിലാക്കിയിരുന്നു. നാണക്കേട് ഭയന്ന് ഇവരാരും പരാതിപ്പെട്ടിട്ടില്ല.


 

Latest News