പാല- ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം യു.ഡി.എഫിനെ പിന്തുണയ്ക്കും. ഇന്ന് രാവിലെ ചേര്‍ന്ന നിര്‍ണായക യോഗത്തിന് ശേഷമാണ് തീരുമാനം. കൂടുതല്‍ കാര്യങ്ങള്‍ ചെങ്ങന്നൂരില്‍ നടക്കുന്ന കേരള കോണ്‍ഗ്രസിന്റെ പൊതുസമ്മേളനത്തില്‍ വ്യക്തമാക്കുമെന്ന് കെ.എം മാണി മാധ്യമങ്ങളോട് പറഞ്ഞു. കെ.എം മാണിയുടെ വീട്ടിലാണ് ഉന്നതതല സമിതി യോഗം ചേര്‍ന്നത്. ഇതിന് മുന്നോടിയായി പി.ജെ ജോസഫും മാണിയും പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു.ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ തേടി കഴിഞ്ഞ ദിവസം യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കള്‍ മാണിയുടെ വീട്ടിലെത്തിയിരുന്നു. പിന്തുണ തേടിയതായും പ്രതീക്ഷയുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ഇന്നലെ മാണിയുടെ വീട്ടിലെത്തിയത്. എന്നാല്‍ ഇന്ന് ചേര്‍ന്ന യോഗം ചെങ്ങന്നൂരിലെ കാര്യം മാത്രമാണ് തീരുമാനിച്ചതെന്നും മുന്നണി പ്രവേശനം അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മാണി പറഞ്ഞു.