തിരുവനന്തപുരം- നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തിയ പ്രത്യേക സജീകരണങ്ങളിൽ ഭാഗഭാക്കാകാൻ സന്നദ്ധത അറിയിച്ച യു.പിയിലെ ഡോ. കഫീൽ ഖാനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഫജർ നമസ്‌കാരത്തിനു ശേഷം ഉറങ്ങാൻ ശ്രമിച്ചിട്ടും എനിക്ക് പറ്റുന്നില്ല. നിപ്പ വൈറസ് മൂലമുള്ള മരണങ്ങൾ എന്നെ വേട്ടയാടുന്നു. സോഷ്യൽ മീഡിയയിലെ കിംവദന്തികളും ആശങ്കയുണ്ടാക്കുന്നു. സിസ്റ്റർ ലിനി പ്രചോദനമാണ്. എന്റെ ജീവിതം സേവനത്തിനു വേണ്ടി മാറ്റിവെക്കാൻ തയാറാണ്. അതിന് അല്ലാഹു അറിവും കരുത്തും നൽകട്ടെ എന്നായിരുന്നു കഫീൽ ഖാന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. അധികം വൈകാതെ മുഖ്യമന്ത്രി ഇതിന് മറുപടി നൽകി.
മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങിനെ.
നിപ്പ വൈറസ്ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയിൽ സേവനമനുഷ്ഠിക്കാൻ സന്നദ്ധനാന്നെന്നും അതിന് തനിക്ക് അവസരം നൽകണമെന്നും അഭ്യർത്ഥിച്ച യു.പി.യിലെ ഡോക്ടർ കഫീൽഖാന്റെ സമൂഹമാധ്യമത്തിലെ സന്ദേശം കാണാനിടയായി. വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവൻപോലുമോ പരിഗണിക്കാതെ അർപ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടർമാരുണ്ട്. അവരിൽ ഒരാളായാണ് ഞാൻ ഡോ. കഫീൽഖാനെയും കാണുന്നത്. സഹജീവികളോടുള്ള സ്‌നേഹമാണ് അവർക്ക് എല്ലാറ്റിലും വലുത്.
കോഴിക്കോട് ജില്ലയിൽ പേരാമ്പ്രക്കടുത്ത് ചില സ്ഥലങ്ങളിൽ നിപ്പ വൈറസ് ബാധയുണ്ടായ സാഹചര്യത്തിൽ രോഗം നിയന്ത്രിക്കുന്നതിന് സർക്കാരിനെ സഹായിക്കാൻ സ്വയം സന്നദ്ധരായി ധാരാളംപേർ രംഗത്തു വന്നിട്ടുണ്ട്. അവരിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമുണ്ട്. ഡോ. കഫീൽഖാനെപ്പോലെയുള്ളവർക്ക് കേരളത്തിൽ പ്രവർത്തിക്കാൻ അവസരം നൽകുന്നതിൽ സർക്കാരിന് സന്തോഷമേയുള്ളൂ. അങ്ങനെയുള്ള ഡോക്ടർമാരും വിദഗ്ധരും ആരോഗ്യവകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
കേരളത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികളായ ചില പ്രഗത്ഭ ഡോക്ടർമാർ ഇതിനകം തന്നെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. അവരോടെല്ലാം കേരള സമൂഹത്തിന് വേണ്ടി നന്ദി അറിയിക്കുന്നു.