കോവിഡാനന്തരം ഹജ് പഴയ പ്രതാപത്തിലേക്കു മടങ്ങുകയാണ്. അതിനായുള്ള ഒരുക്കങ്ങളും വരുംകാലങ്ങളിൽ ഹജ് രംഗത്തുണ്ടാകാവുന്ന മാറ്റങ്ങളും മുന്നൊരുക്കങ്ങളുമെല്ലാം ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യ ആരംഭിച്ചു കഴിഞ്ഞു. അതു മാലോകരെ കാണിക്കുന്നതാണ് ലോകത്തെ ഏറ്റവും വലിയ താഴികക്കുടമായ ജിദ്ദ സൂപ്പർ ഡോമിൽ നടന്നു വരുന്ന ഹജ് എക്‌സ്‌പോ. ഹജിന്റെ ആരംഭവും ചരിത്രവും ആദ്യ കാലങ്ങളിലെ ഹാജിമാർ അനുഭവിച്ച ത്യാഗവും പിന്നീടുണ്ടായ മാറ്റങ്ങളും ഹൈടെക്കിലേക്കുള്ള പ്രയാണവുമെല്ലാം വിശദമായി പ്രതിപാദിക്കുന്നതാണ് ഹജ് എക്‌സ്‌പോ.
തീർഥാടകരുടെ വരവ് എത്ര കണ്ട് വർധിച്ചാലും അവരെ മുഴുവൻ സ്വീകരിക്കാനും അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനും പ്രപ്തിയുണ്ടെന്നും അതിനു സന്നദ്ധമാണന്നും വിളിച്ചറിയിക്കുന്നതാണ് പ്രദർശന നഗരിയിലെ ഓരോ സ്റ്റാളുകളും. കരുത്തുറ്റ സമ്പദ്‌വ്യവസ്ഥ, ഊർജസ്വല സമൂഹം, അഭിലാഷമുള്ള രാജ്യം എന്ന പ്രമേയവുമായി സൗദി തങ്ങളുടെ കരുത്തും ദീർഘവീക്ഷണവും ഇഛാശക്തിയുമെല്ലാമാണ് ഇവിടെ പ്രകടമാക്കുന്നത്. ഇതു വഴി ലോക മുസ്‌ലിംകൾക്ക് തീർഥാടനവും വിനോദ സഞ്ചാരികൾക്ക് അവരുടെ സഞ്ചാരവും ആയാസരഹിതവും എളുപ്പവും വേഗത്തിലുമായി മാറുകയാണ്. 2030 ഓടെ നിലവിലെ ഒരു കോടിയോളം വരുന്ന ഉംറ തീർഥാടകരുടെ എണ്ണം പ്രതിവർഷം മൂന്നു കോടിയായും വിനോദ സഞ്ചാരികളുടെ എണ്ണം പ്രതിവർഷം പത്തു കോടിയായും ഉയർത്തുകയാണ് ലക്ഷ്യം.
അതു തങ്ങൾക്കു സാധ്യമാകുമെന്ന് തെളിയിക്കും വിധം ലോക ശ്രദ്ധയെ സൗദിയിലേക്ക് തിരിക്കുന്നതാണ് രാജ്യത്തു നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾ.
ഇത്തവണ ഹജിന് പ്രത്യേക നിയന്ത്രണങ്ങളും വ്യവസ്ഥകളും ഉണ്ടായിരിക്കില്ലെന്ന ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയുടെ പ്രസ്താവന ഹജ് പഴയ പ്രതാപത്തിലേക്കു മടങ്ങുന്നുവെന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു. കഴിഞ്ഞ വർഷം പ്രായപരിധി ബാധകമായിരുന്നുവെങ്കിൽ ഇക്കുറി അതില്ല. കോവിഡ് 19 ന് മുമ്പുണ്ടായിരുന്ന അതേ രീതിയിലായിരിക്കും സംഘാടനവും നിയന്ത്രണങ്ങളും വ്യവസ്ഥകളുമെല്ലാം. തീർഥാടകർക്കുള്ള ഇൻഷുറൻസ് നിരക്ക് ഗണ്യമായി കുറക്കുകയും ചെയ്തു. 109 റിയാലായിരുന്നത് 29 റിയാലായാണ് കുറച്ചത്.
ഹജിനു മുൻപായി ഇത്രയും വിവുപമായ പ്രദർശനം സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്. ഹജ് എക്‌സ്‌പോ അറബ്, ഇസ്ലാമിക ലോകത്തെ രാജ്യങ്ങളുമായി മാത്രമല്ല, ആഭ്യന്തര, വിദേശ ബന്ധങ്ങൾ സ്ഥാപിക്കാനും ശക്തിപ്പെടുത്താനുമുള്ള കവാടം കൂടിയാണ്. 57 രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക സംഘങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇസ്ലാമിക്, ഔഖാഫ്, ഹജ്കാര്യ മന്ത്രിമാരുടെയും വിവിധ രാജ്യങ്ങളുടെ അംബാസഡർമാരുടെയും കോൺസൽ ജനറൽമാരുടെയും ഉംറ സേവന മേഖലയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമാണ് ഹജ് എക്‌സ്‌പോ. പത്തു സുപ്രധാന സെഷനുകൾക്കു പുറമെ 13 ഡയലോഗ് സെഷനുകളും ഹജ് ടോക്ക് ഷോകളും 36 ശിൽപശാലകളും ഇതിന്റെ ഭാഗമായി നടക്കുന്നുവെന്നതും പ്രദർശനത്തിന്റെ പ്രത്യേകതകളാണ്. ഇതിലൂടെ ഹജുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിദഗ്ധരുടെ സാന്നിധ്യത്തിൽ പ്രതിപാദ്യ വിഷയമാവുകയാണ്. ഇതു പോരായ്മകൾ നികത്തുന്നതിനും നൂതന ആശയങ്ങൾ കൊണ്ടുവരുന്നതിനും സഹായകമാവുമെന്നതിൽ സംശയമില്ല. മാത്രമല്ല, സൗദി അറേബ്യ ഈ രംഗത്തു സ്വീകരിച്ചു വരുന്ന നടപടിക്രമങ്ങളും ഒരുക്കങ്ങളുമെല്ലാം മറ്റു രാജ്യങ്ങൾക്കു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഇതുപകരിക്കും. രണ്ടു ദിവസം കൊണ്ട് ഇന്ത്യ അടക്കം 43 രാജ്യങ്ങളുമായി ഹജ് കരാറുകൾ ഒപ്പുവെക്കാനായി എന്നതും ഹജ് എക്‌സ്‌പോയുടെ പ്രത്യേകതയാണ്. ഒരിടത്ത് വളരെ കുറഞ്ഞ സമയം കൊണ്ട് ഇത്രയും ഹജ് കരാറുകൾ ഒപ്പുവെക്കുന്നതിനും അവ കൈമാറുന്നതിനും അവസരമൊരുക്കാനും ഹജ് എക്‌സ്‌പോക്കായി.
കോവിഡിനു മുൻപ് 2019 ൽ 25 ലക്ഷത്തോളം ഹജ് തീർഥാടകരെ അനായാസം കൈകാര്യം ചെയ്ത സൗദി കോവിഡിനെത്തുടർന്ന് കഴിഞ്ഞ മൂന്ന് വർഷം ഒട്ടേറെ നിയന്ത്രണങ്ങളോടെയാണ് ഹജ് നടത്തിയത്. 2020, 21 വർഷങ്ങളിൽ ഹജ് തീർഥാടകരുടെ എണ്ണം കടുത്ത നിയന്ത്രണങ്ങൾക്കു വിധേയമായി ആയിരങ്ങളിൽ ഒതുങ്ങിയപ്പോൾ 2022 ൽ അതു പത്തു ലക്ഷത്തിലേക്കുയർന്നുവെങ്കിലും നിയന്ത്രണങ്ങൾ ഏറെയായിരുന്നു. എങ്കിലും ഒരു തീർഥാടകനു പോലും പ്രയാസങ്ങളുണ്ടാവാതെയും കോവിഡ്മുക്തമായും ഹജ് നടത്താൻ സൗദിക്കായി. അതിനാവശ്യമായ അത്യാധുനിക സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഇത്തവണ ഹജിന് പ്രത്യേക നിയന്ത്രണങ്ങളും വ്യവസ്ഥകളും ഉണ്ടായിരിക്കില്ലെന്ന ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയുടെ പ്രദർശന നഗരിയിലെ പ്രസ്താവന ഹജ് പഴയ പ്രതാപത്തിലേക്കു മടങ്ങുന്നുവെന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു. കഴിഞ്ഞ വർഷം പ്രായപരിധി ബാധകമായിരുന്നുവെങ്കിൽ ഇക്കുറി അതില്ല. കോവിഡ് 19 ന് മുമ്പുണ്ടായിരുന്ന അതേ രീതിയിലായിരിക്കും സംഘാടനവും നിയന്ത്രണങ്ങളും വ്യവസ്ഥകളുമെല്ലാം. തീർഥാടകർക്കുള്ള ഇൻഷുറൻസ് നിരക്ക് ഗണ്യമായി കുറക്കുകയും ചെയ്തു. 109 റിയാലായിരുന്നത് 29 റിയാലായാണ് കുറച്ചത്. 73 ശതമാനത്തിന്റെ കുറവ്. ഇരു ഹറമുകളിലും ഗതാഗത, യാത്ര രംഗത്തും നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾ അതിവേഗമാണ് പുരോഗമിക്കുന്നത്. മക്ക ഹറം വികസന പദ്ധതിക്കായി 20,000 കോടിയിലേറെ റിയാലാണ് ചെലവഴിക്കുന്നത്. മദീനയിലും വൻ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. മണിക്കൂറുകൾ വേണ്ടി വന്നിരുന്ന 450 കിലോമീറ്റർ ദൈർഘ്യം വരുന്ന മക്ക, മദീന യാത്ര സമയം ഹറമൈൻ ഹൈസ്പീഡ് ട്രെയിനിലൂടെ രണ്ട് മണിക്കൂറായി ചുരുക്കി. 6400 കോടി റിയാൽ ചെലവഴിച്ചാണ് ഹറമൈൻ പദ്ധതി നടപ്പാക്കിയത്. ഈ മേഖലയിൽ കൂടുതൽ സൗകര്യങ്ങളൾ വീണ്ടുമൊരുക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഹജ് കർമങ്ങൾ നടക്കുന്നിടങ്ങളിലെ യാത്രകൾക്കായി മശാഇർ ട്രെയിനും അതിവിപുലമായ റോഡ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിദേശ ഹജ് മിഷനുകൾക്ക് തങ്ങളുടെ തീർഥാടകർക്ക് സേവനങ്ങൾ നൽകാൻ പ്രാപ്തിയുള്ള ലൈസൻസുള്ള ഏതു സർവീസ് കമ്പനികളെയും ഇക്കുറി തെരഞ്ഞെടുക്കാം. ഇതുവരെ ഓരോ രാജ്യങ്ങൾക്കും നിശ്ചിത സർവീസ് ഏജൻസികളുമായി മാത്രമേ കരാറിൽ ഏർപ്പെടാൻ കഴിയുമായിരുന്നുളളൂ. ഇത് ഹാജിമാർക്ക് ലഭിക്കുന്ന സർവീസ് കൂടുതൽ മെച്ചപ്പെട്ടതാകാൻ ഉപകരിക്കും.
ഹജ് തീർഥാടകർക്കെന്ന പോലെ ഉംറ തീർഥാടകർക്കും അതിവിപുലമായ സൗകര്യങ്ങളും നടപടി ക്രമങ്ങളും എളുപ്പവുമാക്കിയിരിക്കുകയാണ്. ഉംറ തീർഥാടകരുടെ ഇൻഷുറൻസ് നിരക്കിലും ഗണ്യമായ കുറവ് വരുത്തി. 235 റിയാലിൽ നിന്ന് 88 റിയാലായാണ് കുറച്ചത്. ഉംറ വിസ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായും ഈ വർഷം മുതൽ ദീർഘിപ്പിച്ചു. മാത്രമല്ല, ഉംറ വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് സൗദിയിലെ ഏതു നഗരവും സന്ദർശിക്കാം.
ഇത് വിനോദ സഞ്ചാരത്തിനും മുതൽകൂട്ടായി മാറും. അങ്ങനെ തീർഥാടന മേഖല വരുംവർഷങ്ങളിൽ അതിവിപുലവും കൂടുതൽ മികവുറ്റതുമായി മാറും. ഇതു ലോകത്തിന്റെ വിവിധ കോണുകളിൽനിന്നും തീർഥാടകർക്ക് എളുപ്പം എത്തിപ്പെടുന്നതിനും അതുവഴി സൗദി സമ്പദ്‌വ്യവസ്ഥക്കും തൊഴിൽ മേഖലക്കും കരുത്തേകുകയും ചെയ്യും.