കോഴിക്കോട്- നിപ്പാ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ കൂടി മരിച്ചു. കോഴിക്കോട് പേരാമ്പ്ര കൂരാച്ചുണ്ട് സ്വദേശി രാജന്‍, നാദാപുരം സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രാജന്റെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചിരുന്നു. ഇതോടെ പനിബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി.
നിപ്പ വൈറസ് പടരുന്ന സാഹചര്യത്തില്‍ പൂനൈ വൈറോളജിയിലെ വിദഗ്ധ സംഘം ഇന്ന് കോഴിക്കോട് സന്ദര്‍ശിക്കും. നിപ്പവ വൈറസിനെകുറിച്ച് പഠിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനുമാണ് അഞ്ചംഗ വൈറോളജി സംഘം എത്തുന്നത്. വെറ്റിനറി സര്‍വകലാശാലയിലെ സംഘവും ഇന്ന് കോഴിക്കോട് എത്തുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറോട് കോഴിക്കോട്ട് തുടരാന്‍ വനം മന്ത്രി നിര്‍ദേശം നല്‍കി.
നിപ്പാ വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച രക്ത സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കുമെന്ന് കരുതുന്നു.