പാരിസ് - 2018 ല്‍ ലോകകപ്പ് കിരീടത്തിലേക്കും 2022 ല്‍ ലോകകപ്പ് ഫൈനലിലേക്കും ഫ്രാന്‍സിനെ നയിച്ച ഗോള്‍കീപ്പര്‍ ഹ്യൂഗൊ ലോറീസ് ഇന്രര്നാഷനല് ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 2008 ല്‍ ഇരുപത്തൊന്നാം വയസ്സില്‍ ഉറുഗ്വായ്ക്കെതിരായ സൗഹൃദ മത്സരത്തിലാണ് ലോറീസ് അരങ്ങേറിയത്. ഫ്രാന്‍സിനു വേണ്ടി ഏറ്റവുമധികം മത്സരം കളിച്ച താരമായി മുപ്പത്താറുകാരന്. ലോകകപ്പ് ഫൈനല്‍ 145ാം മത്സരമായിരുന്നു. ഫ്രാന്‍സ് ഷൂട്ടൗട്ടില്‍ ഫൈനലില്‍ തോറ്റ 2016 ലെ യൂറോ കപ്പുള്‍പ്പെടെ ഏഴ് പ്രധാന ടൂര്‍ണമെന്റുകള്‍ ലോറീസ് കളിച്ചു.
എ.സി മിലാന്റെ ഇരുപത്തേഴുകാരന് മൈക് മയ്നാന് പകരം ഗോളിയാവുമെന്നാണ് സൂചന. മയ്നാന് പരിക്കു കാരണം ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. സ്റ്റീവ് മന്ദാന്ദ, അല്‍ഫോന്‍സ് അരിയോല എന്നിവരാണ് ടീമിലെ മറ്റു ഗോള്‍കീപ്പര്‍മാര്‍. ലണ്ടന്‍ - ഫുട്ബോളില്‍ നന്ന് പൂര്‍ണമായി വിരമിക്കാന്‍ വെയ്ല്‍സ് താരം ഗാരെത് ബെയ്ല് തീരുമാനിച്ചു. ബ്രിട്ടിഷ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ കരിയറിനാണ് തിരശ്ശീല വീണത്. റയല്‍ മഡ്രീഡിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 1958 നു ശേഷം ആദ്യമായി വെയ്ല്‍സിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തു. 2013 ല്‍ റെക്കോര്‍ഡ് തുകക്കാണ് ബെയ്ല് റയലിലെത്തിയത്. കഴിഞ്ഞ വര്‍ഷം റയല്‍ വിട്ട് അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിന്റെ ഭാഗമായി.