Sorry, you need to enable JavaScript to visit this website.

ഹസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം- ചെങ്ങന്നൂരിലെ മുൻ എം.എൽ.എ ശോഭനാ ജോർജിനെതിരായ പരാമർശവുമായി ബന്ധപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. 
ശോഭനാ ജോർജിനെക്കുറിച്ച് അപകീർത്തിപരമായ പരാമർശം നടത്തിയെന്ന പരാതിയെ തുടർന്നാണ് കേസെടുത്തത്. ചെങ്ങന്നൂരിൽ ശോഭന ജോർജ് നേരത്തെ യു.ഡി.എഫ് സ്ഥാനാർഥിയായതിന് പിന്നിലെ കഥകളുമായി ബന്ധപ്പെട്ട് ഹസൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലെ വിവാദ പരാമർശത്തിലാണ് വനിതാ കമ്മീഷൻ നടപടി. ഇതിനെതിരെ ശോഭനാ ജോർജ് വനിതാ കമ്മീഷന് പരാതി നൽകിയിരുന്നു. ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി വിജയകുമാറിനെ 1991 ലെ തിരഞ്ഞെടുപ്പുവേളയിൽ കുറുക്കുവഴിയിലൂടെ പിന്തള്ളിയാണ് ശോഭനാ ജോർജ് സ്ഥാനാർഥിയായതെന്ന് സംസാരമുണ്ടായിരുന്നു. ഇതിനുപിന്നിലെ കാര്യങ്ങളെക്കുറിച്ച് ചാനൽ ലേഖകന്റെ ചോദ്യത്തിന് അതൊന്നും ക്യാമറക്ക് മുമ്പിൽ പറയാൻ കഴിയില്ലെന്നായിരുന്നു ഹസന്റെ പ്രതികരണം. ഇത് തനിക്ക് അപകീർത്തികരമാണെന്ന് പറഞ്ഞാണ് ശോഭനാ ജോർജ് വനിതാ കമ്മീഷന് പരാതി നൽകിയത്. ഇതിനെതുടർന്നാണ് കേസെടുത്തതെന്ന് കമ്മീഷൻ അംഗം ഷാഹിദാ കമാൽ അറിയിച്ചു. 
പരാമർശത്തെക്കുറിച്ച് ഹസൻ വിശദമാക്കണമെന്നും, അല്ലാത്തപക്ഷം തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം താൻ പലതും പറയുമെന്നും ശോഭന ജോർജ് താക്കീത് നൽകി. എന്നാൽ ശോഭനയെക്കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും പഴയ കാര്യങ്ങൾ ഓർമിപ്പിച്ചുവെന്ന് മാത്രമേയുള്ളുവെന്നും ഹസൻ പ്രതികരിച്ചു.
 

Latest News