Sorry, you need to enable JavaScript to visit this website.

സ്വർണ ഉൽപാദനത്തിൽ  51 ശതമാനം വർധന

റിയാദ്- രണ്ടു വർഷത്തിനിടെ സ്വർണ ഉൽപാദനത്തിൽ 51.5 ശതമാനം വർധനവ് കൈവരിക്കാൻ സൗദി അറേബ്യക്ക് സാധിച്ചതായി ഔദ്യോഗിക കണക്ക്. കഴിഞ്ഞ വർഷം 7,640 കിലോ സ്വർണമാണ് സൗദി അറേബ്യ ഉൽപാദിപ്പിച്ചത്. 2015 ൽ ഇത് 5,078 കിലോയും 2016 ൽ 6,946 കിലോയും ആയിരുന്നു. പത്തു വർഷത്തിനിടെ സ്വർണ ഉൽപാദനത്തിൽ 72 ശതമാനം വർധനയുണ്ടായിട്ടുണ്ട്. 2007 ൽ സ്വർണ ഉൽപാദനം 4,440 കിലോയായിരുന്നു. 
കഴിഞ്ഞ വർഷം വെള്ളി, ചെമ്പ്, സിങ്ക് ഉൽപാദനത്തിൽ പത്തു ശതമാനം വീതം വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 5,181 കിലോ വെള്ളിയാണ് ഉൽപാദിപ്പിച്ചത്. 2016 ൽ ഇത് 4,710 കിലോ ആയിരുന്നു. 2016 ൽ 41,640 ടണ്ണും 2017 ൽ 45,804 ടണ്ണും സിങ്ക് ഉൽപാദിപ്പിച്ചു. ചെമ്പ് ഉൽപാദനത്തിൽ 2016 ൽ വൻ വളർച്ച കൈവരിച്ചിരുന്നു. 2015 ൽ 56,126 ടൺ ചെമ്പാണ് ഉൽപാദിപ്പിച്ചത്. 2016 ൽ ഇത് 1,10,000 ടൺ ആയും കഴിഞ്ഞ കൊല്ലം 1,21,000 ടൺ ആയും ഉയർന്നു. 2016 ൽ മൊത്തം ആഭ്യന്തരോൽപാദനത്തിൽ പെട്രോളും ഗ്യാസും ഒഴികെയുള്ള ഖനന മേഖലയുടെ പങ്ക് 0.4 ശതമാനം മാത്രമായിരുന്നു. ആകെ 940 കോടി റിയാലാണ് ഖനന മേഖല മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് സംഭാവന നൽകിയത്. ഇത് 2020 ഓടെ 9,700 കോടി റിയാലായി ഉയർത്തുന്നതിനാണ് വിഷൻ-2030 പദ്ധതി ലക്ഷ്യമിടുന്നത്. 
സൗദിയിൽ 1.3 ട്രില്യൺ റിയാൽ വില കണക്കാക്കുന്ന ലോഹ ശേഖരമുണ്ടെന്നും ഇതിൽ 24,000 കോടി റിയാൽ സ്വർണ ശേഖരമാണെന്നും കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 
സൗദിയിൽ ലോഹ, ധാതു ശേഖരത്തിന്റെ മൂന്നു ശതമാനം മാത്രമാണ് ഇതുവരെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ലോകത്ത് ആകെയുള്ള യുറേനിയം ശേഖരത്തിന്റെ ആറു ശതമാനവും സൗദിയിലാണ്. ദേശീയ എണ്ണക്കമ്പനിയായ സൗദി അറാംകൊയുടെ ഓഹരികൾ വിൽക്കുന്നതിലൂടെ സമാഹരിക്കുന്ന ഭീമമായ തുകയുടെ ഒരു ഭാഗം ഖനന മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് പ്രയോജനപ്പെടുത്തുമെന്നും കിരീടാവകാശി പറഞ്ഞു. 2020 ഓടെ ഖനന മേഖലയിലെ തൊഴിലവസരങ്ങളുടെ എണ്ണം 90,000 ആയി ഉയർത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. 

Latest News