- സൗദി ലീഗിനെ മികച്ചതാക്കാൻ പദ്ധതി
റിയാദ് - സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സൗദി ഫുട്‌ബോൾ ക്ലബ്ബുകൾക്ക് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സഹായം. ക്ലബ്ബുകളുടെ മുഴുവൻ വിദേശ കടകങ്ങളും വീട്ടുന്നതിന് കിരീടാവകാശി നിർദേശം നൽകിയതായി ജനറൽ സ്‌പോർട്‌സ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് അറിയിച്ചു. ലോകകപ്പിൽ പങ്കെടുക്കുന്ന സൗദി ടീമംഗങ്ങൾക്ക് കിരീടാവകാശി ഭീമമായ പാരിതോഷികം നൽകിയിട്ടുണ്ട്. അടുത്ത സീസണിൽ ലോകത്തിലെ മികച്ച റഫറിമാരും സേവനം പ്രയോജനപ്പെടുത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകിയിട്ടുണ്ട്.
രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ലോകത്തെ മികച്ച പത്തു ലീഗുകളിൽ ഒന്നായി സൗദി ലീഗിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഒത്തുകളിയുടെ പേരിൽ ആയുഷ്‌കാല വിലക്ക് പ്രഖ്യാപിക്കപ്പെട്ട ലോകകപ്പ് റഫറി ഫഹദ് അൽമിർദാസിയെ ഫുൾടൈം റഫറിയായി നിയമിക്കുകയും വേതനം നിശ്ചയിക്കുകയും ചെയ്തിരുന്നു. അൽമിർദാസി കൈക്കൂലി ആവശ്യപ്പെട്ടത് സ്‌പോർട്‌സുമായി ബന്ധപ്പെട്ട മാത്രം കേസല്ലെന്നും ശക്തമായ നടപടി സ്വീകരിച്ചതിനെ ഫിഫ പ്രശംസിച്ചിട്ടുണ്ടെന്നും തുർക്കി ആലുശൈഖ് പറഞ്ഞു.
സൗദി ക്ലബ്ബുകൾക്ക് 33.35 കോടി റിയാലിന്റെ വിദേശ കടമാണുള്ളതെന്ന് ഫെഡറേഷൻ സെക്രട്ടറി ജനറൽ ലുഅയ് അൽസുബൈഇ പറഞ്ഞു. താരങ്ങളുടെ വേതന കുടിശ്ശികയായ 32.3 കോടി റിയാലും കിരീടാവകാശി ഏറ്റെടുത്തിട്ടുണ്ട്. അടുത്ത സീസണിൽ വിദേശ റഫറിമാരുടെ സേവനം പ്രയോജനപ്പെടുത്താൻ മൂന്നര കോടി റിയാൽ അനുവദിച്ചു. ക്രൗൺ പ്രിൻസ് കപ്പിൽ കളിക്കുന്ന ക്ലബ്ബുകൾക്ക് 11 കോടി റിയാൽ സഹായം നൽകിയിട്ടുണ്ട്. പ്രൊഫഷനൽ അസോസിയേഷന് രണ്ടര കോടി റിയാൽ അനുവദിച്ചു. പ്രൊഫഷനൽ ക്ലബ്ബുകളിലേക്ക് വിദേശങ്ങളിൽ നിന്ന് കളിക്കാരെയും കോച്ചുമാരെയും റിക്രൂട്ട് ചെയ്യുന്നതിന് 37.5 കോടി റിയാലും നീക്കിവെച്ചിട്ടുണ്ടെന്ന് അൽസുബൈഇ പറഞ്ഞു.