തിരുവനന്തപുരം - ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ എം.പി. എം.എൽ.എയായി പ്രവർത്തിച്ച കാലമാണ് ജനങ്ങളെ കൂടുതൽ സേവിക്കാനായത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരസ്ഥാനത്ത് നിന്ന് മാറ്റുന്നതാകും നല്ലതെന്ന് നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പകരക്കാരന്റെ പേര് തന്റെ മനസിലുണ്ട്. എന്നാൽ അക്കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആയതിനാൽ വെളിപ്പെടുത്താനില്ല. നേതൃത്വം തന്നോട് ആരാഞ്ഞാൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥിയുടെ പേര് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര് സ്ഥാനാർത്ഥിയാകണമെന്ന് നിശ്ചയിക്കുന്നത് പാർട്ടിയും ജനങ്ങളുമാണ്. കോൺഗ്രസ് ഏതെങ്കിലും മതത്തിന്റെ, സമുദായത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന പാർട്ടിയല്ല. മതസാമുദായിക സംഘടനകൾ പാർട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്കുന്ന സ്ഥിയുണ്ടാകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.