Sorry, you need to enable JavaScript to visit this website.

ലവ് ജിഹാദുണ്ടെന്ന് വിശ്വസിക്കുന്നില്ല, മതങ്ങൾക്കതീതമായി വിവാഹം ചെയ്യാം- ജി. സുകുമാരൻ നായർ

കൊച്ചി- ലവ് ജിഹാദുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും മതങ്ങൾക്കതീതമായി ആളുകൾ പരസ്പരം വിവാഹം കഴിക്കുന്നുണ്ടെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.  ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്നത് തെറ്റാണെന്നും ലവ് ജിഹാദിനെക്കുറിച്ച് ഒരു വിഭാഗം ക്രിസ്ത്യൻ സമൂഹം പങ്കുവെയ്ക്കുന്ന ആശങ്ക താങ്കൾക്കുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സുകുമാരൻ നായർ പറഞ്ഞു. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. 
രാഷ്ട്രീയ പാർട്ടികളോട് സമദൂരം പ്രഖ്യാപിച്ച എൻ.എസ്.എസ് എന്തുകൊണ്ടാണ് ശശി തരൂരിനെ മന്നം ജയന്തി പരിപാടിക്ക് ക്ഷണിച്ചതെന്ന ചോദ്യത്തിന് തറവാടി നായരാണ് തരൂർ എന്നാരിയിരുന്നു മറുപടി. അദ്ദേഹം ആഗോള പൗരനാണ്. രാഷ്ട്രീയ അതിർവരമ്പുകൾ മായ്ക്കുന്ന തരൂർ കോൺഗ്രസിനുള്ളിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്ന ആളാണെന്നും വ്യക്തമാക്കി. സാധാരണക്കാരോടൊപ്പം നിൽക്കുന്ന ഒരാളാണ്. അതുകൊണ്ട് അദ്ദേഹത്തെ വെറുമൊരു കോൺഗ്രസുകാരനായി കാണേണ്ടതില്ല. എൻ.എസ്.എസുമായി നേരത്തെ നല്ല അടുപ്പമുണ്ടായിരുന്ന ചില കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാതെ സ്ഥലംവിട്ടു. ചില കോൺഗ്രസ് നേതാക്കൾ തരൂരിന്റെ സാന്നിധ്യം ഇഷ്ടപ്പെട്ടില്ല. ചില കോൺഗ്രസ് നേതാക്കളുടെ മോശം മനോഭാവം മാത്രമാണ് ഇത് കാണിക്കുന്നത്. ദൽഹി നായരെന്ന എൻറെ പ്രസ്താവന തിരുത്താനാണ് തരൂരിനെ ക്ഷണിച്ചത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ പോലും തരൂരിന് കഴിവുണ്ട്. എന്നാൽ സഹപ്രവർത്തകർ അത് അനുവദിക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. 
ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്നത് മന്നത്തു പത്മനാഭൻ പറഞ്ഞു കേട്ടിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. അതിൽ കുറച്ച് സത്യമുണ്ട്. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവരെ നോക്കിയാൽ അത് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുൻപ് വി.ഡി സതീശൻ വന്നുകണ്ടിരുന്നോ എന്ന ചോദ്യത്തിന് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം രണ്ട് മണിക്കൂറോളം തന്നോടൊപ്പം ചെലവഴിച്ചിട്ടുണ്ടെന്ന് ജി സുകുമാരൻ നായർ മറുപടി നൽകി. പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് കേരളത്തിൽ പ്രതിപക്ഷമുണ്ടോ എന്നായിരുന്നു സുകുമാരൻ നായരുടെ മറുചോദ്യം.
 

Latest News