കോട്ടയം - കർണാടക മോഡൽ വിശാല സഖ്യത്തിന് ദേശീയ തലത്തിൽ കോൺഗ്രസ് നീങ്ങുന്നതിനിടെ കേരള കോൺഗ്രസുകൾ പ്രതീക്ഷയിൽ. കഴിഞ്ഞ യുപിഎ ഉന്നതാധികാര സമിതിയിൽ അംഗമായിരുന്ന കേരള കോൺഗ്രസ് എം കോൺഗ്രസ് കേരള നേതൃത്വവുമായി ഉടക്കി വഴിപിരിഞ്ഞ അവസ്ഥയിലാണ്. രണ്ടു പതിറ്റാണ്ടോളം കോൺഗ്രസ് നയിക്കുന്ന മുന്നണിയുടെ ഭാഗമായിരുന്ന കേരള കോൺഗ്രസ് എമ്മിനെ വിശാല മുന്നണിയുടെ ഭാഗമാക്കാൻ കോൺഗ്രസ് ശ്രമിക്കുമെന്നു തന്നെയാണ് വിലയിരുത്തുന്നത്. ഇടതിലേക്ക് അടുക്കാനുളള ശ്രമങ്ങൾക്ക് മങ്ങലേറ്റ കേരള കോൺഗ്രസ് എമ്മിന് കർണാടക സംഭവ വികാസങ്ങൾ വീണ്ടും പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഇടതു ക്യാമ്പിൽ നിന്നും ഉറപ്പു കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കേരള കോൺഗ്രസ് എം. പക്ഷേ സിപിഐ എതിർപ്പ് ഉയർത്തിയതോടെ തൽക്കാലം വിവാദം വേണ്ടെന്ന നിലപാടിലേക്ക് സിപിഎം മാറി. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടാവാം എന്നാണ് ഇപ്പോൾ സിപിഎം നിലപാട്. ഇതിൽ മാണി ഗ്രൂപ്പിന് വിശ്വാസമില്ല. ചെങ്ങന്നൂരിൽ ഇടതുമുന്നണിയെ സഹായിക്കണമെന്നാണ് കേരള കോൺഗ്രസ് നേതാക്കളായ കെഎം മാണിയുടെയും ജോസ് കെ മാണിയുടെയും നിലപാട്. പക്ഷേ ഇക്കാര്യത്തിൽ കഴിഞ്ഞ തവണ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിക്ക് ഏകാഭിപ്രായത്തിലെത്താനായില്ല. തുടർന്ന് തീരുമാനം സബ് കമ്മറ്റിക്ക് വിട്ടിരിക്കുകയാണ്.
ദേശീയ തലത്തിൽ ബിജെപി ബദൽ എന്ന വിശാല പഌറ്റ്‌ഫോമിലേക്ക് കോൺഗ്രസ് നീങ്ങുമ്പോൾ കേരള കോൺഗ്രസ് ഉൾപ്പെടെയുളള പ്രധാന ഘടക കക്ഷികളെ തിരികെ കൊണ്ടുവരണമെന്ന് ദേശീയ നേതൃത്വം ശഠിക്കുമെന്ന് വ്യക്തം. ഇത് മനസ്സിലാക്കിയാണ് കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിന്റെ നീക്കം.
പിണങ്ങിപ്പിരിഞ്ഞ കേരള കോൺഗ്രസ് എമ്മിനെയും യുഡിഎഫ് നിരയിൽ വീണ്ടും എത്തിക്കുന്നത് കേരള ഘടകത്തിന്റെ പ്രതിച്ഛായ വർധിപ്പിക്കുമെന്ന് അറിയാം. ഇത് മനസ്സിലാക്കിയാണ് കെപിസിസി പ്രസിഡന്റ് അടക്കമുളള നേതാക്കാൾ കെഎം മാണിയെ സമീപിക്കുന്നത്. പ്രാദേശിക കക്ഷികളെ കൂടെ നിർത്തണമെന്ന സന്ദേശം കർണാടക തെരഞ്ഞെടുപ്പോടെ രാഹുൽ ഗാന്ധി നൽകിക്കഴിഞ്ഞു. ഭരണം പിടിക്കാൻ മുഖ്യമന്ത്രി പദം വരെ കോൺഗ്രസ് വിട്ടു നൽകിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വവും ഭിന്നത മറന്ന് മാണി കോൺഗ്രസിന് പിന്നാലെ എത്തിയത്.
ഇവിടെ എൽഡിഎഫ് ഉറപ്പു നൽകുന്നില്ലെന്ന് മാത്രമല്ല, യുഡിഎഫ് പക്ഷത്ത് നിലയുറപ്പിക്കണമെന്നാണ് മാണിഗ്രൂപ്പിലെ ജോസഫ് അനുകൂലികളുടെ വാദം. ബാർക്കോഴ കേസിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ എടുത്ത നിലപാടാണ് കേരള കോൺഗ്രസിലെ പ്രബല വിഭാഗത്തിന് കോൺഗ്രസിനോടുളള എതിർപ്പ് വളരാൻ കാരണം. അത്തരത്തിലുളള തെറ്റിദ്ധാരണകൾ പറഞ്ഞു തീർത്ത് കഴിയുമെങ്കിൽ കോൺഗ്രസിനൊപ്പം നിർത്തണമെന്നാണ് ദേശീയ തലത്തിലുളള നിർദേശം. ചെങ്ങന്നൂരിലെ ഫലം കോൺഗ്രസിന് നിർണായകമാണെന്ന സന്ദേശവും ദേശീയ നേതൃത്വം നൽകിക്കഴിഞ്ഞു. ഇതും കോൺഗ്രസ് നേതൃത്വത്തെ ഉണർന്ന് എഴുന്നേൽക്കാൻ പ്രേരിപ്പിച്ച ഘടകമാണ്.