കോഴിക്കോട് - വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ പൂർണഗർഭിണിയെ രക്ഷിക്കാനിറങ്ങിയ ഭർത്താവും അയൽവാസിയും കിണറ്റിൽ കുടുങ്ങി. ഒടുവിൽ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ മൂന്നു പേരെയും രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോഴിക്കോട് കീഴരിയൂരിലാണ് സംഭവം.
ഭർതൃവീട്ടിൽനിന്ന് വെള്ളം കോരുന്നതിനിടെയാണ് പൂർണ ഗർഭിണിയായ അനഘശ്രീ (22) കിണറിൽ വീണത്. തുടർന്ന് രക്ഷിക്കാനായി ഭർത്താവ് മനു (23) കിണറിലേക്ക് ചാടിയെങ്കിലും രക്ഷിക്കാനായില്ല. ശേഷം അയൽവാസിയായ സുധീഷും കിണറിൽ ഇറങ്ങിയെങ്കിലും തിരിച്ചുകയറാനാകാതെ കിണറ്റിൽ കുടങ്ങുകയായിരുന്നു. ബഹളം കേട്ടെത്തിയ പരിസരവാസികൾ ഉടനെ വിവരം കൊയിലാണ്ടി ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് സേനാംഗങ്ങൾ മൂന്നുപേരെയും കരയ്ക്കെത്തിച്ചത്. നിസ്സാര പരുക്കുകളോടെ മൂന്നുപേരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.