വാഷിംഗ്ടണ്‍- ദുബായിലും ദോഹയിലും അധ്യാപകനായിരുന്ന യു.എസ് പൗരന്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ ഫ്‌ളോറിഡയിലെ കോടതിയില്‍ കുറ്റസമ്മതം നടത്തി. ടാംപയിലെ യുഎസ് ഡിസ്ട്രിക്ട് കോടതിയില്‍ നടന്ന വിചാരണയിലാണ് വില്യം ബ്രിന്‍സണ്‍ ബാള്‍ (39) കുറ്റസമ്മതം നടത്തിയത്.
ഏഴു വയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായില്‍നിന്ന് അമേരിക്കയില്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.
ദുബായിലെ സ്വിസ് ഇന്റര്‍നാഷണല്‍ സയിന്റിഫിക് സ്‌കൂളില്‍ സംഗീത അധ്യാപകനായിരുന്ന ഇയാള്‍ അതിനുമുമ്പ് ദോഹയിലെ ഖത്തര്‍ അക്കാദമിയിലും ജോലി നോക്കിയിരുന്നു. ദുബായിലും ഖത്തറിലും ഇയാള്‍ കുട്ടികളെ ചൂഷണം ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മിസിസിപ്പി സ്വദേശിയായ ബാള്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിച്ചാണ് കുട്ടികളെ വലവീശിയിരുന്നതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ നേരത്തെ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. ശിക്ഷ വിധിക്കാനായി ഇയാളെ ഓഗസ്റ്റ് മൂന്നിന് വീണ്ടും കോടതിയില്‍ ഹാജരാക്കും.