റിയാദ്- ഈ മാസം 19ന് കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മെസ്സിയും റോണാള്‍ഡോയും സംഗമിക്കുന്ന റിയാദ് സീസണ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഒരു വിഐപി ടിക്കറ്റ് ലേലത്തില്‍ വില്‍ക്കുന്നു. ബിയോണ്ട് ഇമാജിനേഷന് (സങ്കല്പത്തിനപ്പുറത്ത്) എന്ന പേരിലുള്ള ഈ ടിക്കറ്റിന് പത്ത് ലക്ഷം റിയാല്‍ മുതലാണ് ലേലം വിളി തുടങ്ങിയതെന്ന് സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഗവര്‍ണര്‍ തുര്‍ക്കി ആലു ശൈഖ് ട്വീറ്റ് ചെയ്തു.
പാരീസ് സെന്റ് ജെര്മനിനെതിരെ അല്‍നസര്‍, അല്‍ഹിലാല്‍ ക്ലബ്ബുകള്‍ ഒന്നിക്കുന്ന ടൂര്‍ണമെന്റ് വഴി ലഭിക്കുന്ന വരുമാനം ഇഹ്സാന്‍ പ്ലാറ്റ് ഫോം വഴി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. ഈ അതുല്യമായ വിഐപി ടിക്കറ്റ് ലേലത്തില്‍ ലഭിക്കുന്ന വ്യക്തിക്ക് രണ്ട് ടീമുകള്‍ക്കൊപ്പം ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കാന്‍ അവസരം നല്‍കും. ടൂര്‍ണമെന്റ് വിജയികളെ കപ്പ് നല്കി ആദരിക്കാനും അവസരമുണ്ടാകും. ടീമംഗങ്ങളുടെ ഡ്രസ്സിംഗ് റൂമിലേക്കും പ്രവേശിക്കാം. 17ന് രാത്രി 11.30 വരെയാണ് ലേലം വിളിക്കാന്‍ അവസരം.
ടൂര്‍ണമെന്റിന്റെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നു. 170 രാജ്യങ്ങളില്‍ നിന്ന് ടിക്കറ്റിന് ആവശ്യക്കാരുണ്ടായെന്നും 20 ലക്ഷം കവിഞ്ഞെന്നും ആലു ശൈഖ് പറഞ്ഞു. പാരീസ് സെന്റ് ജെര്മന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും ടിക്കറ്റ് വിറ്റു തീര്‍ന്ന ടൂര്‍ണമെന്റ് ഇതാദ്യമാണ്.
ടിക്കറ്റിന്റെ സിസ്റ്റം പൂര്‍ണമായും നിര്‍ത്തിയിട്ടുണ്ട്. ഓരോ സെകന്റിലും പതിനായിരം മുതല്‍ പതിനയ്യായിരം വരെ പേരാണ് ടിക്കറ്റ് ആവശ്യപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടിക്കറ്റ് അന്വേഷിച്ച് വിളിക്കുന്നതിനാല്‍ എനിക്ക് എന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യേണ്ടിവന്നു. ടിക്കറ്റിനായി എന്റെ ഫോണില്‍ എണ്‍പതിനായിരം സന്ദേശങ്ങളുമെത്തി. പാരീസ് സെന്റ് ജര്‍മന്‍ സിഇഒ നാസര്‍ അല്ഖുലൈഫിയെയും ടിക്കറ്റ് ആവശ്യപ്പെട്ട് നിരവധി പേര് വിളിക്കുന്നു. റിയാദ് സീസണ് 100 ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചാലും ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
അര്‍ജന്റീന താരം മെസ്സിയും പോര്‍ച്ചുഗല്‍ താരം റോണാള്‍ഡോയും 772 ദിവസങ്ങള്‍ക്ക് ശേഷമുള്ള സംഗമമാണിത്.