സുല്‍ത്താന്‍ബത്തേരി-നഗരത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പരിഭ്രാന്തി പരത്തിയ മോഴയാനയെ മയക്കുവെടിവച്ച് പിടിച്ചു മുത്തങ്ങ പന്തിയിലാക്കുന്നതിനു വനസേന നടത്തിയ ശ്രമം വിജയം. ഇന്നു രാവിലെ 9.15 ഓടെ ആനയില്‍ മയക്കുവെടി പ്രയോഗിച്ചു. മയങ്ങിയ ആനയെ കുംകിയാനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി മുത്തങ്ങ പന്തിയിയിലേക്കു കൊണ്ടുപോകും. ആനയെ പാര്‍പ്പിക്കുന്നതിനുള്ള കൊട്ടില്‍ മുത്തങ്ങയില്‍ സജ്ജമാക്കിയിട്ടുണ്ട്. കുപ്പാടി ആര്‍.ആര്‍.ടി റേഞ്ച് ഓഫീസില്‍ നിന്നു ഏകദേശം ഒരു കിലോമീറ്റര്‍ മാറിയാണ് ആന മയങ്ങിവീണ സ്ഥലം. ആന കിടക്കുന്ന സ്ഥലത്തേക്കു മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശനം അനുവദിച്ചിട്ടില്ല.
ആനയെ പിടിക്കുന്നതിനു വനസേന ഇന്നലെ നടത്തിയ ശ്രമം ലക്ഷ്യത്തിലെത്തിയില്ല. വനത്തില്‍ സൗകര്യപ്രദമായ സ്ഥലത്ത് ആനയെ കണ്ടുകിട്ടാത്തതാണ് മയക്കുവെടി പ്രയോഗത്തിനു തടസമായത്. ആന ഉച്ചകഴിഞ്ഞ് കുപ്പാടി ആര്‍.ആര്‍.ടി റേഞ്ച് ഓഫീസില്‍നിന്നു ഏകേദശം 800 മീറ്റര്‍ മാറി മുണ്ടന്‍കൊല്ലി ചതുപ്പു പ്രദേശത്താണ് നിലയുറപ്പിച്ചത്. ഈ സാഹചര്യത്തില്‍ മയക്കുവെടി പ്രയോഗനീക്കം വൈകുന്നേരം നാലോടെ ദൗത്യസംഘം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.
വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, എ.സി.എഫ് ജോസ് മാത്യു, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം, ആര്‍.ആര്‍.ടി റേഞ്ച് ഓഫീസര്‍ എന്‍. രൂപേഷ്, ഫോറസ്റ്റ് വെറ്ററിനറി ഓഫീസറും മയക്കുവെടി വിദഗ്ധനുമായ അരുണ്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ 150 ഓളം പേരടങ്ങുന്ന സംഘമാണ് ആനയെ പിടികൂടുന്നതിന്നുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടത്. തമിഴ്നാട് വനസേന നീലഗിരിയിലെ ദേവാലയില്‍നിന്നു മയക്കുവെടിവച്ചു പിടിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍ക്കാട്ടില്‍ വിട്ട ആനയാണ് ബത്തേരിയില്‍ എത്തിയത്.