കാസര്‍കോട്- കാസര്‍കോട് പെരുമ്പള ബേലൂരിലെ കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. അഞ്ജുവിന്റെ ശരീരത്തില്‍ എലിവിഷം ചെന്നിരുന്നതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതില്‍ രാസപരിശോധന ഫലം കാത്തിരിക്കുകയാണ് പോലീസ്. അഞ്ജുശ്രീ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് കണ്ടെത്തിയിരുന്നു.
ജനുവരി അഞ്ചിന് സ്വകാര്യ ലാബില്‍ നടത്തിയ അഞ്ജുശ്രീയുടെ രക്തപരിശോധനയില്‍ വിഷാംശ സാന്നിധ്യം രേഖപ്പെടുത്തിയിട്ടില്ല. ഏഴാം തീയതിയാണ് അഞ്ജു മരിക്കുന്നത്. എട്ടാം തീയതി നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ വിഷാംശ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. അഞ്ജുവിന്റെ ശരീരത്തില്‍ വിഷം എങ്ങനെ ചെന്നു എന്നു കണ്ടെത്താനുള്ള ശ്രത്തിലാണ് പോലീസ് സംഘം.
സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ ശരീരത്തിലുണ്ടാകുന്ന രാസപ്രക്രിയകളൊന്നും അഞ്ജുവിന്റെ ശരീരത്തിലുണ്ടായിട്ടില്ല എന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ സര്‍ജന്‍ പോലീസിനോട് സൂചിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള വിശദ പരിശോധനയിലാണ് വിഷാംശ സാന്നിധ്യം കണ്ടെത്തുന്നത്. എലിവിഷം പോലുള്ള വിഷാംശം ശരീരത്തില്‍ ചെന്നതിനുള്ള ചില തെളിവുകളും ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കരളിനാണ് ഏറ്റവും കൂടുതല്‍ പ്രശ്നം ഉണ്ടായതെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കരള്‍ അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.
ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ആന്തരികാവയവങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കുകയായിരുന്നു. സാധാരണ ഭക്ഷ്യ വിഷബാധകളില്‍ നിന്ന് വ്യത്യസ്തമായ തെളിവുകളാണ് പുറത്ത് വരുന്നതെന്നും വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാനുമാണ് പോലീസിന്റെ തീരുമാനം.
അഞ്ജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ചില സാഹചര്യത്തെളിവുകള്‍ പോലീസിന് ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന ഇന്നലെ സൂചിപ്പിച്ചിരുന്നു. വിഷാംശം മറ്റേതെങ്കിലും തരത്തില്‍ ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. മരണത്തില്‍ ദുരൂഹതയുള്ള പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ വിശദപരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു. വല്ല കത്തും ലഭിച്ചുവോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ തിരക്കിയപ്പോള്‍ പോലീസ് ഒഴിഞ്ഞു മാറുകയായിരുന്നു.