പൊന്നാനി-ടൂറിസം, ഗതാഗത രംഗങ്ങളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കർമ്മ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായി.പാലത്തിൽ അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിലെ വൈദ്യുതീകരണം കൂടി പൂർത്തിയാവുന്നതോടെ ഫെബ്രുവരിയിൽ പാലം ഗതാഗത്തിനായി തുറന്നു നല്കാൻ കഴിയും. കെൽട്രോണിനാണ് വൈദ്യുതീകരണ ചുമതല നൽകിയിരിക്കുന്നത്. ജനുവരി അവസാന വാരത്തോടെ വഴി വിളക്കുകൾ സ്ഥാപിക്കുന്ന ജോലികൾ ഉൾപ്പടെ പൂർത്തിയാകും. സമീപ റോഡുകളുടേതുൾപ്പെടെ നിർമാണം പൂർത്തിയായിട്ടുണ്ട്.
പുഴയോര പാതയായ കർമ റോഡിനേയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തേയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകേ 330 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചിട്ടുള്ളത്. 12 മീറ്ററോളം വീതിയുള്ള പാലത്തിൽ രണ്ട് മീറ്റർ വീതിയിലുള്ള കൈവരിയോടുകൂടിയ നടപ്പാതയുമുണ്ട്. ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും സമീപ റോഡുണ്ട്. ഇതിനോടനുബന്ധിച്ച് 520 മീറ്റർ ഹാർബർ റോഡും നവീകരികരിച്ചിട്ടുണ്ട്.36.28 കോടി ചെലവഴിച്ചാണ് പാലവും സമീപന റോഡും നിർമിച്ചത്.ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങങ്ങൾ പ്രകാരമാണ് നിർമാണം. പാലത്തിന്റെ മധ്യഭാഗത്ത് തൂണുകൾക്ക് 45 മീറ്റർ വീതിയും ആറുമീറ്റർ ഉയരവുമുണ്ട്. കനോലി കനാലിലൂടെയുള്ള ബോട്ട് സർവീസുകൾക്ക് തടസമുണ്ടാകാതിരിക്കാനാണിത്. ഭാവിയിൽ കനാലിൽ വരാനിടയുള്ള ജലഗതാഗത സാധ്യതകൾ മുന്നിൽക്കണ്ടാണ് പാലം നിർമിച്ചിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. പാലം യാഥാർഥ്യമാകുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്നതിനൊപ്പം നിളയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യുന്നതിനും ഈ വഴി സഹായകമാകും.