കോഴിക്കോട്- സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാദികളെന്ന് ചിത്രീകരിക്കാനുള്ള ശ്രമം രാജ്യത്ത് ബോധപൂര്‍വം ചിലര്‍ നടത്തുന്നുണ്ട്. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റില്ല. സ്വാഗത ഗാനത്തില്‍ ചുമതലവഹിച്ചയാളുടെ സംഘപരിവാര്‍ ബന്ധം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു മതവിഭാഗത്തെ തീവ്രവാദികളാക്കാനുള്ള ശ്രമം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാനോ കലോത്സവത്തിന്റെ ജനകീയ പങ്കാളിത്തം ഇല്ലാതാക്കാനോ ശ്രമം നടന്നോയെന്ന് പരിശോധിക്കുമെന്നും റിയാസ് പറഞ്ഞു. കലോത്സവ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തില്‍ മുസ്‌ലിം വിരുദ്ധതയുണ്ടെന്ന ആരോപണത്തിലാണ് മന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഇതില്‍ ഒരു കാര്യവുമില്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ പ്രതികരണം. സ്വാഗതസംഘത്തിലും സ്‌ക്രൂട്ടിനി കമ്മിറ്റിയിലുമെല്ലാം മന്ത്രി റിയാസിന്റെ പാര്‍ട്ടിയില്‍ പെട്ട ആള്‍ക്കാരായയിരുന്നുവല്ലോയെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.